Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാവ്യതിയാനം കേരളം സൂക്ഷിക്കണം

Land-slide-munnar

കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈ തലമുറ തന്നെ കൊടും പ്രകൃതിക്ഷോഭം അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ഒന്നര വർഷം മുൻപത്തെ കടുത്ത വരൾച്ച കേരളത്തിൽ 115 വർഷങ്ങൾക്കിടയിൽ സംഭവിച്ച ഏറ്റവും  വലിയ വരൾച്ചയായിരുന്നു. കഴിഞ്ഞ വർഷത്തെ ഓഖി കൊടുങ്കാറ്റ് തീരദേശങ്ങൾക്കൊപ്പം കേരളത്തിന്റെ കാർഷിക മേഖലയിലും വൻനാശം വിതച്ചു. കുറഞ്ഞ ഇടവേളയ്ക്കു ശേഷമെത്തിയ പേമാരിയും മഹാപ്രളയവും ഉരുൾപൊട്ടലും കേരളത്തിന്റെ കാർഷിക മേഖലയെ തകർത്തെറിഞ്ഞു. കൊടുംവരൾച്ചയും ചുഴലിക്കാറ്റും അതിവർഷവും  മിന്നൽ പ്രളയവുമെല്ലാം തുടർച്ചയായി ആവർത്തിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ വ്യക്തമായ സൂചനകളാണ്. 

അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്നതോടെ കടലിലെയും ഭൂമിയിലെയും ചൂട് കൂടും. ഇതോടെ ഇനിയും കൂടുതൽ ന്യൂനമർദങ്ങളും അതിവർഷങ്ങളും മിന്നൽ പ്രളയങ്ങളുമെല്ലാം ഉണ്ടാകും. 1924നു ശേഷമുണ്ടായ ഏറ്റവും ശക്തമായ പേമാരിയും വെള്ളപ്പൊക്കവുമായിരുന്നു 2018–ലേത്. ഈ തലമുറയ്ക്കു തികച്ചും  അപരിചിതവും. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം  കൊടും വരൾച്ചയ്ക്കും മിന്നൽപ്രളയത്തിനും ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല. ഈ തലമുറതന്നെ ഇത്തരം കൊടും പ്രകൃതിക്ഷോഭങ്ങളെ പല തവണ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ഈ വർഷം കേന്ദ്രസര്‍ക്കാര്‍ പാർലമെന്റിൽ  അവതരിപ്പിച്ച ഇക്കണോമിക് സർവെ പ്രകാരം രാജ്യത്ത് ചൂട് കൂടുന്നതിന്റെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കാൻ പോകുന്ന നാലു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അടുത്ത കാലത്ത് നടത്തിയ മറ്റൊരു ദേശീയ സർവെ പ്രകാരം പ്രളയഭീഷണി ഏറ്റവും കൂടുതൽ നേരിടാൻ പോകുന്ന രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും പശ്ചാത്തലത്തിൽ കാര്യങ്ങളൊന്നും ഇനി പഴയതുപോലെ സുഗമമായിരിക്കുകയില്ല. ആ അർഥത്തിൽ കേരളത്തിന് ഒരു ഷോക്ക് ട്രീറ്റ്മെന്റാണ് ഇപ്പോഴത്തെ പ്രകൃതിക്ഷോഭം.