sections
MORE

തളർച്ചയിലാണ്; താങ്ങേകണം മുളയ്ക്ക്

bamboo-garden
SHARE

എടത്വ ∙ കുട്ടനാടിന്റെ ജീവിതശൈലിയുടെ അവിഭാജ്യഘടകമായിരുന്ന മുളങ്കൂട്ടങ്ങളും മറവിയിലേക്ക്. നിത്യോപയോഗ ഉപകരണങ്ങൾ നിർമിക്കുന്നതു മുതൽ വീടു പണിയാനും കുട്ടനാടിന്റെ ഭൂപ്രകൃതി സംരക്ഷിക്കാനും വരെ മുളകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ സർവ മേഖലയിലും ബദൽ മാർഗങ്ങൾ എത്തിയതോടെ മുളകൾക്ക് ആവശ്യക്കാരില്ലാതായി. മണ്ണൊലിപ്പ് തടയാൻ സഹായിച്ചിരുന്ന മുളങ്കൂട്ടങ്ങൾ വെട്ടി ഒഴിവാക്കുന്ന രീതിയാണ് ഇപ്പോൾ. മുളകൾ സംരക്ഷിക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

പ്രകൃതിയുടെ ഭൂവസ്ത്രം

മണ്ണൊലിപ്പ് തടയാൻ ഇന്നു ലക്ഷങ്ങൾ ചെലവിട്ട് പാതയോരത്ത് വിരിക്കുന്ന കയർ ഭൂവസ്ത്രത്തിന്റെ ഗുണം ചെലവില്ലാതെ ചെയ്തിരുന്ന സസ്യമാണ് മുള. ഇവയുടെ വേരുകൾ പടർന്നുപിടിച്ച് മണ്ണൊലിപ്പ് തടയുമായിരുന്നു. ഇതു തിരിച്ചറിഞ്ഞ് പണ്ടുള്ളവർ ഇവ സംരക്ഷിക്കുകയും ചെയ്തിരുന്നു.

ജീവനോപാധി

കുട്ടനാട്ടിൽ ഒട്ടേറെപ്പേരുടെ ജീവനോപാധിയായിരുന്നു മുള. മുളയുൽപ്പന്നങ്ങൾ നിർമിച്ചു വിറ്റിരുന്ന നൂറുകണക്കിനു കുടുംബങ്ങൾ കുട്ടനാട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ചുരുക്കം ചിലർ മണൽ വാരാനുള്ള കൊട്ട നിർമിക്കുന്നതു മാത്രമാണ് മുളയുൽപ്പന്ന നിർമാണം. മുൻപ് അളവുപാത്രങ്ങൾ, കൊട്ട, വട്ടി, മുറം, പനമ്പ് തുടങ്ങിയവയെല്ലാം മുള കൊണ്ട് നിർമിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം ബദൽ സംവിധാനങ്ങളായതോടെ മുളയ്ക്ക് ആവശ്യക്കാരില്ലാതായി. കൃഷിക്കു ശേഷം നെല്ല് കൂട്ടാനും ഉണക്കാനുമെല്ലാം പനമ്പ് ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് പ്ലാസ്റ്റിക് പടുതകളാണ് ഇതിന് ഉപയോഗിക്കുന്നത്.

നിർമാണ മേഖലയും തഴഞ്ഞു

കുട്ടനാട്ടിലെ ചെളി പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കോൺക്രീറ്റ് കുറ്റികൾ ഉപയോഗിക്കുന്നുണ്ട്. മുൻപ് ഈ സ്ഥാനം മുളയ്ക്കായിരുന്നു. എത്ര വർഷം കഴിഞ്ഞാലും ദ്രവിക്കില്ല എന്നതായിരുന്നു മുള ഉപയോഗിക്കാൻ കാരണം. മേൽക്കൂരയ്ക്കും ചുമരിനുമെല്ലാം പകരവും പനമ്പ് ഉപയോഗിച്ചിരുന്നു. 

ഇതിനു പുറമേ പന്തൽ നിർമിക്കാനും മറ്റും മുള ഉപയോഗിച്ചിരുന്നു. ഇരുമ്പ് പൈപ്പുകൾ വന്നതോടെ ഈ പണിക്കും മുള വേണ്ടതായി. പേപ്പർ നിർമാണത്തിനായി മുള ശേഖരിക്കാൻ എത്തിയിരുന്നവർ മുള ലഭ്യത കുറഞ്ഞതോടെ വരാതായി.

കൃഷിക്കും വേണ്ട

നെൽക്കൃഷി മേഖലയിൽ നിന്ന് ഒഴിവാക്കിയ പോലെ മറ്റ് കർഷകരും മുള ഉപേക്ഷിച്ച മട്ടാണ്. ഏത്തവാഴക്കൃഷിക്ക് താങ്ങായിരുന്ന മുളങ്കാലുകൾക്ക് പകരം ചൂളമരത്തിന്റെ കാലുകളായി ഇന്ന്. കാർഷിക മേഖലയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും മുള ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. കുട്ടനാട്ടിലെ എല്ലാ വീട്ടിലും മുള അഭിഭാജ്യ ഘടകമായിരുന്നു കോഴിക്കൂടു നിർമ്മാണം മുതൽ വേലി കെട്ടുവരെ നടന്നിരുന്നത് മുളകൊണ്ടായിരുന്നു. ഇതിനെല്ലാം ബദൽ മാർഗങ്ങളായി. മത്സ്യ ബന്ധനത്തിനായി പെരുങ്കൂടുകൾ നിർമ്മിച്ചിരുന്നത് മുള കൊണ്ടായിരുന്നു. ഇന്ന് അതും ഇല്ലാതായി.

പ്രകൃതിക്കു വേണ്ടി

മനുഷ്യർക്കു വേണ്ടിയല്ലെങ്കിലും പ്രകൃതിക്കു വേണ്ടി മുളങ്കൂട്ടങ്ങൾ സംരക്ഷിക്കാൻ സർക്കാരോ ജില്ലാ ഭരണകൂടമോ തയാറാകണമെന്ന് കുട്ടനാട്ടിലെ പഴമക്കാർ പറയുന്നു. മണ്ണൊലിപ്പ് തടയാനും പ്രളയത്തെ ചെറുക്കാനുമെല്ലാം മുളകൾ സഹായിക്കുമെന്നാണ് ഇവർ പറയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA