Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്‍ഷുറന്‍സ് തീര്‍പ്പിന് തീവ്രയജ്ഞം പ്രതീക്ഷയോടെ കര്‍ഷകര്‍

Insurance

കേരളത്തെയാകെ വിഴുങ്ങിയ പ്രളയത്തില്‍ ഏറ്റവും കനത്ത ആഘാതമുണ്ടായതു കര്‍ഷകര്‍ക്കാണ്. തുടർന്നുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പ്രധാന വിഷയങ്ങളിലൊന്ന് കാര്‍ഷിക വിള ഇൻഷുറന്‍സ് പദ്ധതികളോടു കര്‍ഷകര്‍ കാട്ടുന്നതാല്‍പര്യമില്ലായ്മയായിരുന്നു. ഇന്‍ഷുറന്‍സ് പദ്ധതികളില്‍, വിശേഷിച്ച് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ േചര്‍ന്നിരുന്നെങ്കില്‍ തുച്ഛമായ ദുരിതാശ്വാസത്തിനപ്പുറം നല്ലൊരു തുക നഷ്ടപരിഹാരമായി കിട്ടുമായിരുന്നുവെന്നു വകുപ്പുമന്ത്രിയും മേധാവികളുമടക്കമുള്ള അധികൃതര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ നൂറു ശതമാനം കര്‍ഷകരെയും പദ്ധതിയിലേക്ക് ആകർഷിക്കാന്‍ ബോധവല്‍ക്കരണമടക്കമുള്ള പ്രചരണ പരിപാടികള്‍ തുടങ്ങുമെന്നു പ്രഖ്യാപനവും വന്നു.

ശരിയാണ്, കൃഷിവകുപ്പിന്റെ വിള ഇൻഷുറന്‍സ്  പദ്ധതി 2017ല്‍ പരിഷ്കരിച്ചതോെട വളരെ ആകര്‍ഷകമായിട്ടുണ്ട്. നഷ്ടപരിഹാരത്തുക ഗണ്യമായി വര്‍ധിപ്പിച്ചെങ്കിലും പ്രീമിയം നിരക്കില്‍ തുച്ഛമായ വര്‍ധനയേ വരുത്തിയിട്ടുമുള്ളൂ. എന്നിട്ടും പദ്ധതിയില്‍ േചരുന്നവരുടെ എണ്ണം ആശാവഹമല്ല. സംസ്ഥാനത്തു കര്‍ഷക പോര്‍ട്ടലില്‍ റജിസ്റ്റര്‍ െചയ്തവരുടെ എണ്ണം 19, 22,817 ആണ്. എന്നാല്‍ ഇക്കൊല്ലം ജൂണ്‍ മാസം വരെ വിള ഇന്‍ഷുറന്‍സില്‍ േചര്‍ന്നത് 22,756 പേര്‍ മാത്രം. ഇന്‍ഷുറൻസിന്റെ പ്രയോജനത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഒരു പരിധിവരെ ഈ താല്‍പര്യക്കുറവിനു കാരണമാകുന്നുവെന്നത് ശരിയാണ്. എന്നാല്‍ പ്രധാന കാരണം ഇത്തരം പദ്ധതികളില്‍ കര്‍ഷകര്‍ക്കുള്ള വിശ്വാസമില്ലായ്മതന്നെ. 

ഇനി പാലക്കാടു ജില്ലയിലെ നെല്‍കൃഷിമേഖലകളില്‍നിന്നു വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക. പ്രളയത്തില്‍ കൃഷിസ്ഥലം തകര്‍ന്നും വിളകള്‍ നശിച്ചും കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ കര്‍ഷകര്‍ക്കു തുടര്‍ച്ചയായ നാലു സീസണുകളിലുണ്ടായ നെല്‍കൃഷിനാശത്തിനു വിള ഇന്‍ഷുറന്‍സ് പ്രകാരം ലഭിക്കേണ്ട പണം ഇനിയും ലഭിച്ചിട്ടില്ലപോലും. കാല്‍ ലക്ഷം കര്‍ഷകര്‍ക്കായി ആറരക്കോടി രൂപയുടെ നഷ്ടപരിഹാരമാണ് കൃഷിവകുപ്പിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ത്രിശങ്കുവിലായിരിക്കുന്നത്. വിള ഇന്‍ഷുറൻസിനോടു കര്‍ഷകര്‍ മുഖം തിരിക്കുന്നതിന് അവരെ  കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?. 

സംഗതി വിവാദവും ചര്‍ച്ചാവിഷയവുമായതോെട കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം സമയബന്ധിതമായി കൊടുക്കാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകയാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍. നവംബര്‍ 30നു മുമ്പ് കുടിശ്ശിക വിതരണം ചെയ്യണമെന്നാണ് അന്ത്യശാസനം. പക്ഷേ, നിലവില്‍ അനുവദിച്ചിട്ടുള്ള തുക ഒന്നരക്കോടി രൂപ മാത്രം. ഇതുകൊണ്ട് 2016–’17െല കുടിശ്ശിക തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം. 

അതിനായി ബ്ലോക്ക്തലത്തില്‍ തീവ്രയജ്ഞം നടന്നുവരുന്നു. ഇതു നവംബര്‍ 30നു മുമ്പ് പൂര്‍ത്തിയാക്കാനാവുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. നിലവിലുള്ള തുക െചലവഴിച്ചുകഴിഞ്ഞാലേ അടുത്ത അലോട്ട്മെന്റ് വരികയുള്ളൂ. ഇക്കൊല്ലം അവസാനമെങ്കിലും   മുഴുവന്‍ തുകയും ലഭിക്കുമെന്നു കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം പാലക്കാടു ജില്ലയിൽതന്നെ കേന്ദ്രസര്‍ക്കാരിന്റെ കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം െവെകിയത് വലിയ പ്രതിഷേധത്തിനു വഴിതെളിച്ചിരുന്നു. പ്രീമിയത്തിലെ  സംസ്ഥാന സര്‍ക്കാര്‍  വിഹിതം യഥാസമയം  അടയ്ക്കാതിരുന്നതാണ് അന്ന് ആനുകൂല്യം തടസ്സപ്പെടാനിടയാക്കിയത്. അന്നും കൃഷി മന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ആവര്‍ത്തിക്കുന്ന ഇത്തരം പ്രശ്നങ്ങളാണ് ഇന്‍ഷുറന്‍സ് പദ്ധതികളിൽനിന്നു കര്‍ഷകരെ അകറ്റുന്നത്. എന്നാല്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍  അതിനു പരിഹാരമുണ്ടാക്കിയതുകൊണ്ടു മാത്രം ഈ പദ്ധതികളില്‍ കര്‍ഷകര്‍ക്കു വിശ്വാസമുണ്ടാകില്ല. അവര്‍ക്കു നഷ്ടപരിഹാരവും ആനുകൂല്യവും യഥാസമയത്തു നല്‍കണം. അതുണ്ടാകണമെങ്കില്‍ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കുകതന്നെ വേണം. 

പാലക്കാടു ജില്ലയില്‍ എന്താണു സംഭവിച്ചതെന്നു േനാക്കാം. 2016–’17ല്‍ രണ്ടാം വിളയും ’17–’18ല്‍ ഒന്നാം വിളയും രണ്ടാം വിളയും വരള്‍ച്ചയില്‍ നശിച്ചപ്പോള്‍ 2018–’19ല്‍, അതായത്, നടപ്പുവര്‍ഷം പ്രളയവും തുടര്‍ന്നുണ്ടായ േരാഗബാധയും കാരണം ഒന്നാം വിളയ്ക്കും നാശമുണ്ടായി. ഈ നാലു സീസണുകളിലെ നഷ്ടപരിഹാരമാണ് ലഭിക്കാനുള്ളത്. നിസ്സാരമായ സാങ്കേതിക തടസ്സം മുതല്‍ ജില്ലാമേധാവിയടക്കമുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചവരെ ഇതിനു കാരണമാകുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിളയിറക്കുന്ന സമയത്താണ് കൃഷി ഒാഫിസര്‍മാര്‍ കൃഷിക്കാരെ പദ്ധതിയില്‍ ചേര്‍ക്കുന്നത്. അപ്പോള്‍തന്നെ അവര്‍ പ്രീമിയം തുക അടയ്ക്കുകയും ചെയ്യും. പ്രീമിയമടച്ച് ഒരു മാസത്തിനകം  കര്‍ഷകര്‍ക്കു പോളിസി നല്‍കണമെന്നാണ് ചട്ടം.  ജില്ലാ ഒാഫിസില്‍നിന്നാണ് ഇതു നല്‍കേണ്ടത്. എന്നാല്‍ 2016–17 മുതലുള്ള പോളിസിപോലും നല്‍കിയിരുന്നില്ല. അതിനൊരു തൊടുന്യായവും ബന്ധപ്പെട്ടവര്‍ കണ്ടെത്തി. പോളിസി എടുത്തത് കര്‍ഷകര്‍ ഒറ്റയ്ക്കൊറ്റയ്ക്കു നേരിട്ടായിരുന്നുപോലും. പാടശേഖരസമിതികള്‍ പോളിസി എടുക്കണമെന്നാണത്രെ 2016–’17 മുതല്‍ നിയമം. അതു ശരിയാണെങ്കില്‍കൂടി കര്‍ഷകരെന്തുപിഴച്ചു. അവരെ പദ്ധതിയില്‍ േചര്‍ത്ത കൃഷിവകുപ്പ് ഉദ്യോഗസ്ഥരല്ലേ അതിന് ഉത്തരവാദികള്‍? മറ്റു ജില്ലകളിലൊക്കെ പാടശേഖരസമിതികളാണ് പോളിസി എടുത്തിട്ടുള്ളത്. ഏതായാലും പോളിസികള്‍ അങ്ങനെ ക്രമപ്പെടുത്തിയാണ് പാലക്കാടു ജില്ലയില്‍ ഇപ്പോള്‍ കുടിശ്ശിക തീര്‍പ്പാക്കിവരുന്നത്. 

കൃഷിവകുപ്പില്‍ ജില്ലാതലത്തില്‍ നടപടിക്രമങ്ങളിലുണ്ടായ മെല്ലെപ്പോക്കും ഉത്തരവാദിത്തമില്ലായ്മയുമാണ് അക്ഷന്തവ്യമായ ഈ കാലതാമസത്തിനു കാരണമായതെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം പ്രധാന ഉദ്യോഗസ്ഥർ ചുരുങ്ങിയ കാലത്തിനുള്ളിൽ മാറിമാറിവരുന്നതും ദീർഘമായ അവധിയെടുക്കുന്നതുമൊക്കെ സംഗതി വഷളാക്കി. പ്രിന്‍സിപ്പല്‍ കൃഷി ഒാഫിസര്‍ സ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അഞ്ചാറുേപര്‍ മാറിമാറിവന്നു. അതിനു താെഴയുള്ള തസ്തികകളിലും  ഇങ്ങനെയൊക്കെത്തന്നെ. ദൂരെ ജില്ലകളില്‍നിന്ന് ഉദ്യോഗക്കയറ്റവും മറ്റുമായി വന്നവര്‍ കുട്ടികളുടെ പഠിത്തം, വിവാഹം, മാതാപിതാക്കളുടെ അസുഖം എന്നിവയൊക്കെ കാരണം പറഞ്ഞ് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി ഉടന്‍ സ്ഥലംമാറ്റം തരപ്പെടുത്തുന്നു. അല്ലെങ്കില്‍ ദീർഘാവധിയില്‍പോകുന്നു. സംസ്ഥാനത്ത് വര്‍ഷത്തില്‍ 1,87,000 ഹെക്ടറിലാണ് നിലവില്‍ നെല്‍കൃഷി. ഇതില്‍ രണ്ടു പൂവിലായി 90,000 ഹെക്ടര്‍ കൃഷിയും പാലക്കാടു ജില്ലയിലാണ്. വരൾച്ച ഇവിടെ ആവർത്തിക്കുകയും ചെയ്യുന്നു.

സ്വാഭാവികമായും മറ്റു ജില്ലകളെ അപേക്ഷിച്ച് ഇൻഷുറൻസുമായി ബന്ധപ്പെട്ട് കൂടുതല്‍ ജോലിചെയ്യേണ്ടി വരും. ഭീമമായ തുക ഇവിടെ കൃഷിനാശത്തിനു നഷ്ടപരിഹാരമായി െകാടുക്കേണ്ടിവരികയും ചെയ്യും. ഈ തുകയുടെ വലുപ്പം ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് അഭിപ്രായമുണ്ട്. പാകപ്പിഴയുണ്ടായാല്‍ െപന്‍ഷന്‍ മുട്ടുേമാെയന്ന ഭയമാണത്രെ പലര്‍ക്കും.  ഉത്തരവാദിത്തം തങ്ങളുടെ തലയില്‍നിന്നൊഴിവാക്കുകയാണ് ഇതിനു പലരും കണ്ടെത്തുന്ന പോംവഴി. 

ഇന്‍ഷുറന്‍സ് ആനുകൂല്യം ഇത്രയും െവെകാന്‍ കാരണക്കാരായവരെ കണ്ടെത്തി നടപടിയെടുത്തില്ലെങ്കില്‍ ഇവയെല്ലാം ഇനിയും ആവര്‍ത്തിക്കും. നഷ്ടപരിഹാരത്തിനായി കൃഷിഭവനുകളില്‍ കയറിയിറങ്ങിയ കര്‍ഷകരുെട പരിദേവനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാകാന്‍ കാരണം ആറു വര്‍ഷം  പഴക്കമുള്ള മറ്റൊരു ഇന്‍ഷുറന്‍സ് തര്‍ക്കമാണ് എന്നതാണ് കൗതുകകരം. േകന്ദ്രാവിഷ്കൃത കാലാവസ്ഥാധിഷ്ഠിത പദ്ധതി  സംബന്ധിച്ച ഈ തർക്കമാണ് നാലു സീസണുകളിലെ വിള ഇന്‍ഷുറന്‍സ് കുടിശ്ശികക്കാര്യം െപാന്തിവരാനിടയാക്കിയത്. കാലാവസ്ഥാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി താപനില രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍ നിശ്ചിത ഭൂപരിധികളില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. അത്തരമൊരു സാഹചര്യമാണ് 2012–’13ല്‍ ജില്ലയിലെ െപരുവേമ്പ്, മലമ്പുഴ, അകത്തേത്തറ തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷകരെവെട്ടിലാക്കിയത്. അക്കൊല്ലമുണ്ടായ കടുത്ത വരള്‍ച്ചയില്‍ ഇവയടക്കം ഒട്ടേറെ പഞ്ചായത്തുകളില്‍ നെല്‍കൃഷി കരിഞ്ഞുണങ്ങി. എന്നാല്‍ ഈ പഞ്ചായത്തുകളിലെ െനല്‍കര്‍ഷകർക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിക്കപ്പെട്ടു. ചുറ്റുമുള്ള പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കെല്ലാം   ആനുകൂല്യം കിട്ടുകയും ചെയ്തു. ഇവിടെ വില്ലനായത്കുന്നന്നൂര്‍ സര്‍ക്കാര്‍ കൃഷിഫാമില്‍ വച്ചിരുന്ന താപനിലയളക്കല്‍ സംവിധാനമാണ്. ഇതു പ്രവര്‍ത്തനരഹിതമായിരുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ പരിധിയിലുള്ള പഞ്ചായത്തില്‍ താപനില ഉയർന്നില്ല! 

ഇനി പറയൂ, ഇന്‍ഷുറന്‍സ് പദ്ധതികൾക്കു നേരെ മുഖം തിരിക്കുന്ന കര്‍ഷകരെ കുറ്റം പറയാന്‍ കഴിയുമോ?

ടി.കെ.എസ്.