ക്ഷീരോൽപന്ന മേഖലയിൽ നിക്ഷേപം വർധിക്കുന്നു

വർധിച്ചുവരുന്ന പാലുൽപാദനം കണ്ട് അമ്പരന്നു നിൽക്കുന്ന മിൽമ അധികൃതർ രാജ്യാന്തര റേറ്റിങ് ഏജൻസിയായ ക്രിസിൽ ഇന്ത്യൻ ക്ഷീരവ്യവസായത്തെക്കുറിച്ച് തയാറാക്കിയ പഠനറിപ്പോർട്ട് വായിക്കണം. സംഘടിത ക്ഷീരവിപണിയുടെ 60 ശതമാനം വിഹിതമുള്ള മികച്ച 100 ഡെയറികമ്പനികളുടെ പ്രവർത്തനം നിരീക്ഷിച്ചു തയാറാക്കിയ റിപ്പോർട്ടാണിത്. വിപണനപ്രതിസന്ധിയെന്നു പറഞ്ഞ് അറച്ചു നിൽക്കാതെ ക്ഷീരോൽപാദനരംഗത്ത് വലിയ മുതൽമുടക്കിനു തയാറെടുക്കുകയാണ് പ്രധാന ഡെയറി കമ്പനികളെന്നു റിപ്പോർട്ട് പറയുന്നു. അടുത്ത മൂന്നു വർഷത്തിനിടയിൽ ഇന്ത്യയിലെ പ്രധാന ഡെയറി കമ്പനികൾ14000കോടി രൂപയുെട നിക്ഷേപം നടത്തുമെന്നാണ് ക്രിസിലിന്റെ കണക്കുകൂട്ടൽ. സംഭരണ– സംസ്കരണ സംവിധാനങ്ങൾ െമച്ചപ്പെടുത്താനാണ് ഇത്രയും തുക വേണ്ടിവരുന്നത്. ഇന്ത്യൻ ക്ഷീരവ്യവസായ മേഖലയിൽ 14–15 ശതമാനം വളർച്ചയും ക്രിസിൽ പ്രവചിക്കുന്നുണ്ട്.

അതേസമയം മൂല്യവർധിത ക്ഷീരോൽപന്നങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്ന കമ്പനികൾക്കാവും ഈ വളർച്ചയുടെ പ്രയോജനം കിട്ടുകയെന്നും പഠനം വ്യക്തമാക്കുന്നു. കവർപാൽ മാത്രം വിൽക്കുന്നവർക്ക് ഇപ്പോൾ അനുഭവപ്പെടുന്ന പ്രയാസങ്ങൾ തുടരും. രാജ്യത്തെ പ്രധാന ഡെയറി കമ്പനികളെല്ലാം ഏതാനും വർഷങ്ങളായി അടിസ്ഥാനസൗകര്യ വികസനത്തിനു പ്രാധാന്യം നൽകിവരികയാണ്. സംസ്കരണശേഷി 25–30 ശതമാനം വരെ വർധിപ്പിക്കുയാണ് ലക്ഷ്യം. പലിശഭാരം അധികമുണ്ടാവാത്ത വിധത്തിലുള്ള പണസമാഹരണ മാർഗങ്ങളാണ് ഡെയറി കമ്പനികൾ കൂടുതലായി ആശ്രയിക്കുന്നത്. കുറഞ്ഞ പലിശ ഈടാക്കുന്ന സർക്കാർ ഏജൻസികൾ, ഓഹരി വിൽപന എന്നിവയൊക്കെ ഇതിലുൾപ്പെടും.ക്ഷീരവ്യവസായത്തിലെ പ്രമുഖരായ അമുൽ 5000 കോടി രൂപയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരാഗ് മിൽക് ഫുഡ്സ് 150 കോടിയുടെയും ഹട്സൺ 390–800 കോടിയുടെയും വികസനപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്. ആന്ധ്രയിലെ ഹെരിറ്റേജ് ഫുഡ്സാകട്ടെ, ഉത്തരേന്ത്യൻ വിപണിയിലേക്കു കടക്കുന്നതിനായി റിലയൻസ് ഡെയറി കമ്പനിയെ ഏറ്റെടുത്തുകഴിഞ്ഞു.തെലങ്കാനയിലെ ഷാ മോട്ടിലാൽ ഫുഡ്സ്, പ‍ഞ്ചാബിലെ വാമനൻ ഫുഡ്സ് എന്നിവയെ കൂടി ഏറ്റെടുത്ത് രാജ്യവ്യാപകമായി സാന്നിധ്യമറിയിക്കാനാണ് അവരുടെ ആലോചന.

ഈ പദ്ധതികൾ നടപ്പാകുന്നതോടെ കഴിഞ്ഞ വർഷം 5,70,000കോടി രൂപ വിറ്റുവരവുള്ള ഇന്ത്യൻ ക്ഷീരവ്യവസായം 2020–21ൽ 7,50,000കോടി രൂപയുടേതായി മാറുമെന്ന് ക്രിസിൽ ചൂണ്ടിക്കാണിക്കുന്നു.ഇതൊക്കെ കാണുമ്പോൾ മിൽമ മനസ്സിലാക്കേണ്ടത് ഒന്നു മാത്രം– വളരുക അല്ലെങ്കിൽ നശിക്കുക.