Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷം തൂത്തെറിഞ്ഞോട്ടെ, കർഷകൻ വീണ്ടും വിത്തെറിയും

കാലവർഷം കൃഷി തൂത്തെറിഞ്ഞിട്ടും വീണ്ടും പുതുനാമ്പു മുളപ്പിക്കാൻ കർഷകർ കൃഷിയിടങ്ങളിൽ സജീവമാകുന്നു. ഏത്തവാഴക്കൃഷിക്കു വൻനഷ്ടം സംഭവിച്ചെങ്കിലും വീണ്ടും കൃഷിയിൽ വിശ്വാസമർപ്പിക്കാനുള്ള തയാറെടുപ്പിലാണു കർഷകർ. ആഴ്ചകളോളം വെള്ളം നിറഞ്ഞുകിടന്ന കൃഷിയിടങ്ങളിലെ നശിച്ച വാഴകൾ നീക്കംചെയ്തു കാമാക്ഷി മേഖലയിൽ വീണ്ടും ഏത്തവാഴക്കൃഷി ആരംഭിച്ചു. 

തമിഴ്‌നാട്ടിൽ നിന്ന് ഏത്തവാഴ വിത്തു ലഭ്യമാക്കാൻ കൂടുതൽ തുക മുടക്കേണ്ടിവരുന്നത് ഇവർക്കു ബുദ്ധിമുട്ടാകുന്നുണ്ട്. മുൻവർഷം 12 രൂപയ്ക്കു വരെ ലഭിച്ച ഒരു വാഴവിത്ത് നിലവിൽ കൃഷിയിടത്തിൽ എത്തുമ്പോൾ 15 രൂപ നൽകേണ്ടി വരുന്നു. പണിക്കൂലിയും വളപ്രയോഗവും മറ്റും കണക്കാക്കുമ്പോൾ ഒരു വാഴ കൃഷിചെയ്യാൻ അൻപതു രൂപയ്ക്കു മുകളിൽ കർഷകർക്കു ചെലവാകുന്നു. 

∙ ഉൽപന്നത്തിനു വിലയില്ല കാലവർഷത്തെ അതിജീവിച്ച ഏത്തവാഴക്കൃഷിയിൽ നിന്നു ലഭിക്കുന്ന ഉൽപന്നത്തിനുപോലും വിലയില്ലാത്തതു കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കാലവർഷം ശക്തിപ്രാപിക്കുന്നതിനു മുൻപു കിലോഗ്രാമിനു 45 മുതൽ 60 രൂപ വരെ കർഷകർക്കു വിപണിയിൽ വില ലഭിച്ച ഏത്തവാഴക്കുലയ്ക്കു നിലവിൽ 22 മുതൽ 24 രൂപ വരെ മാത്രമാണു ലഭിക്കുന്നത്. 

∙ നശിച്ചത് അയ്യായിരത്തിലധികം വാഴകൾ കാമാക്ഷി, വാത്തിക്കുടി പഞ്ചായത്തുകളുടെ പരിധിയിൽ വ്യാപകമായി വാഴത്തോട്ടങ്ങൾ നശിച്ചിരുന്നു. മേഖലയിൽ 90% വാഴക്കൃഷിയും നശിച്ചതായി കർഷകർ പറയുന്നു. ഈ 2 പഞ്ചായത്തുകളിൽ മാത്രം 100 കർഷകരുടെ 5000 വാഴകളാണു നശിച്ചത്. ഇവയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല.