ADVERTISEMENT

തിരുവനന്തപുരം ∙ ഡിസംബർ – ജനുവരി മാസങ്ങളിൽ രാത്രിയിലെ തണുപ്പും ഭൂഗർഭജലത്തിന്റെ കൂടിയ അളവും കഴിഞ്ഞയാണ്ടിലെ മോശം വിളവും കണക്കിലെടുത്തപ്പോൾ കേരളത്തിലെ മാവുകൾ തീരുമാനിച്ചു, ഇത്തവണ നന്നായൊന്നു പൂത്തു തളിർത്തേക്കാം, നല്ല മാമ്പഴക്കാലം തന്നെ സമ്മാനിച്ചേക്കാം ! കേരളമാകെ  മാവുകൾ പൂത്തു നിൽ‍ക്കുന്ന കാഴ്ചയ്ക്കു പിന്നിൽ ഈ മൂന്നു കാരണങ്ങളാണെന്നു ഇതേപ്പറ്റി പഠിച്ച കേരള കാർഷിക സർവകലാശാല സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ–ജനുവരി മാസങ്ങളിൽ  കേരളം മൂടിപ്പുതച്ചുറങ്ങിയപ്പോൾ  മാവുകൾക്കും കുളിരുകോരി. 

 

2018 –നെ അപേക്ഷിച്ച് അസാധാരണമായ തണുപ്പാണ് മൂന്നാറിലടക്കം ഉണ്ടായത്. ജനുവരി രാത്രികളിലെ കുറഞ്ഞ താപനില 16 ‍മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. 2018–ൽ 20–24 ഡിഗ്രി സെൽഷ്യസ്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യവും 40–60  % കണ്ടു കുറഞ്ഞു. 2018 ൽ 60–80 %. തെക്കുപടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ ആണ്ടിൽ ശക്തമായതാണ് ഭൂഗർഭ ജലത്തിന്റെ അളവു കൂടാൻ കാരണം. നല്ല മഴ കൂടുതൽ പൂക്കാൻ പ്രേരണയായി. പിന്നിട്ട നവംബർ, ഡിസംബർ മാസങ്ങളിൽ മഴ ഒഴിഞ്ഞു നിന്നതും അനുഗ്രഹമായി.

 

മുൻവർഷം പൂവിടൽ കാലത്ത് അനുഭവപ്പെട്ട കനത്ത മഴ കായഫലം കുറച്ചിരുന്നു. മാവിന്റെ തളിർ ശിഖരങ്ങളിലെ  അന്നജത്തിന്റെയും നൈട്രജന്റെയും സാന്നിധ്യമാണ്  മികച്ച കായ്ഫലം ഉറപ്പാക്കുന്നത്. കഴിഞ്ഞ വർഷം കായ്ഫലം കുറഞ്ഞതുമൂലം  ശിഖരങ്ങളിലെ അന്നജത്തിന്റെ നിക്ഷേപം വർധിച്ചു. ഇതും മാവിന്റെ പൂവിടൽശേഷി വർധിപ്പിച്ചതായി  റിസർച് ഡയറക്ടർ ഡോ. പി.ഇന്ദിരാദേവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഉത്തരേന്ത്യയിൽ മാവിന്റെ പൂവിടലിൽ ഗണ്യമായി കുറവുണ്ടായ സാഹചര്യം നിലനിൽക്കെയാണ് കേരളത്തിലെ സമൃദ്ധമായ പൂവിടൽ കാലം. തമിഴ്നാട്ടിൽ സമാനമായ പ്രതിഭാസം ചില വർഷങ്ങളിൽ മുമ്പുണ്ടായിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com