Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീരയ്ക്കു ജൈവവളം വെണ്ടയ്ക്കു മേൽവളം

spinach-vegetable

ചീര വിളവെടുത്തശേഷം എളുപ്പം അഴുകുന്ന മണ്ണിരക്കമ്പോസ്റ്റ് പോലുള്ള ജൈവവളവും നേരിയ അളവിൽ യൂറിയയും ചേർത്ത് ചുറ്റും കൊത്തിച്ചേർക്കുക. ഇടയിളക്കി കളകൾ നീക്കം ചെയ്ത് ഇളകിയ മണ്ണ് ചുവടെ കൂട്ടുക. നീർവാർച്ച നന്നാകണം.

വെണ്ട

നട്ട് 25 ദിവസം കഴിഞ്ഞാൽ വെണ്ടയ്ക്കു മേൽവളം ചേർക്കാം. സെന്റിന് 200 ഗ്രാം യൂറിയയും 50 ഗ്രാം പൊട്ടാഷ് വളവും. ഇവ ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുകയും ഇളകിയ മണ്ണ് ചുറ്റും കൂട്ടുകയും വേണം.

മുളക്, വഴുതന, തക്കാളി

നട്ട് മൂന്നാഴ്ച കഴിഞ്ഞ തൈകൾക്ക് സെന്റിന് 150–300 ഗ്രാം യൂറിയയും 80 ഗ്രാം പൊട്ടാഷ് വളവും ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുക. കളകൾ നീക്കിയശേഷം ഇളകിയ മണ്ണ് ചുവട്ടിലും കൂട്ടണം. വഴുതനയിൽ തണ്ടുതുരപ്പനും ഇലയുടെ പച്ചപ്പ് കാർന്നുതിന്നുന്ന പുഴുക്കളും കാണും. ഉപദ്രവമേറ്റ ഭാഗങ്ങൾ മുറിച്ചെടുത്തു ചുടുക. ഉപദ്രവം കാര്യമായുണ്ടെങ്കിൽ ഇക്കാലക്സ് രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിക്കുക. ജൈവ കൃഷിയാണെങ്കിൽ വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പു മിശ്രിതം, വേപ്പിൻകുരുസത്ത്, പുകയിലകഷായം എന്നിവയാണ് തളിക്കേണ്ടത്. തണ്ടുതുരപ്പനെതിരെ ട്രൈക്കോഗ്രമ്മ കാർഡുകളും പരീക്ഷിക്കാം. കുരുടിപ്പ് വരുത്തുന്ന ചെറുകീടങ്ങൾക്കെതിരെ suckgan 25 wg  എന്ന കീടനാശിനി 0.8 ഗ്രാം രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി ഒരു സെന്റ് സ്ഥലത്ത് തളിക്കാം.

വെള്ളരിവർഗങ്ങൾ

നട്ട് രണ്ടാഴ്ച കഴിഞ്ഞ് ഒരു തടത്തിൽ രണ്ടു മൂന്ന് നല്ല തൈകൾ നിർത്തി ബാക്കിയുള്ളവ നീക്കണം. തൈകൾ മണ്ണോടുകൂടി കിളച്ചെടുത്ത് കേടുപോക്കാൻ ഉപയോഗിക്കാം. തൈകൾ വളരുന്നതോടെ നേരിയ അളവിൽ വളം ചുറ്റും വിതറി കൊത്തിച്ചേർക്കുക. 

അൽപം യൂറിയയും അതിന്റെ നാലിലൊന്ന് പൊട്ടാഷും മതി. പാവലിനും പടവലത്തിനും പന്തലിടുക. മറ്റുള്ളവയ്ക്കു പടരാൻ നിലത്തു ചില്ലകൾ വിരിക്കാം.