മങ്കരയിൽ വെള്ളത്തിലായി നൂറേക്കർ നിലം

മങ്കര കണ്ണമ്പരിയാരം ചാത്തകഴായ തോടു തകർന്നു വെള്ളം കൃഷിയിടത്തിലേക്കൊഴുകുന്നു

പത്തിരിപ്പാല ∙ രണ്ടു ദിവസമായി തുടരുന്ന കനത്തമഴയത്ത് മങ്കര പഞ്ചായത്തിൽ നെൽകൃഷി വ്യാപകമായി വെള്ളം കയറി.  കണ്ണമ്പരിയാരം ചാത്തകഴായ തോട് തകർന്നതോടെയാണ് നാശനഷ്ടം വർധിച്ചത്.  ആറിടങ്ങളിലായി തോട് പൊട്ടിയതോടെ വെള്ളം കുത്തിയൊഴുകിയാണ് നടീൽ വെള്ളത്തിലായത്. ഓരാമുള്ളി,  കണ്ണമ്പരിയാരം, തരുവത്ത്, തരുവനത്ത് പനമ്പിരണ്ടി, കാടങ്കോട്, അതിർക്കാട് പാടശേഖരസമിതികളിലായി നൂറിലധികം ഏക്കർ കൃഷിയാണ് വെള്ളം മൂടികിടക്കുന്നത്.  

പൊടി വിത നടത്തിയ കൃഷിയിടങ്ങളിൽ മാസങ്ങൾക്കു മുമ്പ് വെള്ളം കയറി നശിച്ചതിനെ തുടർന്നു വീണ്ടും ഞാറിട്ടു വിളയിറക്കിയതായിരുന്നു. കൃഷിയിടങ്ങളിലെ വരമ്പുകൾ തകർന്നു നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ചാത്തകഴായ തോട് നവീകരിക്കുന്നതിലെ അപാകതയാണ് ആറിടങ്ങളിലായി ബണ്ടു തകരാൻ കാരണമായിരിക്കുന്നത്.  

തോടിലെ നവീകരണം പലയിടത്തും പൂർണമായി ചെയ്യാത്തതും വിനയായിമാറി.  ചാലിലൂടെ മണ്ണു വന്നു മൂടിയതോടെ മിക്കയിടത്തും ഒന്നാം വിള നശിച്ചിരിക്കയാണ്. പഞ്ചായത്ത്–കൃഷിഭവൻ അധികൃതരും സ്ഥലം സന്ദർശിച്ചു.   വെള്ളം മൂടി വിള നശിച്ച കർഷകർക്കു ധനസഹായം ലഭ്യമാക്കണമെന്നു കർഷകസംഘം ഏരിയാ പ്രസിഡന്റ് എം.നാരായണൻകുട്ടി ആവശ്യപ്പെട്ടു.