Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടയ്ക്ക പറിക്കാൻ ആപ്പിനെ വിളിക്കാം

കരുമാലൂർ ∙ അടയ്ക്ക പറിക്കാൻ ആളെക്കിട്ടാതായപ്പോൾ യന്ത്രം കണ്ടുപിടിച്ചു മാഞ്ഞാലി എസ്എൻജിസ്റ്റ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർഥികൾ. ഒരുവർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അഞ്ചു വിദ്യാർഥികൾ ചേർന്ന് യന്ത്രം രൂപകൽപന ചെയ്തത്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണു പ്രവർത്തനം നിയന്ത്രിക്കുന്നത്. 3.5 കിലോഗ്രാം ഭാരമുള്ള യന്ത്രം റീച്ചാർജബിൾ ബാറ്ററിയുടെ സഹായത്തോടെയാണു പ്രവർത്തിപ്പിക്കുന്നത്. ഒരുവട്ടം ചാർജ് ചെയ്താൽ പതിനഞ്ചോളം മരത്തിൽ കയറാനാവുമെന്നാണു വിദ്യാർഥികൾ പറയുന്നത്. 

മനുഷ്യന്റെ കൈകാലുകൾ പോലെ പ്രവർത്തിപ്പിക്കാവുന്ന തരത്തിൽ യന്ത്രത്തിന്റെ ഇരുവശങ്ങളിലും കപ്പികൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ യന്ത്രം കമുകിൽ ചേർത്തു കോർത്തു നിർത്തും. തുടർന്ന് മൊബൈൽ ആപ് വഴി നിർദേശം നൽകുന്നതോടെ യന്ത്രം  മുകളിൽ എത്തും. 

അടയ്ക്ക അരിഞ്ഞിടാൻ കത്തിയും യന്ത്രത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. മൊബൈൽ നിർദേശം നൽകുന്നതിനനുസരിച്ചു വിപരീത ദിശയിൽ യന്ത്രം സുരക്ഷിതമായി താഴെയെത്തും. അസി. പ്രഫസർമാരായ ദിനുലാൽ, എം.എസ്. മനീഷ്, എെഇഡിസി കോഓർഡിനേറ്റർ എസ്. ശ്രീജിത്ത് എന്നിവരുടെ സഹായത്തോടെ അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികളായ ജ്യോതിഷ്, അമൽ തോമസ്, ആരതി പൗലോസ്, പി.എ. അമൽ, നോബിൾ പോൾ എന്നിവർ ചേർന്നാണു യന്ത്രം വികസിപ്പിച്ചത്.