Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജില്ലയിൽ വീണ്ടും കുളമ്പുരോഗം; കന്നുകാലിക്കച്ചവടം നിർത്തുന്നു

pathanamthitta-cow

ഏനാത്ത് ∙ ജില്ലയിൽ വീണ്ടും കന്നുകാലികളിൽ കുളമ്പു രോഗം. ചില പഞ്ചായത്തുകളിലും രണ്ടു മുൻസിപ്പാലിറ്റികളിലും കന്നുകാലികളിൽ കുളമ്പുരോഗം പിടിപെട്ടിരിക്കുന്നതിനാൽ രോഗം വ്യാപിക്കാതിരിക്കാൻ നിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചു വരുന്നതായി മൃഗ സംരക്ഷണ വകുപ്പ്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിലവിൽ രോഗബാധയുണ്ട്. ക്രിസ്മസ് വിപണി കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും അറവു മാടുകളെ കേരളത്തിലെത്തിക്കുന്നുണ്ട്.

ഇത് ഇവിടെയും കന്നുകാലികളിൽ രോഗാണു ബാധയ്ക്കു കാരണമാകുന്നു. രോഗം ഭേദമായ ഉരുവിൽ നിന്നും ദിവസങ്ങൾ കഴിഞ്ഞാലും മറ്റൊന്നിലേക്കു രോഗം പകരാം. ജില്ലയിൽ കന്നുകാലി ചന്തകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പിനു നിർദേശം നൽകി കഴിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

തിരുവല്ല, പത്തനംതിട്ട മുൻസിപ്പാലിറ്റികളിലും കോന്നി, കൊടുമൺ, അയിരൂർ, പ്രമാടം, അരുവാപ്പുലം, വടശേരിക്കര, മൈലപ്ര, മല്ലപ്പള്ളി, പുറമറ്റം, കുന്നന്താനം, ഓമല്ലൂർ, ഇളമണ്ണൂർ എന്നിവിടങ്ങളിലുമാണു കന്നുകാലികളിൽ കുളമ്പു രോഗം പിടിപ്പെട്ടിരിക്കുന്നത്.  രോഗം ബാധിച്ച പശുക്കൾക്ക് അതാതു പ്രദേശത്തെ മൃഗാശുപത്രികളുടെ നേതൃത്വത്തിൽ ചികിത്സ നൽകി വരുന്നുണ്ട്.

രോഗ സംക്രമണം കുറയ്ക്കുന്നതിനു തീറ്റയുടെ അവശിഷ്ടം ദിവസവും കത്തിച്ചു കളയണം. തൊഴുത്തും പരിസരവും 4 ശതമാനം വീര്യമുള്ള അലക്കുകാരം ഉപയോഗിച്ചു വൃത്തിയാക്കണം. രോഗബാധയുള്ള പശുക്കളെ ശുശ്രൂഷിക്കുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. കന്നുകാലികളെ പൊതുസ്ഥലങ്ങളിൽ മേയാൻ വിടാതിരിക്കുകയും പൊതു ജലാശയങ്ങളിൽ കുളിപ്പിക്കാതിരിക്കുകയും വേണം. രോഗബാധ തടയാൻ പ്രതിരോധ വാക്സിൻ നൽകി വരുന്നുണ്ട്.

കുളമ്പു രോഗം പല വിഭാഗമുണ്ട്. അതിനാൽ വൈറസ് ബാധ കാരണം വ്രണങ്ങൾ, പാൽ ഉൽപാദനക്കുറവ്, അകിടു വീക്കം, അകിടിൽ കുമിളകൾ, വായിൽ നിന്നും ഉമിനീർ പതഞ്ഞൊലിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായ ചികിത്സയും പരിചരണവും നൽകണമെന്നാണു മൃഗ സംരക്ഷണ വകുപ്പ് അധികൃതരുടെ നിർദേശം.