Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേച്ചേരിവാക്ക പാടത്ത് മടകുത്തൽ തുടങ്ങി; ഒഴിവായത് വൻ കൃഷിനാശം

alappuzha-pulikunnu-paadam

കുട്ടനാട് ∙മടവീഴ്ചയുണ്ടായ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരിവാക്ക പാടശേഖരത്തിലെ മടകുത്തുന്ന ജോലികൾ ആരംഭിച്ചു.വെള്ളം ഒഴുകിയെത്തുന്ന പ്രധാന തോട്ടിൽ മടതടയാൻ സാധിച്ചതിനാൽ വൻ കൃഷിനാശം ഉൾപ്പടെയുള്ള അപകടം ഒഴിവായി. മടവീഴ്ചയെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽ അടിഞ്ഞുകൂടിയ എക്കൽ നിമിത്തം അഞ്ചേക്കറോളം സ്ഥലത്തെ കൃഷി നശിച്ചെങ്കിലും 205 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലെ ബാക്കിയുള്ള സ്ഥലത്തെ കൃഷി രക്ഷപ്പെടുത്താൻ സാധിച്ചു. 

അതേസമയം, മടകുത്തുവാൻ 5 ലക്ഷത്തോളം രൂപ ചെലവാകുമെന്നു പാശേഖരസമിതി ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണു ശക്തമായ വേലിയേറ്റത്തിൽ പുറംതൂമ്പ് ഊരിപ്പോയതിനെ തുടർന്നു മടവീണത്. വിതച്ച് 20 ദിവസം പിന്നിട്ട പാടശേഖരമായിരുന്നു. 10 മീറ്ററോളം സ്ഥലത്തെ പുറംചിറ പൂർണമായി തകർന്ന നിലയിലാണ്. മടകുത്തുന്നതിനുള്ള നിർമാണ വസ്തുക്കൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ മടകുത്തൽ പൂർണമാകാൻ ദിവസങ്ങളെടുക്കും.

ഇന്നലെ മടയ്ക്കാവശ്യമായ കുറ്റികൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇനി കട്ട ഉൾപ്പടെയുള്ള വസ്തുക്കൾ എത്തിച്ചാൽ മാത്രമേ മടകുത്തൽ ആരംഭിക്കുകയുള്ളു. പുളിങ്കുന്ന് കൃഷി ഓഫിസറും കൃഷി അസിസ്റ്റന്റും ഇന്നലെ മടവീഴ്ചയുണ്ടായ സ്ഥലം സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി.

മുട്ട് ഇട്ടതിനാൽ തോട് വറ്റി മീൻപിടിക്കാൻ തിരക്കേറി

വെള്ളം ഒഴുക്കു തടയുവാനായി പൊതു തോട്ടിൽ താൽക്കാലിക മുട്ട് ഇട്ടതുമൂലം വറ്റിയ തോട്ടിൽ നിന്ന് മത്സ്യം പിടിക്കുവാൻ ഇന്നലെ വളരെയധികം ആളുകളെത്തിയത് കൗതകമുളവാക്കി. വീശുവല, ഒടക്കുവല, ഒറ്റാൽ ഉൾപ്പടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുമായി നിരവധി സംഘങ്ങളാണു മീൻ പിടിക്കാൻ എത്തിയത്. കരിമീൻ, പള്ളത്തി, സിലോപ്യാ ഉൾപ്പടെയുള്ള മത്സ്യങ്ങൾ ഇവർക്കു ധാരാളമായി ലഭിച്ചു.