Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിക്കാം... പക്ഷേ, തോൽപിക്കാൻ കഴിയില്ല ഈ കർഷകനെ

Wayanad-shaji

കൃഷി നശിക്കുകയോ, വിലയിടിവുമൂലം നഷ്ടം സംഭവിക്കുകയോ ചെയ്താൽ കൂടുതൽ കൃഷിയിറക്കി വിജയം കൈവരിക്കുന്ന കർഷകനായി കാപ്പിസെറ്റിലെ ചെറുകിട കർഷകൻ നെടുങ്കാലായിൽ ഷാജി (56). പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പത്തോളം സ്ഥലത്താണു ഷാജിയുടെ വൈവിധ്യമായ കൃഷികൾ. 5 വർഷം ഇഞ്ചിക്കൃഷിയിൽ കനത്ത നഷ്ടം ഏറ്റുവാങ്ങിയ ഷാജി, വൻ ചെലവുള്ള ഇഞ്ചിക്കൃഷി കുറച്ച് മറ്റു കൃഷികളിലേക്കു കുടിയേറി.

80 സെന്റ് സ്ഥലം മാത്രമുള്ള ഷാജിയുടെ കൃഷികൾ പച്ചപിടിക്കുന്നത് ആദിവാസി കോളനിയിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുമെല്ലാമാണ്. പരമ്പരാഗത കൃഷിയറിവ് കൈമുതലാക്കി ജൈവരീതിയിൽ മാത്രമാണു കൃഷി. പയർ, പാവൽ, പടവലം, വഴുതന, തക്കാളി, ബീൻസ്, ചോളം, മത്തൻ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും വിളയിക്കുന്നുണ്ട് ഷാജി. കപ്പ, കാച്ചിൽ, ചേന, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കൂർക്ക, നിലക്കടല എന്നിവയുടെ കൃഷികൂടാതെ കാപ്പി, കുരുമുളക് നഴ്സറികളും ഇദ്ദേഹത്തിനുണ്ട്.

പച്ചക്കറിക്കു വിലകുറഞ്ഞാൽ അവയത്രയും സൗജന്യമായി നാട്ടുകാർക്കു നൽകുകയെന്നതാണ് ഷാജിയുടെ രീതി. ചെറിയ വിലയ്ക്കു പച്ചക്കറിത്തൈകളും നൽകും. എല്ലാത്തരം പച്ചക്കറിയും നന്നായി വിളയുന്ന മണ്ണാണ് ഇവിടുത്തേതെന്നാണ് ഈ കർഷകന്റെ അഭിപ്രായം. കൃത്യമായി സമയങ്ങളിൽ വളവും പരിചരണവും നൽകണമെന്നു മാത്രം.

ജൈവരീതിയിൽ വിളയിക്കുന്ന പച്ചക്കറിക്ക് നല്ല ഡിമാൻഡുണ്ട്. ഓർഡർ അനുസരിച്ച് പറിച്ചുനൽകും. ഒരു സീസണിൽ ഒരുവില. ഏറ്റക്കുറച്ചിലില്ല. തനി നാടൻ ഇനങ്ങളായ നീലമുണ്ടി, കാണിയക്കാടൻ കുരുമുളകിനും ചന്ദ്രഗിരി കാപ്പിതൈകൾക്കും ഏറെപ്രിയം. പലകൃഷികൾ ചെയ്യുമ്പോൾ ഏതെങ്കിലുമൊക്കെ കനിയുമെന്നതാണു ‘ഷാജിശാസ്ത്രം’. വിലകുറഞ്ഞാൽ കൃഷി കൂടുതൽ മെച്ചപ്പെടുത്തണമെന്ന ഉപദേശമാണു ഷാജി നൽ‌കുന്നത്.

കഴിവതും സ്വന്തമായി കൃഷി ചെയ്യുക, ജൈവ ഉൽപന്നം വിളയിക്കുക എന്നും പറയുന്നു.  ദിവസവും എല്ലാ തോട്ടത്തിലുമെത്തി കൃഷി വിലയിരുത്തുന്ന ഷാജിക്കു പിന്തുണയും സഹായവുമായി ഭാര്യ ഓമനയും ഒപ്പമുണ്ട്. കൃഷിയിൽ തൽപരനായ സുഹൃത്ത് കുപ്പമല രാജുവാണ് വർഷങ്ങളായി ഷാജിക്ക് സാമ്പത്തിക സഹായം നൽകി കൃഷിയിൽ പിടിച്ചുനിർത്തുന്നത്. നാട്ടിൻപുറത്തെ കർഷകർക്ക് പ്രായോഗിക കൃഷിയറിവുകൾ നൽകാൻ ഈ കർഷകന് മടിയേതുമില്ല. ഫോൺ: 9020205720.