Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽകൃഷിയുടെ സഹയാത്രികർ

IMG_9519

പാഠങ്ങളും പരിശീലനങ്ങളും നൽകി തെലങ്കാനയിലെ കർഷകർക്ക് തുണനിൽക്കുന്ന സർക്കാർ സ്ഥാപനം

തെലങ്കാനയിലെയും ആന്ധ്രയിലെയും കർഷകർക്കിടയിൽ ജൈവകൃഷിക്കും ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ കൃഷിരീതികൾക്കും പ്രചാരം ലഭിക്കുന്നതിനു പിന്നിൽ ഹൈദരാബാദ് രാജേന്ദ്രനഗറിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് (NIPHM) എന്ന സ്ഥാപനത്തിന് വലിയ പങ്കുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ളNIPHM ന്റെ ദൗത്യം സുസ്ഥിരകൃഷിയിലുള്ള ഗവേഷണവും പരിശീലനവുമാണ്. 

വിളയുടെ ആരോഗ്യകരമായ വളർച്ച, വിളപരിപാലനം, കീടനിയന്ത്രണം, ജീവാണുവളങ്ങളുടെ നിർമാണം, മണ്ണിരക്കമ്പോസ്റ്റ് നിർമാണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ കർഷകർക്കും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന പഠന,പരിശീലനങ്ങൾ ഒട്ടേറെ സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് NIPHM ലെ അസിസ്റ്റന്റ് സയന്റിഫിക് ഒാഫിസർ പി. ശക്തിവേൽ. ‘കൃഷിയിൽ നേരിടുന്ന എല്ലാ വെല്ലുവിളികൾക്കും ജൈവമാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനുള്ള പഠന പ്രവർത്തനങ്ങളാണ് നടക്കുന്നത്. രാസവളങ്ങളും രാസകീടനാശിനികളും, തീർത്തും രക്ഷയില്ലാത്ത ഘട്ടത്തിൽ മാത്രം ശുപാർശ ചെയ്യുക’, ശക്തിവേലിന്റെ വാക്കുകൾ. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയുമെല്ലാം വില ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഉൽപാദനം കുറയാതെ  കൃഷിച്ചെലവു കുറയ്ക്കുക എന്നതും പ്രധാനമാണ്. 

9_1

കേരളത്തിലെ കൃഷി ഒാഫിസർമാർക്ക് പരിശീലനം നൽകുന്ന പദ്ധതിയും NIPHM ൽ  നടന്നു വരുന്നു. കേരളത്തിലെ പല കൃഷിഭവനുകളും ട്രൈക്കോഡെർമ, സ്യൂഡോമോണാസ് തുടങ്ങിയ ജീവാണുവളങ്ങളുടെ നിർമാണത്തിൽ കർഷകർക്കു പരിശീലനം നൽകിത്തുടങ്ങിയതു NIPHM ൽ നിന്നു ലഭിച്ച അറിവുകൾ പ്രയോജനപ്പെടുത്തിയാണ്. ഇക്കോളജിക്കൽ എന്‍ജിനീയറിങ് എന്ന ആശയത്തിന് വലിയ പ്രചാരം കൊടുത്തതിലും ഈ സ്ഥാപനത്തിന് വലിയ പങ്കുണ്ട്. കൃഷിയിടത്തെ പ്രകൃതിയിൽനിന്നു ഭിന്നമായി കാണാതെ, പരസ്പരമുള്ള കൊടുക്കൽവാങ്ങലുകളിലൂടെ കൃഷിയിലെ വെല്ലുവിളികളെ പരിഹരിക്കുന്നു ഇക്കോളജിക്കൽ എന്‍ജിനീയറിങ്. കൃഷിയിടത്തിൽ ബന്ദിയും സൂര്യകാന്തിയുംപോലുള്ള പൂച്ചെടികൾ വളർത്തി കീടങ്ങളെ അതിലേക്ക് ആകര്‍ഷിച്ചു  വിളകളെ സംരക്ഷിക്കുന്ന രീതി ഉദാഹരണം. കേരളത്തിലിന്ന് ഒട്ടേറെ കർഷകർ ഈ രീതി വിജയകരമായി ചെയ്യുന്നുണ്ട്. തെലങ്കാനയുൾപ്പെടെയുള്ള മേഖലകളിൽ ജൈവകർഷകർക്കിടയിൽ ഈ രീതിക്ക് വലിയ പ്രചാരമുണ്ട്.  

കൃഷി ബിരുദധാരികൾക്കുള്ള ഒരു വർഷം നീളുന്ന  ഡിപ്ലോമ കോഴ്സുകളും  കൃഷിക്കാർക്കായി ജൈവ നിയന്ത്രണോപാധികളുടെ നിർമാണം, ജൈവകൃഷി തുടങ്ങിയവയില്‍ പരിശീലനവും ഇവിടെ നല്‍കിവരുന്നു. 

വെബ്സൈറ്റ്: niphm.gov.in