Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേങ്ങയില്ലാതെ തെങ്ങുകൾ; തേങ്ങലോടെ കർഷകർ

ചെറുപുഴ∙ കാലാവസ്ഥ വ്യതിയാനവും തെങ്ങിന്റെ രോഗബാധയും മൂലം നാട്ടിൽ പുറങ്ങളിൽ തേങ്ങ ക്ഷാമം രൂക്ഷം. നേരത്തേ വർഷത്തിൽ നാലും അഞ്ചും പ്രാവശ്യം തേങ്ങയിടാറുണ്ടായിരുന്ന പറമ്പുകളിൽ ഇപ്പോൾ  രണ്ടും മൂന്നും തവണ മാത്രമേ തെങ്ങുകയറ്റം നടക്കുന്നുള്ളു. മുൻപ്  തെങ്ങു കയറ്റം കഴിഞ്ഞാൽ ശരാശരി കർഷകന്റെ മുറ്റം നിറയെ തേങ്ങ കാണുമായിരുന്നെങ്കിൽ ഇന്ന് അതെല്ലാം ഓ‍ർമ മാത്രമെന്നു കേരകർഷകർ പറയുന്നു. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലാവസ്ഥയിലെ മാറ്റവും വ്യാപകമായ രോഗബാധയും മൂലം തെങ്ങുകളിൽ വിരലിൽ എണ്ണാവുന്ന നാളികേരം മാത്രമേ ഉണ്ടാകുന്നുള്ളു. ഒരു കാലത്ത് ആർക്കും വേണ്ടാതിരുന്ന നാളികേരത്തിന് ഇന്നു മാർക്കറ്റിൽ ഒരു വിധം നല്ല വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം കുത്തനെ ഇടിഞ്ഞത് കർഷകർക്കു കനത്ത തിരിച്ചടിയായി. 

തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞ കാലത്തു തെങ്ങുകൾക്കു വളമിടുന്നതും മറ്റും മിക്ക കര്‍ഷകരും നിർത്തിയിരുന്നു. അതും രോഗബാധ വർധിക്കാൻ കാരണമായി. തേങ്ങയുടെ ഉൽപാദനം കുറഞ്ഞതോടെ തെങ്ങിൻ ചുവട്ടിൽ കുരുമുളക് വള്ളികൾ നട്ടുപിടിപ്പിച്ചു ആദായം വർധിപ്പിക്കാനുള്ള ശ്രമവും കർഷകർ ആരംഭിച്ചിട്ടുണ്ട്.