Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക സോഫ്റ്റ് വേറുകളുമായി ബെംഗളൂരുവിലെ അഗ്രി സ്റ്റാർട് അപ്

agri-01

‘‘ഇത് ചന്ത്രക്കാരൻ ഇനം മാങ്ങ, വിളഞ്ഞത് കേരളത്തിലെ പാലക്കാട് മുതലമടയിലെ പളനിച്ചാമിയുെട തോട്ടത്തിൽ. ഒരു തുള്ളി രാസവിഷം പോലും തോട്ടത്തിൽ വീഴ്ത്താതെ ജൈവരീതിയിലാണ്  അദ്ദേഹം ഇത് ഉൽപാദിപ്പിച്ചത്. വിളവെടുത്തത് ഡിസംബർ പത്തിന്. കപ്പൽ കയറിയത് പതിന്നാലിന്. ഈ മാങ്ങ വാങ്ങുമ്പോൾ ഇന്ത്യയിലെ ഒരു ചെറുകിട കർഷകന്റെ കുടുംബത്തിന്റെ ഉപജീവനമാണ് ഉറപ്പാക്കുന്നത്’’–  വിദേശത്ത് സൂപ്പർമാർക്കറ്റിലിരിക്കുന്ന മാമ്പഴത്തെ കസ്റ്റമറായെത്തുന്ന വിദേശവനിതയ്ക്ക് ഇങ്ങനെ പരിചയപ്പെടുത്തിയാൽ ..... അൽപം വില കൂടിയാലും മദാമ്മ ആ മാമ്പഴം വാങ്ങുമെന്നുറപ്പ്. കാർഷികോൽപന്നങ്ങളുെട ഭൂതകാലവും ഉറവിടവും വ്യക്തമാക്കുന്ന ‘ട്രേസബിലിറ്റി’(ഉറവിടം കണ്ടെത്തൽ) എന്ന ആശയത്തിന്റെ പ്രസക്തി ഇതാണ്. ഉപഭോക്താവിന് ആത്മവിശ്വാസവും ഉൽപാദകന് ഉത്തരവാദിത്തവും ഉറപ്പാക്കുന്ന ഈ ആശയത്തിനു സോഫ്റ്റ് വേർ പിൻബലം നൽകുകയാണ് ബെംഗളൂരുവിലെ ക്രോപ്പിൻ ടെക്നോളജി സൊലൂഷൻസ്. ക്യൂ ആർ കോഡ് അഥവാ ബാർകോഡ് സ്കാൻ ചെയ്താൽ കാർഷികോൽപന്നങ്ങളുെട ഭൂതകാലം കൃത്യമായി നൽകാൻ ഇവരുെട സാങ്കേതികവിദ്യ സഹായിക്കും.

കടയിൽനിന്ന് ഒരു കിലോ വാഴപ്പഴം വാങ്ങുമ്പോൾ അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ കൃത്യമായി പറഞ്ഞുതരുന്ന ക്രോപ്പിൻ സോഫ്റ്റ് വേറുകൾ അഗ്രിബിസിനസ് കമ്പനികളുെട മനം കവർന്നുകഴിഞ്ഞു.  ആരുടെ കൃഷിയിടത്തിൽ വിളഞ്ഞത്, എന്തൊക്കെ വളം പ്രയോഗിച്ചത്?

Untitled

ഏതൊക്കെ കീടനിയന്ത്രണമാർഗങ്ങളിലൂെട കടന്നത്, ഏതു കാലാവസ്ഥയിൽ ഉൽപാദിപ്പിച്ചത് എന്നിങ്ങനെ അവർ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം പറഞ്ഞുകൊടുക്കാൻ ഇതിലൂെട സാധിക്കും. ഉൽപന്നങ്ങളുെട ഭൂതകാലം ചികയാൻ മാത്രമല്ല, കൃഷിയിടത്തിലെ എല്ലാ നടപടികളും– വിളപരിപാലനവും ഉൽപാദനനിർണയവും– ഏകോപിപ്പിച്ച് കാര്യക്ഷമതയും ഉൽപാദനക്ഷമതയും വർധിപ്പിക്കാനും ക്രോപ്പിൻ സൊലൂഷൻസ് പ്രയോജനപ്പെടുന്നു.

കച്ചവടത്തിനു മാത്രമല്ല, വികസനപ്രവർത്തനങ്ങളിലും ഇത്തരം സോഫ്റ്റ് വേറുകൾക്ക് സാധ്യതയേറെ. കുട്ടനാട്ടിൽ ആകെ എത്ര ഏക്കർ വിത പൂർത്തിയാക്കി, ഒരു മാസത്തിനകം വിളവെടുപ്പ് ആരംഭിക്കുന്ന ജില്ലയിൽ എത്ര ഉൽപാദനം പ്രതീക്ഷിക്കാം,  സ്വാശ്രയകർഷകസമിതിയിലെ എത്ര പേരുടെ കൃഷിയിടത്തിൽ വിളനാശമുണ്ടായി തുടങ്ങിയ വിവരങ്ങൾ ദിവസേനയെന്നോണം കൃത്യമായി കിട്ടാൻ എന്താണ് മാർഗം?  ഉൽപാദനകമ്പനിയിലെ ഓരോ അംഗത്തിന്റെയും കൃഷിയിടത്തിലെ രോഗ കീടബാധകൾ തുടക്കത്തിലേ കണ്ടെത്തി പ്രതിവിധി നിർദേശിക്കാനും അവ എത്രമാത്രം വ്യാപകമാണെന്നു മനസ്സിലാക്കാനും എന്താണ് വഴി– ഉത്തരം ഒന്നുമാത്രം, ഫലപ്രദമായ ഒരു സോഫ്റ്റ്‌വേർ. നെറ്റി ചുളിക്കേണ്ട, കോർപറേറ്റ് കൃഷിയിൽ മാത്രമല്ല ചെറുകിടകൃഷിക്കാർക്കും സോഫ്റ്റ് വേറിന്റെ കരുത്ത് പ്രയോജനപ്പെടുത്താനാകും. വിശേഷിച്ച് കൃഷിക്കാരാകെ ഉൽപാദകക്കമ്പനികളുടെയും ക്ലസ്റ്ററുകളുടെയും ചട്ടക്കൂടിലേക്ക് മാറുന്ന ഇക്കാലത്ത്. 

സോഫ്റ്റ് വേർ കമ്പനികളുെട സേവനം എല്ലാ മേഖലയിലും കടന്നു ചെന്നു കഴിഞ്ഞു. എന്നാൽ കാർഷികമേഖലയ്ക്കു മാത്രമായി ഒരു സോഫ്റ്റ് വേർ സ്ഥാപനം നടത്താൻ നമ്മുടെ രാജ്യത്ത് ആരും ധൈര്യപ്പെട്ടിരുന്നില്ല. തുച്ഛവരുമാനക്കാരനായ ഇന്ത്യൻ കർഷകനിൽനിന്നു വരുമാനം കണ്ടെത്താനാകില്ലെന്ന മുൻവിധിയാകാം കാരണം. ആ ധാരണ തിരുത്തി കാർഷികമേഖലയ്ക്കാവശ്യമായ സോഫ്റ്റ്‌വേർ സൊലൂഷൻസ്  അവതരിപ്പിക്കുകയാണ് ക്രോപ്പിൻ എന്ന  അഗ്രി സ്റ്റാർട് അപ്.  ഇന്ത്യയിലെ കൃഷിയുടെയും കൃഷിക്കാരുടെയും ആധുനികവൽക്കരണത്തിനുള്ള ആദ്യചുവടുകളിലൊന്നായി ക്രോപ്പിനെ വിശേഷിപ്പിക്കാം.

agri-02

കൃഷിയിടം മുതൽ വിപണിവരെയുള്ള മുഴുവൻ കാർഷികപ്രവർത്തനങ്ങൾക്ക് സോഫ്റ്റ്‌വേർ പിന്തുണ നൽകി കൃഷിക്കാരെ രാജ്യാന്തര വിപണിയിലേക്ക് സജ്ജരാക്കാൻ ക്രോപ്പിന്റെ പ്രവർത്തനങ്ങൾ ഉപകരിക്കുന്നു.‌കൃഷിയിൽ സോഫ്റ്റ്‌വേറിനെന്താ കാര്യം   എന്നു സംശയിക്കുന്നവരുണ്ടാകാം. എന്നാൽ കൃഷിയിൽ വിവരത്തിനു പ്രാധാന്യമുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. കാലാവസ്ഥയെക്കുറിച്ചും മണ്ണിനെക്കുറിച്ചും വിത്തിനെക്കുറിച്ചും വിപണിയെക്കുറിച്ചുമൊക്കെ ശരിയായ വിവരമില്ലാതെ ഇനിയുള്ള നാളുകളിൽ കൃഷി ചെയ്യാനാവാത്ത സ്ഥിതിയാണ്. വിവരാധിഷ്ഠിത കൃഷിയിലേക്കുള്ളപരിണാമം അത്ര എളുപ്പവുമല്ല. പണ്ടുകാലത്തേതുപോലെ ആകാശത്തേക്കു നോക്കി  മഴ പെയ്യുമോയെന്നു തീരുമാനിക്കുന്ന രീതിയല്ല ഇനി വേണ്ടത്.  ഓരോ കൃഷിയിടത്തിലെയും സൂക്ഷ്മകാലാവസ്ഥ വിലയിരുത്തി തുടർന്നുള്ള വിളപരിപാലനം നിശ്ചയിക്കുന്ന ശൈലിയിലേക്കു കൃഷി മാറുകയാണ്.  ഇതിനായി വളരെയേറെ വിവരങ്ങൾ ഒരേസമയം അപഗ്രഥിക്കേണ്ടിവരും. ഇപ്രകാരം വിവരവിശകലനത്തെ ആശ്രയിച്ചു കൃഷി നടത്താൻ സഹായിക്കുന്ന ബിഗ്ഡേറ്റ സാങ്കേതികവിദ്യകളാണ് ക്രോപ്പിൻ കൂടുതലായി കൃഷിയിടത്തിൽ നടപ്പാക്കുന്നതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ കുനാൽ പ്രസാദ് പറഞ്ഞു.

അഞ്ച് സോഫ്റ്റ് വേർ പാക്കേജുകളാണ്  ക്രോപ്പിൻ കാർഷികമേഖലയ്ക്കായി ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. തുടക്കം  ‘സ്മാർട് ഫാം’ എന്ന ഫാം മാനേജ്മെന്റ് സോഫ്റ്റ് വേറുമായിട്ടായിരുന്നു. കൃഷിയിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ  സൂക്ഷിക്കുകയും തീരുമാനങ്ങളെടുക്കാൻ സഹായിക്കുകയും ചെയ്യുകയുമാണ്   ലക്ഷ്യം.  കൃഷിക്കാരുമായുള്ള ആശയവിനിമയത്തിനും  അവരുമായി  നേരിട്ടു ബന്ധപ്പെടുന്നതിനുമൊക്കെ സഹായകമായ ‘ഏക്കർ സ്ക്വയറാ’ണ് മറ്റൊരു സോഫ്റ്റ് വേർ സൊലൂഷൻ. മൂന്നാമത്തെ സോഫ്റ്റ് വേറായ ‘സ്മാർട്ട് റിസ്ക്’ ഓരോ പ്രദേശത്തെയും   വിളപരിക്രമവും ഉൽപാദനക്ഷമതയുമൊക്കെ  അടയാളപ്പെടുത്തി  വിളകളുടെ ആരോഗ്യവും ഉൽപാദനക്ഷമതയും നിരീക്ഷിക്കാൻ സഹായിക്കുന്നു. കാർഷിക ഉൽപന്നങ്ങളുെട സംഭരണം, അവയുെട ഉറവിടം കണ്ടെത്തൽ, നിലവാരം ഉറപ്പാക്കൽ എന്നിവ ഫലപ്രദമായി നടപ്പാക്കാൻ സഹായകമായ സോഫ്റ്റ് വേറാണ് ‘എംവെയർ ഹൗസ്’. വിപണിവിവരങ്ങൾ അപഗ്രഥിക്കാനും വില പ്രവചിക്കാനുമൊക്കെ ഉപകരിക്കുന്ന ‘സ്മാർട് സെയിൽസ്’ എന്ന സോഫ്റ്റ് വേറും കമ്പനിക്കുണ്ട്.

ഒരു കൃഷിയിടത്തിൽ വിള പൂവണിയുമ്പോൾ മുതൽ  അതിനു കിട്ടിയ പരിചരണങ്ങളും  പീഡനങ്ങളുമൊക്കെ രേഖപ്പെടുത്താൻ സ്മാർട് ഫാമിനു സാധിക്കുന്നു. നിശ്ചിത വിളപരിപാലന മുറയനുസരിച്ച് ഓരോ വിളയ്ക്കും നൽകേണ്ട പരിചരണമെന്തെന്ന് ഈ ഫാം മാനേജ്മെന്റ് സോഫ്റ്റ് വേർ കൃഷിക്കാരനെ അറിയിക്കും.

പൂവ് കായായും വിത്തായും മാറി വിളവെടുപ്പും സംഭരണവും കൈമാറ്റവുമൊക്കെ കടന്ന്  വിപണിയിലെത്തുന്നതുവരെ കാർഷികോൽപന്നങ്ങളുെട മുഴുവൻ ചരിത്രവും രേഖപ്പെടുത്താൻ ക്രോപ്പിനു സാധിക്കും.ആരെങ്കിലും ടൈപ്പ് ചെയ്തു നൽകുന്ന വിവരങ്ങൾ മാത്രമല്ല ക്രോപ്പിൻ സോഫ്റ്റ് വേറുകൾ ഉപയോഗിക്കുന്നത്. ഉപഗ്രഹചിത്രങ്ങളും  ഡ്രോൺ ചിത്രങ്ങളും മണ്ണ് പരിശോധനാഫലങ്ങളും പ്രാദേശിക കാലാവസ്ഥാ വിവരങ്ങളുമൊക്കെ കൂട്ടിവായിച്ചാണ് ഈ സോഫ്റ്റ്‌വേറുകൾ ശുപാർശകളിലെത്തുന്നത്. ഇപ്രകാരം കിട്ടുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ നിർമിതബുദ്ധി, ബിഗ് ഡേറ്റാ, ഡീപ്പ് ലേണിങ് തുടങ്ങിയ ആധുനിക സങ്കേതങ്ങൾ എല്ലാം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അടുത്ത പടിയായി ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള അഗ്രിബിസിനസ് സൊലൂഷനുകളും കമ്പനി അവതരിപ്പിക്കുമെന്ന് കുനാൽ പ്രസാദ് പറഞ്ഞു. എട്ടു വർഷം മുമ്പ് ബെംഗളൂരു ഇന്ദിരാ

നഗറിലെ ഒറ്റമുറിയിൽ സുഹൃത്തുക്കളായ കൃഷ്ണകുമാർ, കുനാൽപ്രസാദ്, ചിത്തരഞ്ജൻ ജെന എന്നിവർ തുടക്കംകുറിച്ച ഈ അഗ്രി സ്റ്റാർട് അപ് ഇന്ന് ഏറെ വളർന്നു കഴിഞ്ഞു. നെല്ല്, ചെറുധാന്യങ്ങൾ, പയർ, കടല എന്നിവയുടെ വിളപരിപാലനം കൂടുതൽ ഫലപ്രദമാക്കുന്നതിനു കഴിഞ്ഞ വർഷം കർണാടക കൃഷിവകുപ്പ് തുടങ്ങിയ പദ്ധതിയിലെ സാങ്കേതിക പങ്കാളിയാണ് ക്രോപ്പിൻ. പദ്ധതിയനുസരിച്ച് 55,000 ഹെക്ടറിലെ കൃഷിക്കാരായ 54,000 പേരുടെ പേരുവിവരവും കൃഷിയിട വിശദാംശങ്ങളും ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചുകഴിഞ്ഞു. ബിഹാറിലെയും മധ്യപ്രദേശിലെയും കൃഷിയിടങ്ങളെ കാലാവസ്ഥാ മാറ്റം മൂലമുള്ള തളർച്ചകളിൽനിന്നു രക്ഷിക്കാൻ അതത് സർക്കാരുമായി ചേർന്ന് ജീവിക എന്ന പദ്ധതിയും ക്രോപ്പിൻ നടപ്പാക്കിവരുന്നു. ക്രോപ്പിൻ സോഫ്റ്റ് വേറുകൾ ഇതിനകം 29 രാജ്യങ്ങളിലെ 21 ലക്ഷം കൃഷിക്കാരുെട 31 ലക്ഷം  ഏക്കർ കൃഷിയിടങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയതായി വിപണനവിഭാഗം മേധാവി ജ്യോതി വഡി പറഞ്ഞു. ആകെ 265 വിളകളിലെ 3500 ഇനഭേദങ്ങൾ കൈകാര്യം ചെയ്യാൻ ഈ സോഫ്റ്റ് വേറുകൾക്ക് സാധിക്കും. വിവിധ തലത്തിലുള്ള 185 ലധികം ഇടപാടുകാരിലൂടെയാണ് കമ്പനി ഇത്രയും കൃഷിക്കാരെസ്വന്തം കുടക്കീഴിലാക്കിയത്. നാലു വർഷത്തിനകം 200 ലക്ഷം കൃഷിക്കാർക്കു സേവനമെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇ–മെയിൽ: jyoti@cropin.com