Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയിലും ഡബിൾ ബെൽ; മുന്നേറി കെഎസ്ആർടിസി കണ്ടക്ടർ

kollam-saju

കൊട്ടാരക്കര ∙ നെടുവത്തൂരിലെ ഈ അഞ്ചേക്കർ ഇന്നു തരിശ്പാടമല്ല, പച്ചപ്പു നിറഞ്ഞ വിളഭൂമിയാണ്. ഇതിനു കയ്യടി കൊടുക്കേണ്ടത്  വെൺമണ്ണൂർ ശ്രേയസിൽ എ.എസ്.സജുവിനാണ്.  കാർഷികമേഖലയിലും ഡബിൾബെല്ലടിച്ച് മുന്നോട്ടു പായുകയാണ് ഈ കെഎസ്ആർടിസി കണ്ടക്ടർ. സജുവിന്റെ (40) കൃഷിത്തോട്ടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണു കൊട്ടാരക്കരയിലെയും പരിസരങ്ങളിലെയും വിപണികളെ സജീവമാക്കുന്നത്. സ്വന്തമായുള്ള ഒരേക്കറിനു പുറമേ പാ‌ട്ടത്തിനെടുത്ത നാലേക്കറിലും കാർഷികവിളകൾ നിറഞ്ഞുകിടക്കുന്നു.

സീസണല്ലെങ്കിലും ഏക്കറുകളോളം പാ‌ടത്ത് ചീരയുണ്ട്. ആവശ്യക്കാരുടെ തിരക്കാണ് എപ്പോഴും. കിലോയ്ക്ക് 60 രൂപയാണു വില.   അവധിദിവസങ്ങളിൽ സജു തനികർഷകനാകും. പുലർച്ചെ നാലിനു പാടത്തിറങ്ങും.  പന്ത്രണ്ടാം വയസിൽ വിത്തും കൈക്കോട്ടുമായി പാടത്തേക്കിറങ്ങിയ സജുവിന് ഇതു ദിനചര്യ തന്നെ. വിപണിയിലെ തന്ത്രങ്ങൾ മനസിലാക്കിയതോടെ കാർഷികവൃത്തിയിൽ ലാഭവും വി‌ട്ടുപോയില്ല. കാട് കയറി കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിനെടുത്തു കൃഷി നടത്തും. കുളവും മോട്ടോറും സ്ഥാപിക്കും. കെഎസ്ആർടിസി കണ്ടക്ടറായ ഭാര്യ ദിവ്യയും ഒപ്പം ഉണ്ട്. നാലംഗ തൊഴിലാളി സംഘം സഹായത്തിനും.

നെ‌ടുവത്തൂർ, പുത്തൂർ വിഎഫ്പിസികെ വിപണികളിലും കൊട്ടാരക്കരയിലെ എല്ലാ ചില്ലറ വിപണികളിലും സജു ഉൽപ്പന്നങ്ങളുമായെത്തുന്നു. നെടുവത്തൂർ വിഎഫ്പിസികെ വിപണിയിൽ മാത്രം 12 ലക്ഷം രൂപയാണു വിറ്റുവരവ്.  പച്ചക്കറിക്കു പുറമെ വാഴ, ചേന,കാച്ചിൽ എന്നിങ്ങനെ മിക്ക വിളകളും ഉണ്ട്. കുളങ്ങളിൽ മത്സ്യകൃഷിയും നടത്തുന്നു. കൂടാതെ കോഴിഫാമും. കഠിനാധ്വാനമാണു വിജയമന്ത്രമെന്നും സജു വിശ്വസിക്കുന്നു. കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടറാണ്.