Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊപ്രയ്ക്കും കുരുമുളകിനും റബറിനും വില താഴ്ന്നു

DSC_0102

പ്രളയദുരിതങ്ങൾ മൂലം ഓണക്കാലത്ത് വെളിച്ചെണ്ണയുടെ കച്ചവടം മോശമായത് നാളികേരവിപണിയെ വളരെയധികം ഉലച്ചു.  എണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ മില്ലുകൾ കൊപ്രാസംഭരണം കുറച്ചതാണ് വില താഴാനിടയാക്കിയത്. കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ചില മില്ലുകാരുടെ നീക്കം വെളിച്ചെണ്ണ വിപണിയെ വിൽപനസമ്മർദത്തിലാക്കി. കൊച്ചിയിൽ വെളിച്ചെണ്ണവില ക്വിന്റലിന് 15,900 രൂപയിൽ നിന്ന് 15,700ലേക്കു താഴ്ന്നു. കൊപ്രവില 490 രൂപ താഴ്ന്ന് 10,100 രൂപയിലെത്തി.

പ്രളയക്കെടുതി, ഉയർന്ന പകൽച്ചൂട് തുടങ്ങി കാലാവസ്ഥാമാറ്റത്തിന്റെ വ്യത്യസ്ത ആഘാതങ്ങൾ മൂലം കുരുമുളകിന്റെ ഉൽപാദനം കുറയുമെങ്കിലും വില ഇടിയുന്ന കാഴ്ചയാണിപ്പോൾ. വിയറ്റ്നാം കുരുമുളക് രാജ്യമെമ്പാടും സുലഭമായതാണ് കാരണം. കിലോയ്ക്ക് 340 രൂപയിൽ നിന്നു 410 രൂപവരെ ഉയർന്നശേഷമാണ് ഈ പതനം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളകിന്റെ വില ക്വിന്റലിനു 37,300 രൂപയായി. കുറഞ്ഞ ഇറക്കുമതി നിരക്ക് 500 രൂപയാണെങ്കിലും അനധികൃത മാർഗങ്ങളിലൂെട എത്തുന്ന വിയറ്റ്നാം കുരുമുളക് ഇന്ത്യൻവിപണിയിൽ സുലഭമാണ്. രാജ്യാന്തരവിപണിയിലും വില താഴ്ന്നു. എന്നാൽ വിയറ്റ്നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ മുളകിനെക്കാൾ ഉയർന്ന വിലയാണ് ഇന്ത്യൻ കുരുമുളകിനു കിട്ടുന്നത്.

അതേസമയം ഉൽപാദനം കുറയുമെന്ന വിലയിരുത്തൽ മൂലം ഏലക്കായുടെ വില റിക്കാർഡ് തലത്തിലേക്കു നീങ്ങുകയാണ്. കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വ്യാപാരികളും ലേലകേന്ദ്രങ്ങളിൽ കച്ചവടമുറപ്പിക്കാൻ മത്സരിക്കുകയാണത്രെ. ഇഞ്ചിക്കൃഷിക്ക് വളരെയധികം നാശമുണ്ടായ സാഹചര്യത്തിൽ ചുക്കിനു ക്ഷാമമുണ്ടാകാൻ സാധ്യതയേറി. പകൽസമയത്തെ താപനില കൂടിയതുമൂലവും ടാപ്പിങ് നിർത്തിവച്ചതുമൂലവും  പ്രകൃതിദത്ത റബർ ഉൽപാദനം കുറഞ്ഞു. ഷീറ്റും ലാറ്റക്സും വിപണിയിൽ കാര്യമായി എത്തുന്നില്ലെങ്കിലും  ആർഎസ്എസ് നാലാം ഗ്രേഡ്  റബറിന്റെ വില ക്വിന്റലിനു 12,500 രൂപയായി താഴുകയായിരുന്നു. ആർഎസ്എസ് അഞ്ചിനു കോട്ടയത്ത് 12,000 രൂപയാണ് വില.

വയനാടൻ േനന്ത്രനു വിലത്തകർച്ച

നേന്ത്രക്കായയ്ക്ക് ഏറ്റവും വില കിട്ടിയത് കോട്ടയത്തായിരുന്നു– 44 രൂപ. അതേ ദിവസം കൽപറ്റയിലെ വില 18 രൂപ മാത്രം. പ്രളയക്കെടുതിയിൽനിന്നു കര കയറാൻ ശ്രമിക്കുന്ന വയനാട്ടിലെ കൃഷിക്കാർക്ക് ന്യായവില േനടിക്കൊടുക്കുന്നതാവും മികച്ച  ദുരിതാശ്വാസപ്രവർത്തനം. ചാലയിലും എറണാകുളത്തും 40 രൂപയും മഞ്ചേരിയിൽ 37 രൂപയും ആലപ്പുഴ, ആലുവ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ 35 രൂപയും വിലയുള്ളപ്പോൾ  സർക്കാർ ഏജൻസികളുെട ഇടപെടലിലൂടെ വയനാട്ടിലെ ഏത്തവാഴക്കർഷകർക്കു ഭേദപ്പെട്ട വില നേടിക്കൊടുക്കാൻ കഴിയണം.

അതേസമയം നാടൻ ഞാലിപ്പൂവനു കൽപറ്റയിൽ 37 രൂപയും പാലക്കാട്ട് 45 രൂപയും വില കിട്ടി. മറ്റ് വിപണികളിൽ വരവ് ഞാലിപ്പൂവൻപഴത്തിന് ഉയർന്ന വിലയായിരുന്നു. ആലപ്പുഴ–63, ആലുവ–62, ചാല–75, എറണാകുളം–63, കൊല്ലം–65, കോട്ടയം–66, മഞ്ചേരി–40 എന്നിങ്ങനെയായിരുന്നു വില. കൽപറ്റ വിപണിയിൽ പാളയംകോടൻ പഴത്തിനു നേന്ത്രപ്പഴത്തെക്കാൾ കൂടുതൽ വില രേഖപ്പെടുത്തിയത് കൗതുകകരമായി– 28 രൂപ. മഞ്ചേരിയിൽ 28 രൂപയും പെരുമ്പാവൂരിൽ 23 രൂപയുമായിരുന്നു വില. മറ്റ് വിപണികളിൽ വരവ് പാളയംകോടൻ 20–28 രൂപ നിരക്കിൽ കിട്ടാനുണ്ടായിരുന്നു. മഞ്ചേരിയിൽ മാത്രമാണ് നാടൻ റോബസ്റ്റപ്പഴം കിട്ടിയത്. വില 18 രൂപ. മറ്റ് വിപണികളിൽ 14–20 രൂപ നിരക്കിൽ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള റോബസ്റ്റ എത്തി. പൂവൻ പഴത്തിനു മഞ്ചേരിയിൽ 40 രൂപയും കൽപറ്റയിൽ 38 രൂപയും ആലുവയിൽ 35 രൂപയുമായിരുന്നു വില. ആലപ്പുഴയിലും തലശ്ശേരിയിലും 30 രൂപ വില കിട്ടിയ ചേനയ്ക്ക് എറണാകുളത്ത് 28 രൂപയും കോട്ടയത്ത് 24 രൂപയും പെരുമ്പാവൂരിൽ 25 രൂപയും വില കിട്ടി. അതേസമയം തൃശൂരിൽ 15 രൂപയും പാലക്കാട് 16 രൂപയും മാത്രവും.

ശീമച്ചേമ്പിന് ആലപ്പുഴയിലും കൊല്ലത്തും ചാലയിലും തൃശൂരിലും 50 രൂപ വില കിട്ടി. എറണാകുളത്ത് 45 രൂപയും കൽപറ്റയിലും പെരുമ്പാവൂരിലും 40 രൂപയും കോട്ടയത്ത് 35 രൂപയും വില രേഖപ്പെടുത്തി. ആലപ്പുഴ, കൊല്ലം വിപണികളിൽ കാച്ചിൽ കച്ചവടം നടന്നു. വില–70 രൂപ. തലശ്ശേരിയിൽ 24 രൂപ കിട്ടിയ മരച്ചീനിക്ക് എറണാകുളത്തും തൃശൂരും 15 രൂപ മാത്രം. ചാല–20, കൊല്ലം–20, കോട്ടയം–22, ആലപ്പുഴ–19, പാലക്കാട്–17, മ‍ഞ്ചേരി–16 എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിൽ മരച്ചീനിവില.