Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവാണുക്കളെ കാര്യക്ഷമമായി ഉപയോഗിക്കാൻ രണ്ടു സാങ്കേതികവിദ്യകൾ

3

മിത്രകീടങ്ങളെയും ജീവാണുക്കളെയും ലബോറട്ടറികളിൽ കൾച്ചർ ചെയ്തു വളർത്തിയശേഷം  യോജ്യമായ ഖരമാധ്യമവുമായി ചേർത്താണ് പലപ്പോഴും വിപണിയിൽ എത്തിക്കുന്നത്. ഇതിനായി ഉൽപാദക കമ്പനികൾ കൂടുതലായി ഉപയോഗിക്കുന്നത് ചോക്കുപൊടിയാണ്. വിപണിയിൽ ലഭ്യമായ മിക്ക  ജൈവനിയന്ത്രണ ഉൽപന്നങ്ങളിലും ചോക്കുപൊടി കാണാം. എന്നാൽ ചോക്കുപൊടിക്ക് ഇത്തരം ഉൽപന്നങ്ങളിലെ പ്രധാന ഘടകമായ സൂക്ഷ്മാണുക്കളുെട ജീവൻ കൂടുതൽ കാലം നിലനിർത്താൻ കഴിയില്ലെന്ന പോരായ്മയുണ്ട്. തന്മൂലം പഴക്കം ചെല്ലുന്തോറും ഇവയുടെ കാര്യക്ഷമത ഇല്ലാതാവും. ഈ പ്രതിസന്ധിക്ക് പരിഹാരമായി ഐഐഎസ്ആർ ചില സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്.

4

ബയോക്യാപ്സൂൾ: ജലാറ്റിൻ ക്യാപ്സൂളുകളിൽ ചില പ്രത്യേക രാസക്കൂട്ടുകൾ േചർത്ത് സൂക്ഷ്മാണുക്കളെ നിറച്ചാൽ  അവയുടെ കാര്യക്ഷമത ഒട്ടും കുറയാതെ ഒരു വർഷത്തിലേറെ നിലനിർത്താനാവും. കൃഷിയിടത്തിൽ പ്രയോഗിക്കുന്നതിനു 12 മണിക്കൂർ മുമ്പ് ഈ ക്യാപ്സൂൾ വെള്ളത്തിൽ കലർത്തി  വിദഗ്ധശുപാർശപ്രകാരം ഉപയോഗിക്കാം. കൈകാര്യം ചെയ്യാനും ശേഖരിച്ചുവയ്ക്കാനും വിപണനം നടത്താനും നിലവിലുള്ള സാങ്കേതികവിദ്യയെക്കാൾ ഏറെ മെച്ചമാണിത്. ഉൽപാദനച്ചെലവും വളരെക്കുറവ്.  ഏതു തരം സൂക്ഷ്മാണുക്കളടങ്ങിയ ഉൽപന്നങ്ങൾക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. ഐഐഎസ്ആർ പേറ്റന്റുള്ള  ഈ സാങ്കേതികവിദ്യ  ഇതിനകം രണ്ട് സ്ഥാപനങ്ങൾക്ക് കൈമാറിക്കഴിഞ്ഞു.

സീഡ് കോട്ടിങ്: സൂക്ഷ്മാണുക്കളുെട  ദ്രവരൂപത്തിലുള്ള മിശ്രിതം തയാറാക്കി വിത്തുകൾ അതിൽ മുക്കിയുണക്കുന്ന സാങ്കേതികവിദ്യയാണിത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെയൊക്കെ വിത്തിൽ ഇതു പ്രയോഗിക്കാം. ഇപ്രകാരം തയാറാക്കിയ വിത്തുകൾ നന്നായി മുളയ്ക്കുകയും ആരോഗ്യമുള്ള തൈകൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യയും ഒരു കമ്പനിക്ക് കൈമാറിയിട്ടുണ്ട്.