Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബിന്റെ ഹരിതരാജ്യം

kozhikode-koodarinji

ഇവന്റ്‌ മാനേജ്മെന്റ് രംഗത്തു പ്രവർത്തിച്ചിരുന്ന കൂടരഞ്ഞി മംഗലത്തിൽ ജേക്കബ് മാത്യു ഇന്നു പുതിയൊരു ദൗത്യത്തിലാണ്; മണ്ണിൽ അതിജീവനത്തിന്റെ ഹരിതപാഠം തീർക്കുകയെന്ന ദൗത്യം. നിലവിലുള്ള കർഷകരെയും പുതുതലമുറയെയും ജൈവകൃഷിയിൽ ആകൃഷ്ടരാക്കാനുള്ള ശ്രമത്തിലാണ് ഈ യുവ കർഷകൻ. വീട്ടിപ്പാറയിൽ വീടിനോടു ചേർന്നുള്ള സ്വന്തം കൃഷിയിടം ജൈവ കൃഷിത്തോട്ടമാക്കി മാറ്റിയിരിക്കുന്നു ജേക്കബ്. ജൈവകൃഷി ഒരേസമയം മാതൃകയും പരീക്ഷണവും ആക്കിയിരിക്കുകയാണ് ഇവിടെ.

അമിത രാസവളപ്രയോഗവും രാസ കീടനാശിനി ഉപയോഗവും മണ്ണിന്റെ ജീവൻ നഷ്ടപ്പെടുത്തി എന്ന തിരിച്ചറിവിൽനിന്നാണ് ഈ യുവാവ് കൃഷിയിടത്തിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി ജൈവരീതികൾ പ്രയോഗിക്കുന്നത്. മണ്ണിനു ജീവൻ നൽകുന്ന കൃഷിരീതിക്കായുള്ള അന്വേഷണം അവിടെത്തുടങ്ങി. സുഭാഷ് പലേക്കറിന്റെ ചെലവില്ലാ കൃഷിരീതി മുതൽ മസനോബു ഫുക്കുവോക്കയുടെ കൃഷിരീതികളടക്കം ഒട്ടേറെ ജൈവരീതികൾ പഠിക്കുന്നതിനു പരിശ്രമിച്ചു. 

ഇതിനായി വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്തു. മികച്ച ജൈവകൃഷിത്തോട്ടങ്ങളും സന്ദർശിച്ചു. ഇതോടൊപ്പം കാലിക്കറ്റ് സർവകലാശാലയുടെജൈവകൃഷി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു ശാസ്ത്രീയ കൃഷിരീതികളും പഠിക്കുന്നു. ജേക്കബ് തന്റെ കൃഷിയിടത്തിൽ രാസവള പ്രയോഗം തീർത്തും ഉപേക്ഷിച്ചെന്നു പറയുന്നു. വിവിധ രീതികൾ സംയോജിപ്പിച്ചാണ് അഞ്ചേക്കർ പുരയിടത്തിൽ കൃഷി ചെയ്യുന്നത്. 

kozhikode-jacob-mathew

സൗരോർജവളം

വീടിനു താഴ്ഭാഗത്തേക്കുള്ള ഒന്നരയേക്കർ കൃഷിയിടം ജൈവകൃഷി പരീക്ഷണശാലയാണെന്നു പറയാം. ഇവിടെ മുൻപു കൃഷിചെയ്തിരുന്ന തെങ്ങ്, കേടുവരാത്ത കമുക്, ജാതി എന്നിവ നിലനിർത്തി. പുതുതായി കുരുമുളക് കൊടികൾ ഇൻഡർസെ മംഗള കമുകുകൾ, കാപ്പി എന്നിവ കൃഷി ചെയ്തുതുടങ്ങി. സൗരോർജമാണ് മണ്ണിന്റെ വളക്കൂറ് എന്ന സത്യം മനസ്സിലാക്കിയാണ് ഈ വിളകളുടെ തിരഞ്ഞെടുപ്പ്. സൂര്യപ്രകാശം ഒട്ടും നഷ്ടപ്പെടുത്താതെ പലതട്ടിൽ വിളകൾ വരുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. 

വേണം മികച്ചവിളകൾ

മംഗളൂരുവിലെ മികച്ച തോട്ടത്തിൽനിന്നുള്ള അടയ്ക്കയാണ് തൈകളുണ്ടാക്കാൻ കൊണ്ടുവന്നത്. അഞ്ഞൂറിനടുത്തു കമുകുകൾ ഇവിടെയുണ്ട്. സി ഇന്റു ആർ കാപ്പി തമിഴ്നാട്ടിൽനിന്നു തൈകളായി വാങ്ങിനട്ടു. 500 കാപ്പിത്തൈകൾ ഇപ്പോഴുണ്ട്. എഴുനൂറോളം കുരുമുളകു കൊടികളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

കിളിഞ്ഞിൽ താങ്ങുമരമായുള്ള ഈ കൃഷിയിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള പന്നിയൂർ, കരിമുണ്ട, പൗർണമി, പഞ്ചമി, ശ്രീകര, ശുഭകര, തേവം മുതലായവയും കോഴിക്കോട് അടയ്ക്ക സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള വിജയ് ഇനവുമാണ് കൃഷി ചെയ്തിരിക്കുന്നത്. ശാസ്ത്രീയമായാണ് വിളകളുടെ വിന്യാസം. ഒരേ വിളകൾ തമ്മിൽ പത്തടി അകലവും വിളകൾ തമ്മിൽ അഞ്ചടി അകലവും പാലിച്ചാണ് കൃഷി.

പുതയിടീൽ പ്രധാനം

ജൈവകൃഷിയിൽ പുതയിടീലിനു പ്രാധാന്യമുണ്ട്. വിളകളുടെ അവശിഷ്ടങ്ങൾ, ചകിരി മുതലായവയാണ് പുതയിടീലിന് ഉപയോഗിക്കുക. തെങ്ങിൻചുവട്ടിൽ ചകിരിയും മടലും പോലെയുള്ള അവശിഷ്ടങ്ങളും പുതയായി ഇടുന്നു. ഇതിലൂടെ തെങ്ങിൻതടം ജൈവസമ്പുഷ്ടമായി മാറുന്നതായി പറയുന്നു. കൊടിക്ക്, താങ്ങുമരമായുള്ള കിളിഞ്ഞിലിന്റെ ചവറാണ് പുതയിടുന്നത്. മൃഗങ്ങളുടെ കാഷ്ഠങ്ങൾ വളമായി ഉപയോഗിക്കുന്നു. കോഴി, ആട് എന്നിവയുടെ കാഷ്ഠമാണ് വിളകളുടെ ചുവട്ടിൽ വളമായി പ്രയോഗിക്കുന്നത്.

ജീവാമൃതം മണ്ണിനു ജീവൻ

കാസർകോടൻ കുള്ളൻ പശുക്കളെയും ഒരു കിടാവിനെയും ഇവിടെ വളർത്തുന്നുണ്ട്. നാടൻ പശുക്കളാണ് ജൈവകൃഷിക്ക് ഏറ്റവും യോജ്യം എന്നു മനസ്സിലാക്കി വടകരയിൽനിന്ന് ഇവയെ വാങ്ങുകയായിരുന്നു.  ഇവയുടെ ചാണകം ജീവാമൃതം തയാറാക്കാൻ ഉപയോഗിക്കുന്നു. പച്ചച്ചാണകവും ഗോമൂത്രവും പയറുപൊടിയും വിവിധയിനം പിണ്ണാക്കുകളും ശർക്കരയും ജൈവമണ്ണും ചേർത്ത് നേർപ്പിച്ച ജീവാമൃതം ചെടിയുടെ ചുവട്ടിൽ നേരിട്ടും സ്പ്രിംഗ്ലർ മുഖേനയും പ്രയോഗിക്കുന്നു. ജീവാമൃതം പ്രയോഗിച്ച വിളകളിൽ വേനൽക്കാലത്ത് ക്ഷീണമുണ്ടായിട്ടില്ലെന്നു ജേക്കബ് പറയുന്നു. ഈ വളപ്രയോഗം വിളകളെ രോഗബാധകളിൽനിന്ന് അകറ്റിനിർത്തുമെന്നും സാക്ഷ്യപ്പെടുത്തുന്നു; അനുഭവത്തിലൂടെ.

സംയോജിത  കൃഷിക്കാലം

സമ്മിശ്ര കൃഷിരീതികൾ പിന്തുടരുന്ന ഈ കർഷകൻ കുള്ളൻ പശുക്കൾക്കു പുറമേ നാടൻകോഴികൾ, മുയൽ, മീൻ എന്നിവയും വളർത്തുന്നുണ്ട്. കൂടരഞ്ഞി കൃഷിഭവനിൽനിന്ന് അനുവദിച്ച മഴമറയിൽ എല്ലാ മാസവും പച്ചക്കറിക്കൃഷിയുണ്ട്. അതോടൊപ്പം ഇടവിളയായി വാഴ, ഇഞ്ചി, മഞ്ഞൾ, ചേന മുതലായവയും ഫലവർഗങ്ങളും വീടിനു മുകൾഭാഗത്ത് കൊക്കോ കൃഷിയും ചെയ്തുവരുന്നു. കൃഷിവകുപ്പ് ‘ആത്മ’ പദ്ധതിയിൽ സംയോജിത കൃഷിത്തോട്ടമായി തിരഞ്ഞെടുത്തതിനാൽ കൃഷി വിപുലമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ജേക്കബ്. കൃഷിഭവൻ ഉദ്യോഗസ്ഥർ ഈ യുവാവിനുവേണ്ട പിന്തുണയെല്ലാം നൽകുന്നു.

പിന്തുണയുമായി  കുടുംബം

കർഷക കുടുംബത്തിൽ ജനിച്ച ഭാര്യ റീജ കൃഷികാര്യങ്ങളിൽ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. വിദ്യാർഥികളായ മക്കൾ മെൽവിൽ, ഹാനിൽ, എവ്‍ലിൻ എന്നിവരും കൃഷിയോട് ആഭിമുഖ്യമുള്ളവർതന്നെ.   കൃഷിയിൽ ഏറ്റവും വലിയ പ്രചോദനമായി ജേക്കബ് കാണുന്നതു കായികാധ്യപകനായി വിരമിച്ച, മികച്ച കൃഷിമാതൃക കാണിച്ചുതന്ന പിതാവ് മാത്യുവിനെയാണ്. മാതാവ് റോസമ്മയും സഹോദരൻ ജോജുവും നൽകുന്ന പിന്തുണയും മറക്കുന്നില്ല. ജേക്കബിന്റെ ഹരിതലോകം സൗഹൃദത്തിന്റേതാണ്,  പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും ഇണങ്ങിച്ചേരുന്ന ഇവിടം  ജൈവസംസ്കൃതിയുടെ വിളനിലവും. ഫോൺ: 9656041090.