വിളവെടുപ്പുകാലമായി; സൂര്യകാന്തിപ്പൂക്കൾ കൊഴിയുന്നു

അതിർത്തിക്കപ്പുറം നോക്കെത്താ ദൂരത്ത് വിസ്മയകാഴ്ചയൊരുക്കിയ സൂര്യകാന്തിശോഭ വിളവെടുപ്പാരംഭിച്ചതോടെ ഇല്ലാതാകുന്നു. ഇനി അടുത്ത പൂക്കാലത്തിനായി കാത്തിരിക്കുകയാണു സൂര്യകാന്തിപ്പാടങ്ങൾ. പൂക്കുന്നത് മുതൽ ഒരുമാസത്തിലധികം സൂര്യപ്രഭ ചൊരിഞ്ഞ് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന സൂര്യകാന്തിപ്പൂക്കൾ കൊഴിഞ്ഞു. നാലുമാസം മാത്രം ആയുസ്സുള്ള സൂര്യകാന്തിയുടെ വിളവെടുപ്പ് എല്ലായിടത്തും സജീവമായി.വലിയ പൂക്കളെ മനോഹരമാക്കിയിരുന്ന മഞ്ഞ ഇതളുകൾ മൂപ്പെത്തി വാടിക്കൊഴിഞ്ഞാൽ പിന്നെ ചെടിയിൽ വിത്ത് മാത്രമാകും. വലുപ്പമുള്ള വിത്തിനുള്ളിൽ നിറയെ സൂര്യകാന്തി അരികളുണ്ടാവും.

സൂര്യകാന്തി എണ്ണയിൽ പാചകം

എണ്ണയെടുക്കാനാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. മലയാളികൾ വെളിച്ചെണ്ണയ്ക്ക് നൽകുന്ന പ്രാധാന്യം കർണാടകയിൽ സൂര്യകാന്തി എണ്ണയ്ക്കുമുണ്ട്. കൊഴുപ്പിന്റെ അംശമില്ലാത്ത സൂര്യകാന്തി എണ്ണ പാചകത്തിനും പലഹാരനിർമാണത്തിനും ഉപയോഗിക്കുന്നു. കൃഷിയിടത്തിൽനിന്ന് മുറിച്ചെടുക്കുന്ന സൂര്യകാന്തി യന്ത്രമുപയോഗിച്ച് മെതിച്ച് അതിലെ എണ്ണക്കുരു വേർതിരിച്ചെടുത്ത് ഉണക്കിയെടുക്കും.

നിശ്ചിത ശതമാനം ഉണക്കുള്ള ധാന്യം അംഗീകൃത ഏജൻസികൾ വഴി വിൽക്കുകയാണ് പതിവ്. ഇക്കൊല്ലം കിലോയ്ക്ക് 35 രൂപയാണ് വില. കഴിഞ്ഞ വർഷം 45 രൂപ ലഭിച്ചിരുന്നുവെന്ന് കർഷകർ പറയുന്നു. മെച്ചപ്പെട്ട കാലാവസ്ഥ ലഭിച്ചതിനാൽ ഇക്കൊല്ലം കൃഷി കൂടുതലുണ്ട്. കുറയാൻ കാരണവും അതുതന്നെ.വരൾച്ചയെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ സൂര്യകാന്തിയടക്കം എല്ലാ ധാന്യങ്ങളുടെയും ഉൽപാദനം കുറഞ്ഞിരുന്നു.

ജൈവവളത്തിലെ വസന്തശോഭ

ഒരേക്കറിൽ നിന്ന് പരമാവധി അ‍ഞ്ചുക്വിന്റൽ ധാന്യം ലഭിക്കും. 12,000 രൂപവരെ കൃഷിക്ക് ചെലവാകും. ജൈവവളം മാത്രമാണ് സൂര്യകാന്തിക്ക് ഉപയോഗിക്കുക. രാസ–കീടനാശിനി ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യയെണ്ണയായതിനാൽ പരിശോധിച്ച ശേഷമാണ് കൃഷിക്കാരിൽ നിന്ന് ഏജൻസികൾ ഉൽപന്നം വാങ്ങുക.

വിത്തു നട്ട് കഴിഞ്ഞാൽ രണ്ടുതവണ കാടുനീക്കി ചാണകമിടുന്ന പണി മാത്രമേ സൂര്യകാന്തി കൃഷിക്ക് ആവശ്യമുള്ളൂ. മൈസൂരു ജില്ലയിലെ ചാമരാജ് നഗർ, ഗുണ്ടൽപേട്ട്, നഞ്ചൻഗോഡ്, എച്ച്.ഡി.കോട്ട താലൂക്കുകളിലാണ് സൂര്യകാന്തി പ്രധാനമായും കൃഷി ചെയ്യുന്നത്.

സൂര്യകാന്തിപ്പാടത്തിന്റെ വർണവിസ്മയം കാണാൻ നിരവധിയാളുകളെത്തുന്നുണ്ട്. വഴിയാത്രക്കാരെല്ലാം പാടങ്ങളിൽ ഇറങ്ങിനിന്ന് സെൽഫിയെടുത്ത് മടങ്ങുന്നതും പാടത്തെ കാഴ്ചയാണ്.