Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴഞ്ചേരി പഞ്ചായത്തിൽ തരിശുനില കൃഷി വ്യാപിപ്പിക്കുന്നു

pathanamthitta-mini-shyam

കോഴഞ്ചേരി ∙ വയലുകൾ തരിശുരഹിതമാക്കിക്കൊണ്ട്, പോയകാലത്തിന്റെ കാർഷികസമൃദ്ധിയെ തിരികെപ്പിടിക്കാൻ കോഴഞ്ചേരി പഞ്ചായത്ത് സമഗ്ര നെൽകൃഷിയിലേക്ക്. പഞ്ചായത്ത് പരിധിയിൽ വർഷങ്ങളായി തരിശ് കിടന്ന പാടശേഖരങ്ങളിൽ മുഴുവനും നെൽകൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായി പഞ്ചായത്ത് മുന്നോട്ട് പോവുകയാണ്.

ഇടയോടി, മൂളാർമണ്ണ്, സ്തുതിക്കാട്, തോളൂപറമ്പിൽ, പോത്തോലി പാടശേഖരങ്ങളിലെ 150 ഏക്കറിലധികം സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കുന്നത്. ഇനി തരിശുനിലമായി അവശേഷിക്കുന്നത് 30 ഏക്കറോളം മാത്രം. ഇവിടെ അടുത്ത സീസണിൽ കൃഷിയിറക്കുന്നതിനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത്. 

വിത്ത് സൗജന്യം

പഞ്ചായത്തിലെ തരിശ് കിടന്ന പാടശേഖരങ്ങളിൽ വിതയ്ക്കുന്നതിനുള്ള വിത്ത് കൃഷി ഭവനിൽ നിന്ന് സൗജന്യമായിട്ടാണു നൽകുന്നത്. 

കൂടാതെ തരിശ് കിടന്ന പാടശേഖരത്തിൽ വീണ്ടും കൃഷി പുനരാരംഭിക്കുന്നതിനു നിലം ഒരുക്കുന്നതിന് സർക്കാരിൽ നിന്ന് 25,000 രൂപയും നിലം ഉടമയ്ക്ക് 5,000 രൂപയും സഹായമായി ലഭിക്കും. 110–120 ദിവസം വിളവ് മാത്രം വേണ്ടുന്ന ഉമ നെൽവിത്താണു വിതച്ചത്.

തോളൂപറമ്പിൽ പാടത്ത് വിത്തിട്ടു

തരിശുരഹിത പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി സ്തുതിക്കാട്ട് – തോളൂപറമ്പിൽ പാടശേഖരത്തിൽ വിത്തെറിഞ്ഞു. മൂന്നു പതിറ്റാണ്ടിലേറെയായി തരിശുകിടന്ന പാടശേഖരമാണിത്. ഇവിടെ 25 ഹെക്ടർ സ്ഥലത്താണു വിത്തെറിഞ്ഞത്. പരമ്പരാഗത കർഷക തൊഴിലാളികളുടെ അഭാവവും കൂലിച്ചെലവും വർധിച്ചതോടെയാണ് ഇവിടെ നെൽകൃഷി നിലച്ചുപോയത്. പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കുന്നത്. പൂർണപിന്തുണയുമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തും രംഗത്തുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹൻ വിത്തെറിയൽ കർമം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രകാശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറി മാത്യു സാം, പഞ്ചായത്തംഗങ്ങളായ ലതാ ചെറിയാൻ, സാറാമ്മ ഷാജൻ, സോണി കൊച്ചുതുണ്ടിയിൽ, ഡി.ശ്രീരാജ്, എബ്രഹാം തോമസ്, ആൽവിൻ, കൃഷി ഓഫിസർ എസ്.കവിത, അസിസ്റ്റന്റ് കൃഷി ഓഫിസർ ബൈജു ഗോപാൽ എന്നിവർ പ്രസംഗിച്ചു.