Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണമെങ്കിൽ നെല്ല് പാറപ്പുറത്തും

മറയൂർ ∙ പരിശ്രമിച്ചാൽ പാറപ്പുറത്തും നെല്ലു വിളയിക്കാം എന്നു തെളിയിക്കുകയാണു കീഴാന്തൂർ ഗ്രാമവാസികൾ. കണക്കയം കോളനിയിലെ പാറപ്പുറത്താണ് ഇവർ നെൽക്കൃഷി ചെയ്ത് വിളവെടുക്കുന്നത്. കാലങ്ങളായി ചെയ്തുവരുന്ന പരമ്പരാഗതമായ രീതിയിലാണ് മണ്ണൊരുക്കുന്നതും ഞാറു നടുന്നതും കൃഷി പരിപാലിക്കുന്നതുമെല്ലാം. അഞ്ചുനാട്ടിലെ മണ്ണും പ്രകൃതിയും ഇതുവരെയും നെൽക്കൃഷി ചെയ്തവരെ ചതിച്ചിട്ടില്ല. 

കലപ്പ ഉപയോഗിച്ച് കാളകളെ പൂട്ടിയാണ് ഇപ്പോഴും നിലം ഒരുക്കുന്നത്. വിളവെടുക്കുന്ന കതിർ കറ്റ മെതിച്ചാണ് നെല്ലു വേർതിരിച്ചെടുക്കുന്നത്. വിത്ത് വിതയ്ക്കുന്നതിനും നടീൽ നടത്തുന്നതിനും ഒട്ടുംതന്നെ ഇപ്പോഴും യന്ത്രസംവിധാനങ്ങൾ ഈ പാടശേഖരങ്ങളിൽ എത്തിയിട്ടില്ല. ഒന്നര പതിറ്റാണ്ട് കൊണ്ട് പാരമ്പര്യമായി കൃഷി ചെയ്തുവന്നിരുന്ന വെറ്റിലചെമ്പ, ജീരകചെമ്പ തുടങ്ങിയ വിത്തിനങ്ങൾ ഇല്ലാതായെങ്കിലും പുതിയ ഇനം കോ 51 ഇനം വിത്തുപയോഗിച്ചാണ് കൃഷിചെയ്തു വരുന്നത്.

പോഷക സമൃദ്ധമായ ഒട്ടേറെ വിത്തിനങ്ങൾ ഇന്ന് മറയൂർ മലനിരകളിൽ നിന്നു മറഞ്ഞുകഴിഞ്ഞു. ലാഭത്തിനു വേണ്ടി മാത്രമല്ല ജീവിതചര്യയുടെ ഭാഗമായാണ് ഇവർ നെൽക്കൃഷിയെ സമീപിക്കുന്നത്. മന്നവൻചോലയുൾപ്പെടെയുള്ള മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന നീരുറവകളെ ആശ്രയിച്ചാണ് ഒരടി പോലും മണ്ണില്ലാത്ത പാറയ്ക്കു മുകളിൽ സ്വന്തം ആവശ്യത്തിനും വിത്തിനും വേണ്ടി ഗ്രാമവാസികൾ നെൽക്കൃഷി ചെയ്തുവരുന്നത്. 

കീഴാന്തൂർ ഗ്രാമവാസികളായ സി.എ. സുബ്രഹ്മണ്യൻ, ശങ്കരൻ, സുകുമാരൻ, ശിവകുമാർ, പപ്പരവാഹനൻ, രാമകൃഷ്ണൻ, സച്ചിദാനന്ദൻ, ഗോദണ്ഡപാണി, വാസുദേവൻ, പളനിസ്വാമി, കെ.കെ വിനായകൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് കഠിനപരിശ്രമത്തിലൂടെ ഇന്നും നെൽക്കൃഷി കൈവിടാതെ വിളയിച്ചുവരുന്നത്. കണക്കയം കുടിയിലെ ആദിവാസികളും ഇതേ രീതിയിൽ നെൽക്കൃഷി ചെയ്തുവരുന്നുണ്ട്.