Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകരക്ഷയ്ക്ക് ഇലക്ട്രോണിക് ദേശീയ കാർഷികവിപണി

രാജ്യത്തെ കാർഷികോല്‍പന്ന വിപണനകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കർഷകർക്ക് അവരുടെ ഉല്‍പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഇലക്ട്രോണിക് ദേശീയ കാർഷികവിപണി (ഇ–നാം)  യാഥാർഥ്യമാകുന്നു. 2016ൽ കേന്ദ്രസർക്കാർ തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ രാജ്യത്തെ 585 പ്രധാന ലേലകേന്ദ്ര(മൻഡി)ങ്ങൾ പങ്കാളികളായി. ഇവയിൽ 85 ശതമാനത്തിലും ഉല്‍പന്ന ഗുണനിലവാര പരിശോധനയ്ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുണ്ട്. പദ്ധതിക്കെതിരായ പ്രധാന വിമർശനം ഗുണനിലവാരപരിശോധന സംബന്ധിച്ചായിരുന്നു. ഉല്‍പന്നവില ഓൺലൈനായി ലഭിക്കുന്നതിലെ കാലതാമസം, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക് പ്രശ്നങ്ങൾ എന്നിവയ്ക്കും പരിഹാരം കണ്ടെത്താൻ കാര്യമായ ശ്രമം നടക്കുന്നു. 

പതിനാറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമായാണ് 585 ലേലകേന്ദ്രങ്ങൾ ഇനാമുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇലക്ട്രോണിക്  വ്യാപാരത്തിനു വേണ്ട നിയന്ത്രണ സംവിധാന‌ം ഒരുക്കാത്തതാണ് ചില സംസ്ഥാനങ്ങളിലെ ലേലകേന്ദ്രങ്ങൾ ബന്ധിപ്പിക്കാൻ തടസ്സമാകുന്നത്. ബിഹാറും കേരളവും പോലുള്ള സംസ്ഥാനങ്ങളിലാകട്ടെ ഇത്തരം തത്സമയ ലേലകേന്ദ്രങ്ങളുടെ അഭാവവും. കാർഷികോല്‍പന്ന വിപണനസംവിധാനത്തിന്റെ അഭാവം ജമ്മു–കശ്മീരിനു തടസ്സമാകുമ്പോൾ കാർഷികോല്‍പന്ന വിപണനമേഖലയിൽ ഏറെ മുന്നേറാനായിട്ടുള്ള കർണാടക, അരുണാചൽപ്രദേശ്, സിക്കിം, മിസോറം, ഗോവ എന്നിവ ഇപ്പോഴും ഇനാമിൽ ചേരാൻ മടിച്ചു നിൽക്കുന്നു. ഇനാമിൽ അംഗങ്ങളായിട്ടുള്ള 585 ലേലകേന്ദ്രങ്ങളിൽ 90 ഉല്‍പന്നങ്ങളുടെ വിപണനമാണു നടക്കുക. 1.11 കോടി കർഷകർ ഇവയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 1.14 ലക്ഷം വ്യാപാരികളും. 100 കേന്ദ്രങ്ങളുമായി ഉത്തർപ്രദേശാണ് മുന്നിൽ. ഗുജറാത്ത്(79), മഹാരാഷ്ട്ര(60), മധ്യപ്രദേശ്(58), ഹരിയാന(54) എന്നിവ അടുത്ത സ്ഥാനങ്ങളിൽ. 585 കേന്ദ്രങ്ങളിലും ഗുണനിലവാര സംവിധാന പരിശോധനയ്ക്കാവശ്യമായ സൗകര്യമൊരുക്കാനായി എന്നത് കാര്യമായ മുന്നേറ്റമാണ്. 

ഉല്‍പന്നവില അപ്പോൾതന്നെ ഓൺലൈനായി ലഭിക്കാനായാലേ കർഷകർക്ക് ഇനാം പ്രയോജനപ്പെടുകയുള്ളൂ. ഇക്കാര്യത്തിൽ വ്യാപാരികളുടെ താല്‍പര്യക്കുറവും കർഷകരുടെ ആശങ്കയും പ്രശ്നമായിട്ടുണ്ട്. ഉല്‍പന്നം വിറ്റാലുടൻ ബാങ്ക് അക്കൗണ്ടിലെത്തുന്ന തങ്ങളുടെ പണം വായ്പാകുടിശിക തീർക്കാനും മറ്റും മുൻഗണന നൽകി ബാങ്കുകൾ എടുത്തേക്കുമോയെന്നതാണ് കർഷകരുടെ ആശങ്ക. നികുതിക്കുരുക്കാണ് വ്യാപാരികൾ ഭയപ്പെടുന്നത്. എങ്കിലും 2016ൽ വെറും 3.38 കോടി രൂപയായിരുന്ന ഓൺലൈൻ പേയ്മെന്റ് 2017ൽ70.62 കോടിയായി വർധിച്ചിട്ടുണ്ട്. ഇതെല്ലാമാണെങ്കിലും രാജ്യത്തെ ലേലകേന്ദ്രങ്ങളിൽ10% മാത്രമേ ഇതുവരെ ഇനാമിന്റെ ഭാഗമായിട്ടുള്ളൂ. ഓരോ ഉല്‍പന്നവും ലേലം കൊള്ളാനെത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായിട്ടില്ല. വൻ ലേലകേന്ദ്രങ്ങളായ തെലങ്കാനയിലെ സൂര്യപേട്ട്, നിസാമാബാദ്, ആന്ധ്രയിലെ അഡോനി, ഗുണ്ടൂർ, ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ചിലവ എന്നിവയിൽ ഏറ്റവും തിരക്കുള്ള സമയത്തും പ്രധാന ഉല്‍പന്നങ്ങൾക്ക് 30 പേരേ ലേലത്തിൽ പങ്കെടുക്കുന്നുള്ളൂ. എങ്കിലും ഒരുല്‍പന്നത്തിന് ഇനാമിൽ ലേലത്തിനെത്തുന്നവരുടെ ദേശീയ ശരാശരി മുൻ വർഷത്തെ 3.28ൽനിന്ന് 4.54 ആയി വർധിച്ചിട്ടുണ്ട്.