ADVERTISEMENT

തകഴി ∙ കീടനാശിനി വിമുക്ത കുട്ടനാടാണു കൃഷി വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ. ഗ്രാമ പഞ്ചായത്തിലെ കുന്നുമ്മ വാരിക്കാട്ടുകരി പാടശേഖരത്തിലെ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ടതടക്കം കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 28, മാര്‍ച്ച് 1 തീയതികളില്‍‌ മങ്കൊമ്പില്‍‌ ശില്‍പശാല നടത്തും. ജില്ലയില്‍ 30400 ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷി ഇറക്കാനായതു ചരിത്ര നേട്ടമാണ്. ഇത്തവണ 7000 ഹെക്ടറില്‍ അധികമാണു കൃഷിയിറക്കിയത്.

65,000 മെട്രിക് ടണ്‍ നെല്ലാണു വിളവു പ്രതീക്ഷിക്കുന്നത്. കാര്‍ഷിക മേഖലയില്‍‌ മരുന്നു തളിക്കുന്നവര്‍ക്കു പരിശീലനം നല്‍കും. തൊഴിലാളികള്‍ക്കു റജിസ്ട്രേഷന്‍ നിര്‍‌ബന്ധമാക്കും. മരുന്ന് തളിക്കു ശാസ്ത്രീയ പരീക്ഷണവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു അധ്യക്ഷത വഹിച്ചു. കുട്ടനാട് വികസന സമിതി വൈസ് ചെയര്‍‌മാന്‍ ജോയിക്കുട്ടി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം എ.ആര്‍.കണ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമ ബിജു, ഡപ്യൂട്ടി ഡയറക്ടര്‍ സൂസൻ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിതകുമാരി, കൃഷി അസി.ഡയറക്ടര്‍ .സി.ആര്‍.രശ്മി, ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്,കെ. ഗോപിനാഥന്‍, സുപ്രമോദം, ആര്‍. മോഹന്‍ദാസ്, പി.ജെ. ജോസ്, ഹരികുമാര്‍,കൃഷി ഓഫിസര്‍  രേഷ്മ ഗോപി എന്നിവര്‍ പ്രസംഗിച്ചു.

പാടത്തിറങ്ങി മന്ത്രി; പിന്നെ ആവേശക്കൊയ്ത്ത്

തകഴി ∙ തൊഴിലാളികളുടെ കൊയ്ത്തു പാട്ടിന്റെ ശീലുകളില്‍ സന്തോഷിച്ചു മന്ത്രി വി.എസ്. സുനില്‍കുമാര്‍ കുന്നുമ്മ വാരിക്കാട്ടുകരി പാടശേഖരത്തില്‍ പൊന്നരിവാളുമായി കൊയ്ത്തിനിറങ്ങി. കൈലി ഉടുത്തു പാളത്തൊപ്പി ധരിച്ചുള്ള മന്ത്രിയുടെ വേഷം തൊഴിലാളികളുടെ ആവേശം ഇരട്ടിയാക്കി. 

മന്ത്രിയോടൊപ്പം കൊയ്യാന്‍‌ തൊഴിലാളികളും നാട്ടുകാരും ഇറങ്ങി.  മന്ത്രി കൊയ്തെടുത്ത കറ്റകള്‍ സമ്മേളനം നടന്ന വേദിയില്‍ പ്രദര്‍ശനത്തിനും വച്ചു. പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങളുടെ  ടാബ്ലോയും മന്ത്രിയെ സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com