Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കച്ചുള ഉണക്കാം; ചക്കപ്പൊടിയുണ്ടാക്കാം

jackfruit11

ചക്കവിഭവങ്ങൾ കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് നല്ലതെന്നു തെളിഞ്ഞതോടെ ഈ രംഗത്ത് പുത്തൻ സംരംഭ സാധ്യതകൾ

ആരോഗ്യസംരക്ഷണത്തിന് വിശേഷിച്ച് പ്രമേഹ നിയന്ത്രണത്തിന് ചക്കവിഭവങ്ങൾ കഴിക്കുന്നതു നല്ലതാണെന്ന തിരിച്ചറിവ് ഇന്നു പൊതുവേയുണ്ട്. ചക്കയുടെ മൂപ്പനുസരിച്ച്  വിവിധ തരം ഉൽപന്നങ്ങൾ ഇതുകൊണ്ടു തയാറാക്കാം. എന്നാൽ സംസ്കരണത്തിന് ഏറ്റവും നല്ല പരുവം നാലു – നാലര മാസം മൂപ്പാണ്. മികച്ച ശ്രേണിയിലുള്ള അന്നജം, നിറയെ ഭക്ഷ്യനാരുകൾ, പൊട്ടാസ്യം പോലുള്ള മൂലകങ്ങളുടെ സാന്നിധ്യം എന്നിവ ഈ പരുവത്തിൽ ചക്കയെ വിശിഷ്ടമാക്കുന്നു. മറ്റ് അന്നജ ഭക്ഷണങ്ങളെ അപേക്ഷിച്ച് ചക്കയുടെ ഊർജമൂല്യം വളരെ കുറവാണ്.

നൂറു ഗ്രാം അരിയിലും ഗോതമ്പിലും 348 കാലറി ഊർജമുള്ളപ്പോൾ ചക്കയിലുള്ളത് 51 കാലറി മാത്രം. ഭക്ഷ്യനാരുകളുടെ സാന്നിധ്യം ഊർജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നതിനാൽ ശരീരത്തിൽ ഇൻസുലിന്റെ ഉൽപാദനവും അതനുസരിച്ച് ക്രമീകരിക്കപ്പെടും. ഊർജത്തിന്റെ അളവ് കുറവായതിനാൽ ഇൻസുലിന്റെ ആവശ്യകതയും കുറയും. ചക്ക കഴിച്ചാൽ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ വയറു നിറഞ്ഞിരിക്കുന്നുവെന്നു തോന്നലുണ്ടാകും. ചക്കയിലെ ഭക്ഷ്യനാരുകൾ ശരീരത്തിൽനിന്ന് കൊഴുപ്പിനെയും മറ്റു മാലിന്യങ്ങളെയും ആഗിരണം ചെയ്തു പുറന്തള്ളുന്നു. നാല് – നാലര മാസം മൂപ്പുള്ള ചക്കയിലാണ് ഈ ഗുണങ്ങളെല്ലാം കൂടുതലുള്ളത്. അതിനാൽ ഈ പരുവത്തിലുള്ള  ചക്ക സംഭരിച്ചു സംസ്കരിച്ച് ഉൽപന്നങ്ങൾ തയാറാക്കുന്നതാണ് അഭികാമ്യം. 

Dry-Jack

പച്ചച്ചക്ക സുലഭമായ കാലത്ത് സംരംഭത്തിനു വേണ്ടതു സംഭരിച്ചു വയ്ക്കണം. ചുളകൾ ഉണക്കിയും റിട്ടോർട്ടിങ് (ചൂടാക്കി അണുനശീകരണം നടത്തി അനുയോജ്യമായ പായ്ക്കറ്റുകളിൽ നിറച്ചു സൂക്ഷിക്കൽ) രീതിയിലും ഉപ്പിലിട്ടും സൂക്ഷിക്കാം. ഉണക്കി സൂക്ഷിക്കുന്നതാണ് കൈകാര്യം ചെയ്യാൻ സൗകര്യപ്രദം. ഉണക്കുന്നതിന് സോളാർ ഡ്രയർ, ഇലക്ട്രിക് ഡ്രയർ, കാർഷികാവശിഷ്ടങ്ങൾ ഇന്ധനമാക്കാവുന്ന ഡ്രയർ, ബെൽറ്റ് ഡ്രയർ എന്നിവ ഉപയോഗിക്കാം. ഇന്ധന ഉപയോഗം കുറഞ്ഞതും നമ്മുടെ സാഹചര്യങ്ങൾക്കിണങ്ങുന്നതുമായ ഡ്രയർ വാങ്ങുന്നതാണ് നല്ലത്.

ചക്ക സംസ്കരണം

ക്ഷതമേൽക്കാത്ത വിധം പറിച്ചെടുത്ത ചക്കയുടെ ചുളകള്‍ അഞ്ച് – ആറു മണിക്കൂറിനുള്ളിൽ ഉണക്കാന്‍ തുടങ്ങണം. ഈ പ്രായത്തിലുള്ള ചക്ക പെട്ടെന്നു പഴുക്കാനിടയുണ്ട്. വിളവെടുത്ത ചക്കയുടെ പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും നീക്കി വൃത്തിയാക്കിയതിനുശേഷം കട്ടിങ് മെഷീൻ ഉപയോഗിച്ച് ചെറു കഷണങ്ങളാക്കി മുറിച്ച് ചുള അടർത്തിയെടുക്കണം. അടർത്തിയെടുത്ത ചുളകൾ ചെറു കഷണങ്ങളാക്കി കുട്ടയിലോ ദ്വാരമുള്ള പാത്രങ്ങളിലോ (കണ്ണോപ്പ) നിറച്ച് തിളയ്ക്കുന്ന വെള്ളത്തിൽ മൂന്നു – നാലു മിനിറ്റ് മുക്കി വച്ചതിനുശേഷം പുറത്തെടുക്കുക. തുടർന്ന് ഉടൻ തന്നെ പച്ചവെള്ളത്തിലും മുക്കിയെടുക്കണം. അധികം വെന്തു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അൽപനേരം വെള്ളം വാർന്നു പോകാൻ വച്ചതിനുശേഷം ഡ്രയറിലേക്കു മാറ്റുക. 50–60 ഡിഗ്രി സെൽഷ്യസിൽ ഉണക്കാൻ ശ്രദ്ധിക്കണം.മഴക്കാലത്തു വിളവെടുക്കുന്ന ചക്കയിൽ ജലാംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ അത് ഉണക്കുമ്പോൾ തിളച്ച വെള്ളത്തിൽ മുക്കുന്നതിനു പകരം ആവിയിൽ ചൂടാക്കിയാൽ മതി. ഇങ്ങനെ ചൂടാക്കിയതിനുശേഷം ഉടൻ ഡ്രയറിലേക്കു മാറ്റി ഉണക്കിയെടുക്കണം.

ഉണക്കിയ ചക്കച്ചുളകൾ വൃത്തിയും ആകർഷകത്വവുമുള്ള പായ്ക്കറ്റുകളിൽ നിറച്ച് വിപണനം ചെയ്യാം, ഉപഭോക്താക്കളുടെ സൗകര്യാർഥം പൊടിയാക്കിയും വിപണിയിലിറക്കാം.ചക്കപ്പൊടി  ഉപയോഗിച്ച് പ്രാതൽവിഭവങ്ങളായ പുട്ട്, ഉപ്പുമാവ്, അൽപം ഗോതമ്പുമാവ് ചേർത്ത് ചപ്പാത്തി, അരിമാവിനൊപ്പം ചേർത്ത് ദോശ, ഇഡ്ഡലി എന്നിവയും ബേക്കറി ഉൽപന്നങ്ങളായ കുക്കീസ്, ബിസ്കറ്റ്, കേക്ക് എന്നിവയും നാടൻ പലഹാരങ്ങളായ മുറുക്ക്, പക്കാവട, സേവ, മിക്സ്ചർ എന്നിവയും ഉണ്ടാക്കാം.പ്രമേഹം, അമിത കൊളസ്ട്രോൾ എന്നിവയുള്ളവർ അരിമാവിനും ഗോതമ്പിനുമൊപ്പം ചക്കപ്പൊടി ചേർത്ത് പ്രാതൽ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് ഗുണകരമാണ്.

ചക്കച്ചുള ഉണക്കലും ചക്കപ്പൊടി നിർമാണവും സംരംഭത്തിനു ചില യന്ത്രസാമഗ്രികൾ ഒരുക്കേണ്ടതുണ്ട്. ചക്ക മുറിക്കുന്നതിനും ചെറുകഷണങ്ങളാക്കുന്നതിനും കട്ടിങ് മെഷീൻ, ചുള ഉണങ്ങുന്നതിനു ഡ്രയർ, ചക്ക പൊടിയാക്കുന്നതിനു പൾവറൈസർ, സീലിങ് മെഷീൻ എന്നിവ ആവശ്യമാണ്.മറ്റേതൊരു സംരംഭത്തിലുമെന്നതുപോലെ ഭക്ഷ്യസുരക്ഷ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവ ഇതിനും വേണം.