Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടശേഖരങ്ങളിലെ പോള നെൽകൃഷിക്ക് ഭീഷണി

kottayam-manakyachira-01

ചങ്ങനാശേരി ∙ അപ്പർ കുട്ടനാട്ടിലെ നെൽകർഷകർക്കു പോളശല്യം ദുരിതമാകുന്നു. പുഞ്ചക്കൃഷിക്കായി  നിലമൊരുക്കുന്ന  ജോലികളിലേക്കു  കടക്കാനൊരുങ്ങുന്ന കർഷകരാണു വയലുകളുടെ  നാലുചുറ്റും  പരന്നുകിടക്കുന്ന  പോളയെ പ്രതിരോധിക്കാനാവാതെ  വിഷമിക്കുന്നത്. വെള്ളം പൊങ്ങിയപ്പോൾ തോട്ടിലൂടെ ഒഴുകിയെത്തിയ പോള എസി  റോഡിലും സമീപത്തെ പാടശേഖരങ്ങളിലും  വ്യാപകമായി അടിഞ്ഞുകിടക്കുന്നു. വയലുകളിലേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ വർഷം 51 പാടശേഖരങ്ങളിലായി  2100 ഹെക്ടർ നെൽകൃഷിയാണ് അപ്പർ കുട്ടനാട്ടിൽ  ചെയ്തിരുന്നത്. 

ഇത്തവണയും മികച്ചരീതിയിൽ കൃഷി നടത്താം  എന്ന പ്രതീക്ഷയിൽ  കൃഷിയിറക്കുന്നതിനു മുന്നോടിയായി മോട്ടോർ വച്ച് വെള്ളം വറ്റിക്കുന്ന ജോലികളിലേക്കു  കടക്കാനിരിക്കെയാണു കർഷകർക്കു മുന്നിൽ  ചോദ്യചിഹ്നമായി പോള നിൽക്കുന്നത്. മുൻവർഷങ്ങളിലേക്കാൾ നാലിരട്ടി പോളയാണ് ഇത്തവണ കയറിയത്. വെള്ളം പൊങ്ങിയപ്പോൾ ഒഴുകിയെത്തിയ കാക്കപ്പോള  കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇവർ പറയുന്നു. വിഷം തളിച്ചു പോള നീക്കം ചെയ്താൽ അതു നെല്ലിനെയും ബാധിക്കുമെന്നതിനാൽ ആളുകളെ നിർത്തി പോള വാരിക്കളയുക മാത്രമാണു നിലവിലുള്ള പോംവഴി. എന്നാൽ ഇതിനായി ഭീമമായ തുക ചെലവാകും.

കൃഷിയിറക്കുന്നതിലും കൂടുതൽ തുക പോള നീക്കുന്നതിനായി ചെലവാകുമെന്നാണു കർഷകർ പറയുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നു സഹായം  ലഭ്യമാക്കണമെന്നും ഇല്ലെങ്കിൽ കൃഷിയിറക്കുന്ന കാര്യത്തെക്കുറിച്ചു വീണ്ടും  ആലോചിക്കേണ്ടതായി വരുമെന്നുമാണു  കർഷകരുടെ നിലപാട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കു നിവേദനം നൽകി മറുപടിക്കായി കാത്തിരിക്കുകയാണു  താലൂക്കിലെ നെൽക്കർഷകർ.