Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ മാറിയിട്ടും കെടുതി മാറാതെ ജില്ലയിലെ കർഷകർ

wayanad-pepepr

പുൽപള്ളി ∙ മാസങ്ങൾ നീണ്ട മഴക്കെടുതിയിൽ സർവനാശമുണ്ടായ കർഷകരെ സർക്കാർ  വഞ്ചിക്കുന്നതായി പരാതി. കർഷകർക്ക് ഇക്കൊല്ലമുണ്ടായ നാശനഷ്ടങ്ങൾ കണ്ടെത്താനോ, ആശ്വാസം നൽകാനോ സർക്കാർ സംവിധാനങ്ങൾ ഇതുവരെ തയാറായിട്ടില്ല. കോടികളുടെ കൃഷിനാശമുണ്ടായ ജില്ലയിൽ കൃഷിമന്ത്രിയോ, ജില്ലാ ഭരണകൂടമോ എത്തിനോക്കിയിട്ടില്ല.

ജില്ലയിലെ എല്ലാ പഞ്ചായത്തിലും പലവിധ കൃഷികൾ ഏതാണ്ട് പൂർണമായി നശിച്ചു.അവശേഷിക്കുന്നവ ദിവസേന ഉണങ്ങിത്തീരുന്നു. കർഷകർക്ക് നഷ്ടം നൽകുമെന്ന് പ്രളയനാളുകളിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ കാര്യക്ഷമമായ നടപടികളൊന്നും കൃഷിവകുപ്പിന്റെ ഭാഗത്തുണ്ടായില്ല. കർഷക സംഘടനകളും കൃഷിക്കാരന്റെ സർവനാശം കാണുന്നില്ല. ഭരണ–പ്രതിപക്ഷഭേദമെന്യേ മുഖ്യധാരാ സംഘടനകൾ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.

കൃഷിഭവൻ മുഖേന കർഷകരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും നഷ്ടം ലഭിക്കുമോയെന്ന് ആർക്കും ഉറപ്പില്ല. മഴക്കെടുതിയിലെ നാശം സംബന്ധിച്ച് വിഭിന്ന വാദഗതികളാണ് ഉദ്യോഗസ്ഥർക്കുളളത്. 

വെള്ളപ്പൊക്കത്തിൽ നശിക്കുന്ന കൃഷിയും വെള്ളം കെട്ടിനിന്ന് രോഗംബാധിച്ച് കൃഷി നശിക്കുന്നതും രണ്ടായേ കാണാനാവൂ എന്നാണ് അവർ പറയുന്നത്. പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനോ, നഷ്ടപരിഹാരം ഉറപ്പാക്കാനോ ജനപ്രതിനിധികൾക്കും സാധിച്ചിട്ടില്ല. 

കൃഷി വകുപ്പ് മേധാവികൾ ഇവിടത്തെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നുവെന്നും കർഷകർക്ക്  പരാതിയുണ്ട്. മുള്ളൻകൊല്ലിയിൽ മാത്രം 124 കോടിയുടെ നഷ്ടം കണ്ടെത്തിയിരുന്നു. മറ്റ് പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള നഷ്ടമുണ്ട്. ഓരോ കൃഷിക്കാരനും അപേക്ഷ നൽകിയിട്ട് ഒരുമാസമായി. ഇത് പരിശോധിച്ച് വിലയിരുത്താനും സഹായം ശുപാർശ ചെയ്യാനും കൃഷി ഓഫിസുകളിൽ ആളില്ല.