Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഞ്ചക്കൃഷിക്ക് കോട്ടയം ഒരുങ്ങുന്നു, കർഷകർ പ്രതീക്ഷയുടെ പാടത്ത്

കുമരകം∙ പ്രളയത്തിൽ വിരിപ്പുകൃഷി നശിച്ചതിനാൽ ഈവർഷം പുഞ്ചക്കൃഷി ഇറക്കുന്ന പാടശേഖരങ്ങളുടെ എണ്ണം കൂടി. കോട്ടയം ജില്ലയിൽ 16,750 ഹെക്ടർ സ്ഥലത്ത് ഇത്തവണ നെൽക്കൃഷിയുണ്ടാകുമെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. പോയവർഷം 15,000 ഹെക്ടർ സ്ഥലത്താണ് പുഞ്ചക്കൃഷിയിറക്കിയത്. 7000 ഹെക്ടറിൽ വിത കഴിഞ്ഞു.

നേരത്തേ വിതച്ചിടത്ത് ഇപ്പോൾ നടീൽക്കാലമാണ്. വിതയ്ക്കാനുള്ള പാടശേഖരങ്ങളിലെ പമ്പിങ്ങും നിലമൊരുക്കലും നടന്നുവരുന്നു. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, വെച്ചൂർ തലയാഴം, നീണ്ടൂർ പാടശേഖരങ്ങളിൽ കൃഷിക്കാലമായി. വിത്ത്, പണം, സൗജന്യം പുഞ്ചക്കൃഷിയിറക്കുന്ന കർഷകർക്ക് ഏക്കറിനു 40 കിലോ നെൽവിത്ത് കൃഷിവകുപ്പിന്റെ സൗജന്യം. സർക്കാരിന്റെ 5500 രൂപ ധനസഹായവുമുണ്ട്, കൂടാതെ സബ്സിഡി വേറെയും. തൊഴിലാളി ക്ഷാമം വലയ്ക്കും നടീലിനും കളപറിക്കലിനും തൊഴിലാളികളെ കിട്ടാനില്ല.

കഴിഞ്ഞവർഷം സ്ത്രീ തൊഴിലാളികൾക്കു പ്രതിദിനം 400 രൂപയായിരുന്നു കൂലി. ഇത്തവണ 450. വളം ക്ഷാമം പുഞ്ചക്കൃഷി സീസണിൽ വളത്തിനു ക്ഷാമം പതിവാണെന്നു കർഷകർ. ക്ഷാമമാകുന്നതോടെ വ്യാപാരികൾ വിലകൂട്ടും. എക്കൽ അടിഞ്ഞ പാടശേഖരങ്ങളിൽ ആമ്പൽ പൂത്തുനിൽക്കുന്നു. പാടങ്ങളിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്ന മുറയ്ക്കു ട്രാക്ടറും ട്രില്ലറും ഉപയോഗിച്ച് ആമ്പലുകൾ ഉഴുത് മണ്ണിനടിയിലാക്കിയ ശേഷമാണ് വിത. ആമ്പലുകൾ അഴുകുന്നതു നെല്ലിനു വളവുമാണ്.

മണ്ണു പരിശോധിച്ച് ആവശ്യമായ വളംമാത്രം കൃഷിക്കിടുന്ന പ്രവണതയും കൂടുന്നുണ്ട്. പ്രാദേശിക ഗവേഷണകേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മണ്ണു പരിശോധനയ്ക്കു സൗകര്യവുമുണ്ട്. എക്കലും വളം വെള്ളപ്പൊക്കത്തെ തുടർന്നു പാടശേഖരങ്ങളിൽ ധാരാളമായി എക്കൽ അടിഞ്ഞതു കർഷകർ ഭാഗ്യമായി കാണുന്നുണ്ട്. ഇതു വിളവു കൂട്ടുമെന്നാണ് പ്രതീക്ഷ.