Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം കടന്ന് പച്ചപ്പിലേക്ക്

alappuzha-thakazhi-padam

എടത്വ ∙ പ്രളയം വരുത്തിവച്ച നഷ്ടക്കണക്കുകൾ മറന്നു കുട്ടനാട് വീണ്ടും ഹരിതശോഭയിലേക്ക്. വിത്തുക്ഷാമം ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വിത്ത് ലഭിച്ച പാടശേഖരങ്ങളിൽ വിത നടന്നു. ഇനി 4 മാസം കാത്തിരിപ്പിന്റെ നാളുകൾ. വിത്ത് ലഭിക്കാനുണ്ടായ കാലതാമസം മൂലം പലപാടശേഖരങ്ങളും വൈകിയാണു വിതച്ചത്. ആദ്യഘട്ടത്തിൽ വിതച്ച 5 പാടശേഖരങ്ങളിൽ ഞാറായിത്തുടങ്ങി. തകഴി കൊല്ലനാടി, വാരിക്കാട്ടുശ്ശേരി, മുക്കടകിഴക്ക്, കുന്നുമ്മ പടിഞ്ഞാറ് തുടങ്ങിയ സ്ഥലങ്ങളിൽ മൂന്നാഴചയിലേറെ പ്രായമായി കഴിഞ്ഞു. 

കൂടുതൽ പാടങ്ങളിൽ വിത ആരംഭിക്കാനിരിക്കുന്നതേയുള്ളു. വിത്ത് ലഭിക്കാത്തതിനാൽ മോട്ടോർ പോലും പ്രവർത്തിപ്പിക്കാത്ത പാടങ്ങളാണ് അധികവും. കരുതണം വളം സഹകരണ സംഘങ്ങളിൽ നിന്നാണു കൂടുതൽ കർഷകരും വളം വാങ്ങുന്നത്. എങ്ങും വളം എത്തിത്തുടങ്ങിയിട്ടില്ല. വളം ശേഖരിച്ചു വയ്ക്കാൻ സഹകരണ സംഘങ്ങൾ തയാറായാൽ കഴിഞ്ഞ കാലങ്ങളിലെ പോലെ ക്ഷാമം നേരിടുകയില്ല. ജില്ലയിൽ ഇക്കുറി 30,000 ഹെക്ടറിൽ കൃഷി നടത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

അതിനനുസരിച്ചു വളം കരുതണം. ബണ്ട് ചതിച്ചാൽ കാലവർഷക്കെടുതി മൂലം പുറം ബണ്ടു തകർച്ച ഉണ്ടാകുന്നതാണു കർഷകർ നേരിടുന്ന വലിയ ദുരന്തം. കഴിഞ്ഞ പുഞ്ച സീസണിൽ 15ൽ പരം പാടങ്ങൾ മടവീണു നശിച്ചിരുന്നു. കുട്ടനാട് പാക്കേജിൽ പെടുത്തി എല്ലാ പാടശേഖരങ്ങളുടെയും പുറം ബണ്ട് കെട്ടുമെന്നു പ്രഖ്യാപിച്ചതല്ലാതെ ഒന്നു നടന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചവ പലതും നിർമാണത്തിലെ അപാകത മൂലം മാസങ്ങൾ കഴിയും മുൻപേ നശിച്ചിരുന്നു. കുട്ടനാട് പാക്കേജിൽ പ്രതീക്ഷ അർപ്പിച്ചിരുന്നതിനാൽ പുറം ബണ്ട് ബലപ്പെടുത്തുന്നതിൽ നിന്നു വർഷങ്ങളായി കർഷകർ പിൻവലിഞ്ഞിരുന്നു. മാത്രമല്ല ബണ്ടു ബലപ്പെടുത്താൻ വിവിധ പദ്ധതികൾ വഴി അനുവദിച്ചിരുന്ന തുകയും നിലച്ചു.