ഒഴുകിപ്പോയതു ലക്ഷങ്ങളുടെ മത്സ്യങ്ങൾ; ചൂണ്ടക്കാർക്കും വീശുകാർക്കും കൊയ്ത്ത്

എടത്വ ∙ വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞും മടവീണും മത്സ്യക്കർഷകരുടെ ലക്ഷക്കണക്കിനു രൂപയുടെ മത്സ്യങ്ങളാണു സമീപ പാടങ്ങളിലേക്കും തോടുകളിലേക്കും നദികളിലേക്കും ഒഴുകിപ്പോയത്. 10 മുതൽ 45 ഏക്കറിൽ വരെ മീൻവളർത്തിയിരുന്ന കർഷകർക്കുണ്ടായതു ലക്ഷങ്ങളുടെ നഷ്ടം. ഇക്കുറി ചെറുതും വലുതുമായി 200 ഏക്കറോളം സ്ഥലത്താണു മത്സ്യക്കൃഷി നടത്തിയിരുന്നത്. ഏക്കറിന് 10,000 കുഞ്ഞുങ്ങൾ എന്ന കണക്കിനാണു നിക്ഷേപിക്കുന്നത്. വളർച്ച എത്തിയാൽ 10 ടൺ മത്സ്യം ലഭിക്കും. ഇതിന് ഒൻപതു ലക്ഷം രൂപ വിലവരും എന്നതാണു കണക്ക്. കൃഷി ചെയ്തതിൽ പകുതിയിലേറെയും ഒഴുകി പോകുകയായിരുന്നു.

തകഴി വാർഡുകരി, എടത്വ അഷ്ടമം, കിളിയംവേലി, പടിഞ്ഞാറെ കിളിയം വേലി തുടങ്ങിയ സ്ഥലങ്ങളിൽ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം ആയിരുന്നു കൃഷി. തരിശു പാടങ്ങൾ പാട്ടത്തിനെടുത്തു സ്വന്തമായി കൃഷി ഇറക്കിയിരുന്ന തങ്കച്ചൻ പാട്ടത്തിൽ, പി.ജി.വർക്കി മണലിൽ, ഏബ്രഹാം സ്റ്റീഫൻ മൂന്നുതൈക്കൽ, പി.ടി.അലക്സാണ്ടർ എട്ടിൽ, ബാബു പച്ച, ഷാം റോയ് ആലപ്പാട്ട് തുടങ്ങിയവരുടെ സ്വകാര്യ ഫാമുകളിലെയും കൃഷി വൻതോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്. എഫ്എഫ്ബിഎഎ (ഫിഷ് ഫാർമേഴ്സ് ഡവലപ്മെന്റ് ഏജൻസീസ് ആലപ്പുഴ) പദ്ധതി പ്രകാരം കൃഷി ചെയ്തിരുന്നതാണ്.

മത്സ്യങ്ങൾ ഒഴുകിപ്പോയെങ്കിലും മത്സ്യ സമ്പത്ത് നഷ്ടമായില്ല എന്നതു മാത്രമാണ് ആശ്വാസം. വളർത്തുകാർക്കു നഷ്ടമായെങ്കിലും മത്സ്യങ്ങൾ നദികളിലും തോടുകളിലും വ്യാപകമായതോടെ ചൂണ്ടലുകാർക്കും വലവീശുകാർക്കും നേട്ടമായിരിക്കുകയാണ്. നിത്യേന ചൂണ്ടയിടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഒരാൾക്ക് അഞ്ചും പത്തും കിലോ വരെയാണ് ഇത്തരത്തിൽ ലഭിക്കുന്നത്. പ്രത്യേകം തയാറാക്കിയെടുത്ത സ്ഥലങ്ങളിൽ തീറ്റ നൽകി വളർത്തിയ മീനുകളായതിനാൽ ചൂണ്ടയിൽ തീറ്റ കോർത്തിട്ടാൽ ഉടൻ ലഭിക്കുമെന്നതാണു പ്രത്യേകത. കട്‌ല, രോഹു, ഗ്രാസ് കാർപ്പ്, റെഡ് ബെല്ലി തുടങ്ങിയ ഇനങ്ങളിൽ പെട്ടവയാണു ലഭിക്കുന്നതിലധികവും. കിലോയ്ക്ക് 100 മുതൽ 150 രൂപ വരെ വിലയ്ക്കാണ് ഇവർ വിറ്റഴിക്കുന്നത്.