Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവ കൃഷിയുടെ കരം പിടിച്ച് ഇടുക്കിയുടെ ഉയർത്തെഴുന്നേൽപ്

idukki-farming-1

പ്രളയാനന്തര ഇടുക്കിയെ ജൈവ കൃഷിയിലൂടെ പുനരുജ്ജീവിപ്പിച്ച് മാരക രോഗങ്ങളിൽ നിന്ന് മുക്തമാക്കാനും പുതിയ കാർഷിക സംസ്‌കാരം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 2 ലക്ഷം തൈകൾ നട്ടുകൊണ്ടു തുടക്കം. ആദ്യഘട്ടമായി സുഗന്ധവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, കാപ്പി, കൊക്കോ തുടങ്ങിയവയുടെ തൈകളാണ് ഇടുക്കി ജില്ലയിലെ 2 നഗരസഭകളിലും 52 പഞ്ചായത്തുകളിലുമായി നട്ടത്. ജില്ലയിലെ ഒരു ലക്ഷത്തിലേറെ കർഷകർക്കായി 5900 കർഷകരുടെ സഹകരണ പ്രസ്ഥാനമായ കോട്ടയം മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി (മാസ്) ആണ് റീബിൽഡ് കേരള 2021 എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. പ്രളയത്തിൽ കൃഷി നശിച്ച ജില്ലയിലെ കർഷകർക്ക് ജൈവരീതിയിൽ കൃഷിയിടങ്ങളും ജീവനോപാധികളും പുനർനിർമിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി 2021ൽ ആണ് പൂർത്തിയാകുക.

കട്ടപ്പന ഇടിഞ്ഞമലയിലുള്ള മാസിന്റെ മാതൃകാ തോട്ടത്തിൽ ഉൽപാദിപ്പിച്ച തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും അതത് മേഖലകളിൽ മികച്ച ഉൽപാദനം ലഭിക്കുന്നതുമായവയുടെ വിത്തുകൾ കർഷകരിൽ നിന്നുതന്നെ ശേഖരിച്ചാണ് മാസിന്റെ തോട്ടത്തിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്. തൈകൾ സൗജന്യമായി നൽകുന്നതിനു പുറമേ ഇവയുടെ ജൈവകൃഷിക്കുള്ള വിവിധ സഹായങ്ങളും ലഭ്യമാക്കും. മാസിന്റെ വിപണന സ്ഥാപനമായ ‘പ്ലാന്റ്‌റിച്ച്’ വിളകൾ വാങ്ങുകയും ചെയ്യും. ഇതിനായി ആവശ്യമെങ്കിൽ 100 % ബൈബാക്ക് കരാർ ഒപ്പിടും. വിളകളുടെ കൂടുതൽ മൂല്യവർധനം ലക്ഷ്യമിട്ടുള്ള സംസ്‌കരണ യൂണിറ്റുകൾക്കും മാസ് പിന്തുണ നൽകും.

തുടർപ്രവർത്തനങ്ങളുടെ ഭാഗമായി, ജൈവരീതിയിൽ ഉൽപാദിപ്പിച്ച നടീൽ വസ്തുക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷകർക്കിടയിൽ വിതരണം ചെയ്യും. പശ്ചിമഘട്ടമായിരിക്കും പദ്ധതിയുടെ കേന്ദ്രസ്ഥാനം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാനും ലക്ഷ്യമിടുന്നു. വിവിധ ഘട്ടങ്ങളിലായി 3 വർഷം കൊണ്ടു നടപ്പാക്കുന്ന പദ്ധതിയിൽ ജൈവകൃഷിക്കു പുറമേ എർത്ത് ബിൽഡർ ഇക്കോ ടൂറിസം, ജൈവവിപണനം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പാർട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം (പിജിഎസ്) രീതിയിൽ ജൈവസാക്ഷ്യപത്രം നേടാൻ സഹായിക്കുകയും പത്രം നേടിയ കാർഷികോൽപന്നങ്ങൾക്ക് ‘ഒൺലി ഓർഗാനിക്’ എന്ന ബ്രാൻഡ് നാമത്തിൽ വിപണന സൗകര്യം ഒരുക്കുകയും ചെയ്യും.

ജില്ലയിലെ കർഷകരുടെ ജൈവകൃഷിയിടങ്ങളിൽ വിദേശ-ആഭ്യന്തര സഞ്ചാരികൾക്കു സന്ദർശനത്തിനും താമസത്തിനും സൗകര്യമൊരുക്കും.പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളും സൊസൈറ്റിയുടെ ഓൺലൈൻ സേവനങ്ങളും കർഷകരിൽ എത്തിക്കാനായി കംപ്യൂട്ടർ വിദ്യാഭ്യാസമുള്ള വനിതകളുടെ സംരംഭകത്വശേഷിയിൽ 100 ഇ-സേവാ മഹിളാ ബൂത്തുകളും തുറക്കും. സുസ്ഥിര ടൂറിസം വികസനവും അതുവഴി കാർഷികമേഖലയ്ക്ക് അധികവരുമാനവുമാണ് എർത്ത്ബിൽഡർ ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കർഷകരെ കാലാവസ്ഥാ വിവരങ്ങൾ ഉടൻ അറിയിക്കൻ ജില്ലയിൽ ക്ലൈമറ്റ് അക്കാദമി ആരംഭിക്കുമെന്ന് യുകെയിലെ ക്ലൈമറ്റ് എഡ്ജ് അധികൃതരും അറിയിച്ചിട്ടുണ്ട്. ∙ പി.സി. സനീഷ്

വിള വർധിപ്പിക്കാം; കീടങ്ങളെ അകറ്റി നിർത്താം

കർഷകർ വർഷങ്ങളായി പരീക്ഷിച്ച് വിജയിച്ച നാട്ടറിവുകൾ തലമുറകളായി കൈമാറുന്നവയാണ്. കീടങ്ങളെ തുരത്താനും വിളവു വർധിപ്പിക്കാനും സഹായിക്കുന്ന ചില നാട്ടറിവുകൾ ഇതാ: കുരുമുളക് പറിച്ചതിനു ശേഷം ഒരു മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കിയെടുത്താൽ നല്ല നിറം കിട്ടും. വേഗം ഉണങ്ങുന്നതിനാൽ പൂപ്പൽ രോഗം വരില്ല. അടുക്കളയിൽ മിച്ചം വരുന്ന തൈരും മോരും കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ കറിവേപ്പ് തഴച്ചു വളരും.

അടുക്കളത്തോട്ടം നിർമിക്കുമ്പോൾ കഴിയുന്നതും വീടിനടുത്തുള്ള തുറസ്സായ സ്ഥലമാണു തിരഞ്ഞെടുക്കേണ്ടത്.  തണലുള്ളതോ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതോ ആയ സ്ഥലം ഒഴിവാക്കണം. അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നും മറ്റും ഒഴുകി പോകുന്ന പാഴ്ജലം പച്ചക്കറി കൃഷിക്ക് ഉപയോഗിക്കത്തക്ക രീതിയിൽ വേണം സ്ഥലം തിരഞ്ഞെടുക്കാൻ. തക്കാളി കൃഷി ചെയ്യുമ്പോൾ ഇലപ്പുള്ളി രോഗം വന്നാൽ ഡൈത്തേൻ എം.45(ഒരു ലീറ്റർ വെള്ളത്തിൽ 2 ഗ്രാം എന്ന കണക്കിൽ) തളിച്ചാൽ മതിയാകും. 

സ്വപ്നങ്ങൾക്ക് തേൻമധുരം

idukki-farming-2

പ്രളയം തകർത്തെറിഞ്ഞിട്ടും അതിജീവന വഴിയിൽ മുന്നേറുന്ന മലയോര ജില്ലയുടെ കാർഷിക സ്വപ്നങ്ങൾക്ക് തേനിന്റെ മധുരവും.   അധികം ചെലവില്ലാതെ ലാഭം നേടാൻ കഴിയുന്ന തേനീച്ച വളർത്തലിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഒട്ടേറെ കർഷകരാണ് ഇൗ രംഗത്തേക്കു കടന്നുവന്നിരിക്കുന്നത്. മറ്റു വിളകൾ കൃഷി ചെയ്യുമ്പോൾ തന്നെ കൃഷിയിടത്തിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ച് അധികവരുമാനം നേടുന്ന ആയിരക്കണക്കിനു കർഷകരാണ് ജില്ലയിലുള്ളത്. കൃഷിവകുപ്പ് തേനീച്ച കർഷകർക്കായി പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. സ്വന്തമായി ഭൂമിയില്ലാത്തവർക്കും തേനീച്ചക്കൃഷി വിജയകരമായി നടത്തിക്കൊണ്ടുപോകാം.

ഏലത്തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതിലൂടെ ചെടികളിലെ പരാഗണതോതും ഉൽപാദനവും വർധിക്കുമെന്ന് കർഷകർ പറയുന്നു. പരമ്പരാഗത കാർഷിക രീതികളിൽ നിന്നു വ്യതിചലിച്ച് പരീക്ഷണങ്ങളിലേർപ്പെട്ട ചില കർഷകർ തേനിൽ നിന്നു ഫെയ്സ്പായ്ക്ക്, സോപ്പ്, ഷാംപൂ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളും നിർമിച്ച് ലാഭം നേടുന്നുണ്ട്.  ഗുണമേന്മയും ഔഷധഗുണവുമുള്ള തേൻ ഉൽപാദിപ്പിക്കാനും വ്യാജത്തേൻ വിൽപന തടയാനും ഒട്ടേറെ കർമപദ്ധതികളാണ് കൃഷിവകുപ്പ് നടപ്പിലാക്കുന്നത്. ഹോർട്ടികൾചർ മിഷൻ, കുടുംബശ്രീ മിഷൻ, ഖാദി ബോർഡ്, ത്രിതല പഞ്ചായത്ത് പദ്ധതികൾ എന്നിവയിലൂടെ 40 % വരെ സബ്സിഡി നിരക്കിൽ തേനീച്ച കർഷകർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട് ∙അനുരാജ് ഇടക്കുടി

തളിരിടുന്നു  പച്ചക്കറിപ്പൊന്ന്

idukki-farming-3

മനുഷ്യശേഷിയിലെ കുറവ് ഇവർ ഇച്ഛാശക്തി കൊണ്ട് മറികടക്കുന്നു. മണ്ണിൽ പൊന്നു വിളയിക്കുന്നതിൽ ഇവരുടെ ശേഷിയും ഇച്ഛാശക്തിയും മറ്റു കർഷകർക്കു മാതൃകയാണ്. ടാറ്റാ ഗ്ലോബൽ ബവ്റിജസിനു കീഴിൽ ഭിന്നശേഷിക്കാർക്കായി മൂന്നാർ നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന ‘സൃഷ്ടി വെൽഫെയർ സെന്ററിലെ വെജിറ്റബിൾ ഗാർഡനിങ് യൂണിറ്റാണ് പച്ചക്കറിക്കൃഷിയിൽ വിജയം  കൊയ്ത് തങ്ങളുടെ ശേഷി തെളിയിക്കുന്നത്. ഏഴ് തൊഴിലധിഷ്ഠിത യൂണിറ്റുകളാണ് സൃഷ്ടിയിൽ ഉള്ളത്.

ഇതിലൊന്നാണ് ഭിന്നശേഷിക്കാരായ 15 യുവതീയുവാക്കൾ ഉൾപ്പെട്ട വെജിറ്റബിൾ ഗാർഡനിങ് യൂണിറ്റ്. സെന്ററിന്റെ മുൻഭാഗത്ത് ഒന്നര ഏക്കർ സ്ഥലമാണ് ഇവരുടെ കൃഷിയിടം.  ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, ബീൻസ്, പട്ടാണി, മുള്ളങ്കി തുടങ്ങിയവയാണ് പ്രധാന കൃഷികൾ. വിത്തുകളും ഒപ്പം നവീന കൃഷിരീതികളിൽ വിദഗ്ധ ഉപദേശങ്ങളുമായി മൂന്നാർ കൃഷിഭവനും ഇവർക്ക് പിൻതുണ നൽകുന്നു. ജൈവകൃഷിയാണ് വെജിറ്റബിൾ ഗാർഡനിങ് യൂണിറ്റ് അനുവർത്തിക്കുന്നത്. ∙ ഷിബു ശങ്കരത്തിൽ