Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ കർഷകർ ആശങ്കയിൽ; കുരുമുളക് കള്ളക്കടത്ത്

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അളവു സംബന്ധിച്ച പ്രവചനങ്ങളെ അടിസ്‌ഥാനമാക്കിയുള്ള പ്രതീക്ഷകളായിരുന്നു മേയിൽ കാർഷികമേഖലയിൽ നിറഞ്ഞുനിന്നതെങ്കിൽ കടന്നു പോയ മാസം പെയ്‌തിറങ്ങിയത് അളവില്ലാത്ത ആശങ്കകളായിരുന്നു: ഏലം, തേയില കർഷകർക്ക് അതിവർഷത്തിൽ കൃഷി നശിക്കുമോ എന്ന ആശങ്ക; റബർ കർഷകർക്ക് ഉൽപാദനത്തിന് ഇറക്കുമതി ഭീഷണിയാകുമോ എന്ന ആശങ്ക; കുരുമുളകു കൃഷിക്കാർക്ക് കള്ളക്കടത്തു പെരുകുന്നതില്‍ ആശങ്ക.

റബർ

ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണത്തിൽ ഇളവു വരുത്തിക്കൊണ്ടു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനമാണു റബർ കർഷകരെ ആശങ്കയിലാഴ്‌ത്തിയത്. വിലയിടിവിൽ വിഷമിക്കുന്ന കർഷകരെ കൂടുതൽ പ്രയാസത്തിലാക്കുന്ന നടപടിയാണിതെന്നു കർഷക സംഘടനകൾ.

ഏതു തുറമുഖം വഴിയും ‘അഡ്വാൻസ ് ഒാതറൈസേഷൻ’ പദ്ധതിപ്രകാരം സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്നതാണു കേന്ദ്ര ഉത്തരവ്. പദ്ധതിയുടെ പ്രത്യേകത നികുതി അടയ്‌ക്കാതെ ഇറക്കുമതി നടത്താമെന്നതാണ്. എന്നാൽ അസംസ്‌കൃതവസ്‌തു എന്ന നിലയിൽ ഇറക്കുമതി ചെയ്യുന്ന റബർ ആറു മാസത്തിനകം ഉൽപന്നമാക്കി കയറ്റുമതി ചെയ്‌തിരിക്കണം എന്നു പദ്ധതി വ്യവസ്‌ഥ ചെയ്യുന്നു. ഈ വ്യവസ്‌ഥ കൃത്യമായി പാലിക്കപ്പെടില്ലെന്നും പദ്ധതിയുടെ മറവിൽ വൻതോതിൽ ഇറക്കുമതി നടക്കുമെന്നുമാണു കർഷകരുടെ ആശങ്ക. ഇന്ത്യയിലെ റബർ ഉൽപാദനത്തിന്റെ 95 ശതമാനവും നിറവേറ്റുന്നതു ചെറുകിടകർഷകരാണെന്നിരിക്കെ അവരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ നിലപാടാണു സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഇൻഫാം ആരോപിക്കുന്നു. 

അതിനിടെ, കനത്ത മഴ റബർ ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണു സൂചന. മേയ്–ജൂൺ കാലയളവിൽ  40,000 ടൺ റബറാണു സാധാരണ ഗതിയിൽ ഉൽപാദിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ ഇതിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് അനുമാനം. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ആർഎസ്‌എസ് നാലിന്റെ വില ക്വിന്റലിന് 12,600 രൂപയും ആർഎസ്‌എസ് അഞ്ചിന്റെ വില12,150 രൂപയുമാണ്. 

കുരുമുളക്

രാജ്യത്തെ വിവിധ വിപണികളിൽ കേരളത്തിൽനിന്നുള്ള ഉൽപന്നത്തെ പിൻതള്ളി കള്ളക്കടത്തായെത്തുന്ന കുരുമുളക് സുലഭം. വിയറ്റ്‌നാമിൽനിന്നു നേപ്പാൾ വഴി എത്തുന്ന കുരുമുളകാണ് ഇത്. ഗുണമേന്മയില്ലെങ്കിലും വിലക്കുറവാണ് ഇതിന്റെ മുഖ്യ ആകർഷണം. വിയറ്റ്‌നാം കുരുമുളക് കുറഞ്ഞ വിലയ്ക്കും  വേണ്ടത്ര അളവിലും ലഭിക്കുമെന്നു വന്നതോടെ കൊച്ചി വിപണിയിൽ ഉൽപന്നത്തിന്റെ വരവുഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വിലയിലും വലിയ ഇടിവാണുണ്ടായിരിക്കുന്നത്. ഒരു മാസത്തിനിടയിൽ ക്വിന്റലിന് 1200 രൂപയുടെ ഇടിവ്.

ജൂൺ നാലാം വാരം അവസാനിക്കുമ്പോൾ ഗാർബിൾഡ്  കുരുമുളകിന്റെ വില ക്വിന്റലിന് 37,600 രൂപയായിരുന്നു. അൺഗാർബിൾഡിന്റെ വില 35,600 രൂപയും. 

രാജ്യാന്തരവിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ വില കൂടിയ നിലവാരത്തിൽ തുടരുകയാണ്: 5850 യു എസ് ഡോളർ. വിയറ്റ്‌നാം കുരുമുളകിനു 3000 ഡോളർ മാത്രം. ശ്രീലങ്ക 4300 ഡോളർ. ബ്രസീലിന്റെ നിരക്ക് 3800 ഡോളറായിരുന്നെങ്കിൽ ഇന്തൊനീഷ്യയുടേതു 3500 ഡോളറായിരുന്നു.

വെളിച്ചെണ്ണ

മഴക്കാലമായതിനാൽ കേരോൽപന്നങ്ങളുടെ വിലനിലവാരത്തിൽ വർധനയാണു പ്രതീക്ഷിച്ചതെങ്കിലും മറിച്ചാണുണ്ടായത്. തമിഴ്‌നാട്ടിൽനിന്നുള്ള ഉൽപന്ന വരവു  കുറഞ്ഞിട്ടും കേരള വിപണിയിൽ വില മെച്ചപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. ഈ അവലോകനം തയാറാക്കുമ്പോൾ കൊച്ചിയിലെ വിലനിലവാരം: വെളിച്ചെണ്ണ(മില്ലിങ്) ക്വിന്റലിന്18,500 രൂപ. തയാർ വില 17,100 രൂപ. കൊപ്ര വില ക്വിന്റലിന് 11,385 രൂപ. പിണ്ണാക്ക് എക്‌സ്‌പെല്ലർ 2300 രൂപ. 

ജാതിക്ക, ഗ്രാമ്പൂ

ജാതിക്കായ്ക്കു മുൻ മാസത്തെ അപേക്ഷിച്ചു ജൂണിൽ വിലക്കുറവാണ് അനുഭവപ്പെട്ടത്. ജാതിക്ക (തൊണ്ടൻ) വില കിലോയ്ക്ക് 130 –170 രൂപ. തൊണ്ടില്ലാതെ 280 –320 രൂപ. ജാതിപത്രി ചുവപ്പ് 300 രൂപയിലേക്കു താഴ്‌ന്നു. മഞ്ഞ 450 രൂപയിലെത്തി. ഗ്രാമ്പൂവിനു വില കൂടി. ഗ്രാമ്പൂ(നാടൻ) വിനു  മേയില്‍ 690 രൂപയായിരുന്നെങ്കിൽ ജൂൺ അവസാനത്തോടെ 735 രൂപയിലെത്തി.