Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഗണിക്കരുത് വിള ഇൻഷുറൻസ്

നഷ്ടപരിഹാരത്തുക  കൂട്ടിയെങ്കിലും പദ്ധതിയിൽ ചേരുന്നവര്‍ വിരളം

പ്രകൃതിദുരന്തങ്ങൾ കാരണം കാർഷികവിളകൾക്കുണ്ടാകുന്ന യഥാർഥ നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരത്തുക പരിഷ്കരിച്ച് സംസ്ഥാന സർക്കാർ വിള ഇൻഷുറൻസ് പദ്ധതി പുനരാവിഷ്കരി‍ച്ചെങ്കിലും പദ്ധതിയിൽ ചേർന്നിട്ടുള്ള കർഷകരു‌ടെ എണ്ണം വളരെക്കുറവാണ്. പ്രളയം ഏറ്റവും കൂ‌ടുതൽ നാശം വിതച്ചത് കാർഷികമേഖലയിലാണ്. 3.36 ലക്ഷം കർഷകരുടെ 62,000 ഹെക്ടർ കൃഷിഭൂമിയാണ് നശിച്ചത്. 1475 കോടിയുടെ പ്രാഥമിക നഷ്‌ടമാണ് വിലയിരുത്തിയിട്ടുള്ളത്. 

പ്രകൃതിയില്‍ മനുഷ്യന്റെ വിവേചനരഹിതമായ ഇടപെ‌ടലുകൾ കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും ഇടയാക്കുന്നു. വരൾച്ച, ഓഖി, പ്രളയം എന്നിങ്ങനെ ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ നമുക്ക് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇവയൊക്കെ ഇനിയും  ആവര്‍ത്തിക്കാം. അതുകൊണ്ടുതന്നെ വിളകള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്താൻ കർഷകർ ഇനിയും അമാന്തിച്ചുകൂടാ.

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി 1995 ലാണ് ആരംഭിച്ചത്. 2016 വരെ ഈ പദ്ധതി അത്ര ആകർഷകമായിരുന്നില്ല. എന്നാൽ 2017 മാർച്ചിൽ വിവിധ സൂചികകളെ ആസ്പദമാക്കി നഷ്ടപരിഹാരം കുത്തനെ ഉയർത്തിക്കൊണ്ട് പദ്ധതി പുനരാവിഷ്കരിച്ചു. ഇപ്രകാരം പല വിളകൾക്കും നഷ്ടപരിഹാരത്തുകയിൽ ഇരട്ടി മുതൽ പത്തിരട്ടിവരെ വർധനയുണ്ടായി. എന്നാൽ പ്രീമിയം നിരക്കിൽ വളരെ തുച്ഛമായ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. പ്രീമിയം തു‌ക അടച്ച് ഏഴ് ദിവസം കഴിഞ്ഞാൽ കർഷകന് ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടാകും. തെങ്ങ്, വാഴ, റബർ, കുരുമുളക്, നെല്ല്, കമുക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, മരച്ചീനി, മഞ്ഞൾ, കൊക്കോ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി തുടങ്ങി 26 വിളകൾക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം/ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും സംരക്ഷണം ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.

പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ്ടത്തിന് സംസ്ഥാന ദുരിതനിവാരണനിധിയിൽനിന്ന് അടിയന്തര ധനസഹായം എല്ലാ കർഷകർക്കും ലഭിക്കും. ഇൻഷുറൻസിൽ ചേർന്നവർക്ക് ഇൻഷുറൻസ് തുകയ്ക്കൊപ്പം ഇതും ലഭിക്കും. 

തെങ്ങൊന്നിന് പ്രീമിയം നിരക്ക് ഒരു വർഷത്തേക്ക് രണ്ടു രൂപ മാത്രം.   പ്രകൃതിക്ഷോഭത്തിൽ ഒരു തെങ്ങ് നശിച്ചാൽ ദുരന്തനിവാരണനിധിയിൽനിന്ന് ലഭിക്കുക700 രൂപയാണ്. എന്നാൽ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ നഷ്ടപരിഹാരത്തുകയായ രണ്ടായിരം രൂപയും ദുരന്ത നിവാരണനിധിയിലെ 700 രൂപയും ചേർത്ത് 2700 രൂപ ലഭിക്കും. തെങ്ങൊന്നിന് പ്രീമിയം നിരക്ക് ഒരു വർഷത്തേക്ക് രണ്ടു രൂപ മാത്രം.  

അതുപോലെ നേന്ത്രൻ, കപ്പ, വാഴ എന്നിവയ്ക്ക് പ്രീമിയം നിരക്ക് വെറും മൂന്നു രൂപയാണ്. കുലച്ച വാഴയ്ക്കു നാശനഷ്ടമുണ്ടായാൽ ദുരിതാശ്വാസത്തുക 100 രൂപയാണ്. എന്നാൽ ഇൻഷുറൻസ് ചെയ്ത വാഴയാണെങ്കിൽ കുലച്ച വാഴയ്ക്ക് ഇൻഷുറൻസ് പരിരക്ഷ പ്രകാരമുള്ള 300 രൂപയടക്കം 400 രൂപ ലഭിക്കും. ഇത്തരത്തിൽ 26 വിളകൾക്കാണ് ഇൻഷുറൻസ് പദ്ധതിയുള്ളത്.

കമുക് ഒന്നിന് 1.50 രൂപ, റബര്‍ ഒന്നിന് മൂന്നു രൂപ, കശുമാവ് ഒന്നിന് മൂന്ന് രൂപ,  കൊക്കോമരം ഒന്നിന്  1.50 രൂപ,  കാപ്പി ഒന്നിന് 1.50 രൂപ, കുരുമുളക് ഒരു താങ്ങു മരത്തിലുള്ളതിന് 1.50 രൂപ, മരച്ചീനി 0.02 ഹെക്ടറിന് മൂന്നു രൂപ, കൈതച്ചക്ക 0.02 ഹെക്ടറിന് 37.50 രൂപ, ഏലം ഹെക്ടറിന് 1500 രൂപ, ഇഞ്ചി 0.02 ഹെക്ടറിന് 15 രൂപ, മഞ്ഞൾ 0.02 ഹെക്ടറിന് 15 രൂപ,  തേയില ഹെ‌ക്ടർ ഒന്നിന് 1500 രൂപ,  നെല്ല് ഹെക്ടറിന് 250 രൂപ എന്നിങ്ങനെയാണ് ഒരു വർഷത്തേക്കുള്ള പ്രീമിയം. വിളകൾക്കുണ്ടാകുന്ന പൂർണനാശത്തിന് മാത്രമാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇഞ്ചി, മഞ്ഞൾ, നിലക്കടല, എള്ള്, പച്ചക്കറികൾ, പയറുവർഗങ്ങൾ, മരച്ചീനി, മറ്റു കിഴങ്ങുവർഗങ്ങൾ, ഏലം, വെറ്റില എന്നീ വിളകൾ ഇൻഷുർ ചെയ്ത വിസ്തൃതിയുടെ 10 ശതമാനമെങ്കിലും നാശനഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.

കമുകിന് ഒരു മരത്തിന് 200 രൂപ, റബർ ഒരു മരത്തിന് 1000 രൂപ, കശുമാവ് ഒരു മരത്തിന് 750 രൂപ,  കുരുമുളകിന് ഓരോ താങ്ങുമരത്തിനും 200 രൂപ, കാപ്പി ഒരു മരത്തിന് 350 രൂപ, കൊക്കോ ഒരു മരത്തിന് 300 രൂപ, മരച്ചീനി ഹെക്ടർ ഒന്നിന് 10,000 രൂപ, കൈതച്ചക്ക ഹെക്ടർ ഒന്നിന് 50,000 രൂപ, ഏലം ഹെക്ടർ ഒന്നിന് 60,000 രൂപ, ഇഞ്ചി ഹെക്ടർ ഒന്നിന് 80,000 രൂപ, മഞ്ഞൾ ഹെക്ടർ ഒന്നിന് 60,000 രൂപ, തേയില ഹെക്ടർ ഒന്നിന് 70,000 രൂപ, നെല്ല് 45 ദിവസത്തിനകമുള്ള വിളകൾക്ക് ഹെക്ടറിന് 15,000 രൂപയും 45 ദിവസത്തിന് ശേഷമുള്ള വിളകൾക്ക് ഹെക്ടറിന് 35,000 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം.

ഇത്രയും ആകർഷകമായിട്ടും ഈ പദ്ധതിയിൽ ചേരുന്ന കർഷകർ വിരളമാണ്. സംസ്ഥാനത്തു കർഷക പോർട്ടലിൽ വിവരങ്ങൾ നൽകിയിട്ടുള്ള കർഷകരുടെ എണ്ണം 19,22,817 ആണ്. എന്നാൽ ഈ വർഷം ജൂൺ മാസം വരെ വിളകൾക്ക് ഇൻഷുറൻസ് എ‌ടുത്തി‌ട്ടുള്ളവർ കേവലം 22,756 പേർ മാത്രം. സങ്കീർണത നിറഞ്ഞ നടപടിക്രമമാണെന്നു കരുതിയാണ് പലരും ഇത്‍ ഒഴിവാക്കുന്നത്. എന്നാൽ തീർത്തും ലഘുവായി കൃഷിഭവനുകളിൽ ചെയ്യാവുന്ന നടപടി മാത്രമാണിത്. കൃത്യമായ വരവു ചെലവുകൾ സൂക്ഷിക്കുന്ന കർഷകർ പദ്ധതിയിൽ അംഗങ്ങളാകുന്നുണ്ടെന്നാണ് ഫീൽഡ്തല ഉദ്യോഗസ്ഥരുടെ നിരീക്ഷണം. വരൾച്ച, ഓഖി, പ്രളയം എന്നിവ നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  തങ്ങൾക്കും കുടുംബത്തിനും സാമ്പത്തികഭദ്രത ഉറപ്പുവരുത്താനുള്ള കൈത്താങ്ങായിത്തന്നെ കർഷകർ വിള ഇൻഷുറൻസിനെ കാണണം. 

വിലാസം  കൃഷി ഓഫിസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം. 

ഫോണ്‍  9744444279