Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊയ്ത്തിന് ആളില്ല; നെല്ലുപേക്ഷിച്ച് കർഷകർ

ചെറിയനാട് ∙ കൊയ്ത്തിന് ആളെ കിട്ടാതായതോടെ 50 ഏക്കർ പാടത്തെ നെല്ല് കർഷകർ ഉപേക്ഷിച്ചു. ചെറിയനാട് കരിപ്പുറം, കോപ്പായി പാടശേഖരത്തിൽ പെട്ട 50 ഏക്കറിലെ നെല്ലാണ് കർഷകർ കൊയ്തെടുക്കാതെ ഉപേക്ഷിച്ചത്. വർഷങ്ങളായി തരിശുകിടന്ന പാടം 114 നിലം ഉടമകൾ ചേർന്നു രൂപീകരിച്ച പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നിന്നുമെത്തിയ കർഷക സംഘത്തെ കൃഷി ചെയ്യാൻ ഏൽപിച്ചത്. വിത്തിടീൽ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. 

പിന്നീട് വരിനെല്ല്, കളകൾ, പറവകൾ പ്രകൃതി ദുരിതങ്ങളെയുമെല്ലാം അതിജീവിച്ചാണ് ഇവിടുത്തെ കർഷകർ കൃഷി ചെയ്തു നൂറുമേനി വിളവു ലഭിച്ചത്. വൈകിയെത്തിയ മഴയും കാറ്റും കാരണം പാടത്തു വെള്ളവും കെട്ടിനിന്നു. ഇവിടേക്കു കൊയ്യാനെത്തിയ മെഷീനുകൾ 20 ഏക്കറിലെ നെല്ലു മാത്രമെ കൊയ്യാനായുള്ളു. ശേഷിച്ച നെല്ല് ഇവിടെ കൊയ്യാനാവാതെ കിടന്നു നശിച്ചു തുടങ്ങിയത്. പാടശേഖരസമിതിക്കാർ ആളിറക്കി കൊയ്യുന്നതിനും ശ്രമം നടത്തിയെങ്കിലും അമിതമായ കൂലി കാരണം അതും ഉപേക്ഷിച്ചു.

ഒരാൾ ഒരു ദിവസം കൊയ്യുന്നതിന് ആയിരം രൂപയാണു കൂലി ആവശ്യപ്പെട്ടത്. ആകെ കണക്കു കൂട്ടുമ്പോൾ മുടക്കിയതിനും കിട്ടുന്ന വരുമാനത്തിന്റെയും ഇരട്ടിയിലധികം ചെലവാകുമെന്നതിനാൽ അതും വേണ്ടെന്നു വച്ചു. 800 രൂപ നിരക്കിൽ കൊയ്യാമെന്നു പറഞ്ഞു കൊയ്ത്തുകാരെത്തിയെങ്കിലും അതിലും ഭേദം ഈ 50 ഏക്കർ കൊയ്യാനുള്ള നെല്ല് ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണു കൊയ്തെടുക്കൽ പദ്ധതി പൂർണമായും ഉപേക്ഷിച്ചതെന്നു പാടശേഖര സമിതി സെക്രട്ടറി ബാലകൃഷ്ണക്കുറുപ്പ് അറിയിച്ചു.