Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഴലിലൂടെ വെള്ളമെത്തും; കൃത്യമാണ് ഈ കൃഷിരീതി

pathanamthitta-new-technique-farming

മാരൂർ(അടൂർ)∙ ഏനാദിമംഗലം കൃഷിഭവന്റെ പരിധിയിൽ ദമ്പതികൾ പച്ചക്കറി കൃഷിക്ക് ഹൈടെക് കൃഷി രീതി പരീക്ഷിക്കുന്നു. കാടുപിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കിയെടുത്ത് റബറിനും കാപ്പിക്കും ഇടവിളയായി പച്ചക്കറി കൃഷി ഇറക്കി ദമ്പതികളായ മാരൂർ വാഴവളയിൽ ആനന്ദരാജും ബി. ഷൈനിയുമാണ് കൃത്യത കൃഷി രീതി (ഓപ്പൺ പ്രിസിഷൻ ഫാമിങ്) പരീക്ഷിക്കുന്നത്.

ഇവരുടെ കൃഷിയിടത്തിലെ 50 സെന്റിലാണ് കൃഷി. ഏനാദിമംഗലം കൃഷി ഓഫിസർ ഷിബിന ഇല്യാസ്, അസിസ്റ്റന്റ് കൃഷി ഓഫിസർ കെ. സുരേഷ്കുമാർ, കൃഷി അസിസ്റ്റന്റ് രാജേഷ് ചന്ദ്രെ എന്നിവരുടെ പിന്തുണയോടെയാണ് ഈ രീതിയിൽ ഇവർ പരീക്ഷണം നടത്തുന്നത്. പച്ചമുളക്, വെണ്ട, കോളിഫ്ലവർ, കാബേജ്, അമര, കുറ്റിപ്പയർ, വള്ളിപ്പയർ, ഉണ്ടമുളക് എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. തികച്ചും ജൈവ രീതിയിലാണ് കൃഷി. ചകിരിച്ചോറും ജീവാണു വളവുമാണ് ഉപയോഗിക്കുന്നത്.

കൃഷിയുടെ പ്രത്യേകത

അധ്വാനം, വളം, വെളളം എന്നിവ പരമാവധി കുറച്ച് ഉൽപ്പാദനം കൂട്ടാനുള്ള ഉത്തമമായ മാർഗമാണിത്. ഒരോ തുള്ളി വെള്ളവും വേരുപടലത്തിൽ തന്നെ എത്തിക്കാൻ കഴിയുന്നുവെന്ന് മാത്രമല്ല വെള്ളത്തോടൊപ്പം വളവും കണിക രൂപത്തിൽ ഡ്രിപ്പുകളിലൂടെ നൽകുന്നു. പച്ചക്കറി കൃഷിക്കനുയോജ്യമായ സൂര്യപ്രകാശം ലഭിക്കുന്ന ഏതു സ്ഥലവും ഇതിനായി തിരഞ്ഞെടുക്കാം.

കൃഷി ചെയ്യുന്ന രീതി

മണ്ണു നന്നായി ഇളക്കിയിട്ട ശേഷം ഒരു മീറ്റർ വീതിയും 15 സെ.മീ. ഉയരവുമുള്ള പണകൾ തയ്യാറാക്കണം. ഇതിനു ശേഷം മണ്ണിൽ കുമ്മായം ഇട്ട് ഇളക്കണം. തിരഞ്ഞെടുക്കുന്ന പച്ചക്കറിയുടെ വളർച്ചാ രീതിക്കനുസരിച്ച് ഡ്രിപ് ലൈനർ ഇട്ട് കൊടുക്കണം. കുമ്മായം ഇട്ട് 7 ദിവസം കഴിഞ്ഞ് പണയുടെ മുകളിലായി പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. ഡ്രിപ്പുകൾ വരുന്ന സ്ഥലങ്ങളിൽ രണ്ടിഞ്ച് വ്യാസത്തിലുള്ള തുളയിട്ട് പച്ചക്കറി തൈകൾ നട്ടു തുടങ്ങാം.