ഇനി തരിശാക്കില്ല..

kottayam-paddy
SHARE

പാലാ ∙ കടനാട് പഞ്ചായത്തിൽ നെൽകൃഷി ചെയ്യാതെ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിനു പാടങ്ങൾ കതിരണിഞ്ഞു. നെൽക്കൃഷി പ്രോൽസാഹന പദ്ധതിയുടെ ഫലമായാണ് വിവിധ പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്തിരിക്കുന്നത്. കൊല്ലപ്പള്ളി കൃഷി ഓഫീസർ അജ്മൽ കർഷകർക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ ഓരോ ഘട്ടത്തിലും നൽകുന്നുണ്ട്.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാർക്ക് സബ്സിഡി നൽകിയത് കൂടുതൽ ആളുകളെ നെൽകൃഷിയിലേക്ക് അടുപ്പിച്ചു. കടനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ  നെൽകൃഷി തിരിച്ചെത്തിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ജയ്സൺ പുത്തൻകണ്ടവും സ്ഥിരം സമിതി അധ്യക്ഷൻ ഷിലു കൊടൂരും പറഞ്ഞു. 

ഏറ്റവും കൂടുതൽ പാടങ്ങൾ തരിശായി കിടന്നത് 2 വർഷം മുൻപ് വരെ പിഴക് വാർഡിലായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ നെൽകൃഷി നടത്തുന്നത് പിഴക് വാർഡിലെ മാനത്തൂർ പാടശേഖരത്താണ്. പിഴക് പാടശേഖര സമിതിയ്ക്ക് സ്വന്തമായുള്ള ടില്ലർ നെൽകൃഷിക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.

കൾച്ചർ, ജ്യോതി കൾച്ചർ, എച്ച് ഫോർ, ഇത്തിക്കണ്ണൻ ചുവപ്പ് തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നതിൽ ഏറെയും. കരനെൽ കൃഷിയും പിഴക് വാർഡിൽ ചെയ്യുന്നുണ്ട്. രഘുനാഥ് ബംഗ്ലാംകുന്നേൽ, കുരുവിള വലിയകുന്നേൽ, ജോജി കുര്യാക്കോസ്, ദേവസ്യ തോട്ടുങ്കൽ എന്നിവർ തരിശുപാടങ്ങൾ സമൃദ്ധമാക്കിയവരിൽ ചിലരാണ്.

കൊയ്‌ത്തുത്സവം  നടത്തി

പിഴക് ∙ നെൽകതിരുകൾ നിറഞ്ഞ പിഴക് പാടശേഖരത്തിൽ കൊയ്‌ത്തുത്സവം നടത്തി. കുടുംബശ്രീ, തൊഴിലുറപ്പ്, വികസന സമിതി അംഗങ്ങളും ജനപ്രതിധിനികളും നാട്ടുകാരും ചേർന്ന ജനകീയ കൂട്ടായ്‌മയാണ് കൊയ്‌ത്തുത്സവം സംഘടിപ്പിച്ചത്.

കടനാട്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിലു കൊടൂർ ഉദ്‌ഘാടനം ചെയ്‌തു. രഘുനാഥ് ബംഗ്ലാംകുന്നേൽ കൃഷി ചെയ്ത 3 ഏക്കർ പാടത്തായിരുന്നു കൊയ്‌ത്തുത്സവം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആൻറണി ഞാവള്ളി, ഷാജൻ കടുകുംമാക്കൽ, മേരിക്കുട്ടി, ബബിത സുധാകരൻ, ലേഖ എന്നിവർ പ്രസംഗിച്ചു.

തരിശു കിടന്ന 10 ഏക്കറോളം പാടത്താണ് ജലസേചന സൗകര്യമൊരുക്കി കൃഷി ഇറക്കിയത്. മാനത്തൂർ തോട്ടിൽ ചെറുതടയിണകൾ കെട്ടി പാടത്തേക്ക് വെള്ളം എത്തിക്കുകയായിരുന്നു. കൊല്ലപ്പള്ളി കൃഷി ഓഫീസിൽ നിന്ന് കർഷകർക്ക് ആവശ്യമായ സഹായങ്ങളും ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA