തേനീച്ചക്കൃഷിയിൽ രാഷ്ട്രീയമില്ല...

Pathanamthitta-honey
SHARE

ഇളമണ്ണൂർ ∙ രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും തേനീച്ചക്കൃഷിയിൽ വിജയം കൊയ്യാമെന്ന് തെളിയിക്കുകയാണ് ഡിസിസി സെക്രട്ടറിയും മുൻ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഡി. ഭാനുദേവൻ. 2005ൽ 10 തേനീച്ചപ്പെട്ടിയുമായി തേനീച്ചക്കൃഷിയിലേക്ക് ഇറങ്ങിയ ഇദ്ദേഹത്തിന് ഇന്ന് 440 പെട്ടികൾ സ്വന്തമായിട്ടുണ്ട്.

വീടിനോട് ചേർന്നുള്ള റബർ തോട്ടങ്ങളിൽ 50 പെട്ടികളും ഏഴംകുളം, തട്ട, കൊടുമൺ പ്രദേശങ്ങളിലായി 390 പെട്ടികളുമാണ് സ്‌ഥാപിച്ചിട്ടുള്ളത്. ഒരു വർഷം ഒരു പെട്ടിയിൽനിന്ന് 10–20 കിലോ വരെ തേൻ ലഭിക്കുമെന്നും ഒരു കിലോ വൻ തേനിന് 300 രൂപ വരെ കിട്ടുമെന്നും ഈ കർഷകൻ പറയുന്നു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നാഷനൽ ഹോർട്ടികൾച്ചർ ബോർഡിന്റെ ഹണി ഫെസ്റ്റിൽ പങ്കെടുത്തപ്പോൾ ലഭിച്ച പ്രചോദനമാണു തേൻ കൃഷിയിലേക്ക്  തിരിയാൻ കാരണം. തേൻ മാത്രമല്ല വിൽക്കാൻ പറ്റുന്നത്. 

തേനീച്ചയുടെ വളർച്ചക്കാലത്ത് പെട്ടികളിൽ തേൻ ഉൽപാദിപ്പിക്കുന്ന കോളനികൾ വിഭജിച്ച് വിൽപന നടത്താമെന്നും ഇദ്ദേഹം തെളിയിക്കുന്നു. തേൻ മെഴുകും വിൽക്കാം. ഇതിനു കിലോയ്ക്ക് 350 രൂപ വരെ വിലയുണ്ട്. റബർ തോട്ടങ്ങളാണ് തേനീച്ചക്കൃഷിക്ക് കൂടുതൽ അനുയോജ്യം. റബറിന്റെ വിലയിടിവ് മൂലം നട്ടംതിരിയുന്ന കർഷകർക്ക് റബർ തോട്ടങ്ങളിലെ തേനീച്ചക്കൃഷി ഒരു വരുമാന മാർഗമാകും. ഒരേക്കർ തോട്ടത്തിൽ 20 പെട്ടികൾ വരെ സ്ഥാപിക്കാം.

ഈ പെട്ടികളിൽ നിന്ന് ഉൽപാദന കാലത്ത് 300 മുതൽ 500 കിലോ വരെ തേൻ ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. തേനീച്ചക്കൃഷിയിൽ സഹായത്തിന് മണക്കാല തപോവൻ പബ്ലിക് സ്കൂളിലെ അധ്യാപിക കൂടിയായ ഭാര്യ രാജശ്രീയും ഭാനുദേവനൊപ്പമുണ്ട്. 2 ഏക്കർ സ്ഥലത്ത് വിവിധ തരം വാഴകൾ, തെങ്ങ്, പച്ചക്കറി എന്നീ കൃഷികളും ചെയ്യുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA