ADVERTISEMENT

തിരുവനന്തപുരം ∙ വീട്ടുമുറ്റത്തോ ടെറസിലോ കൃഷി ചെയ്താൽ നല്ല ഭക്ഷണം കഴിക്കാമെന്നു മാത്രമല്ല, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യാം. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി ഡോ.വിജയേന്ദ്ര ഭാസാണു രോഗപ്രതിരോധത്തിനു കൃഷിപാഠങ്ങളുമായി സമൂഹത്തിലേക്കിറങ്ങുന്നത്. പ്രായേമേറുന്തോറും ആളുകളെ പിടികൂടുന്ന ജീവിതശൈലി രോഗങ്ങൾക്കു പ്രതിവിധിയായി വിജയേന്ദ്ര ഭാസ് ചൂണ്ടിക്കാട്ടുന്നത് കൃഷിയാണ്.

 

 

ഹോർട്ടികൾചർ തെറപ്പി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. ഫിസിയോതെറപ്പിയും വ്യായാമങ്ങളും കൃഷിയിലൂടെ മടുപ്പില്ലാതെ ചെയ്യുന്നതാണു ഹോർട്ടികൾചർ തെറപ്പിയുടെ പിന്നിലുള്ള രഹസ്യം. സ്വന്തമായി പരീക്ഷിച്ചു വിജയിച്ച ശേഷമാണ് വിജയേന്ദ്ര ഭാസ് ഇപ്പോൾ തന്റെ പരിശ്രമം പൊതുസമൂഹത്തിനു മുൻപിലെത്തിക്കുന്നത്. രോഗങ്ങൾക്കു വൈദ്യസഹായം തേടുന്നതിനും ആവശ്യമായ മരുന്ന് കഴിക്കുന്നതിനും പകരമല്ല തന്റെ തെറപ്പിയെന്നും അദ്ദേഹം പറയുന്നു.

 

 

ഒട്ടേറെപ്പേർ ഹോർട്ടികൾചർ തെറപ്പിക്കായി വിജയേന്ദ്ര ഭാസിനടുത്തെത്തുന്നു. സ്വന്തമായി കൃഷി ചെയ്താൽ മാത്രമേ തെറപ്പി ഫലപ്രദമാകൂ. രാസകീടനാശിനികൾ ഉപയോഗിക്കാതെ പൂർണമായും ജൈവകൃഷിയാണ് വിജയേന്ദ്ര ഭാസ് നിർദേശിക്കുന്നത്. ചെടികളുടെ ഓരോ ഘട്ടത്തിലെയും പരിപാലനം ശരിയായി ചെയ്യണം. ടെറസിനു മുകളിലാണ് കൃഷിയെങ്കിൽ സ്വന്തമായി നടന്നു കയറി വെള്ളം നനയ്ക്കണം. വലിയ ഭാരം ഒറ്റത്തവണ ചുമന്നു കയറാതെ കുറേ തവണകളായി ചെറിയ ഭാരം മുകളിലേക്കു കയറ്റണം. ശ്രദ്ധയോടെ, മെല്ലെ കൃഷി പരിപാലിക്കുന്നതിലാണു തെറപ്പിയുടെ വിജയമെന്നു വിജയേന്ദ്ര ഭാസ് പറയുന്നു. 

 

നടുവേദന, മുട്ടുവേദന തുടങ്ങിയ അസുഖങ്ങളുള്ളവർ തങ്ങളുടെ രോഗമനുസരിച്ചുള്ള പ്രവർത്തികൾ ചെയ്യണം. ഹോർട്ടികൾചർ തെറപ്പി പരീക്ഷിച്ചവർക്കൊക്കെ നല്ല ഫലം ലഭിച്ചെന്നും മാനസികമായ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. വിജയേന്ദ്ര ഭാസ് തെറപ്പിയെക്കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും സൗജന്യമായാണ്.

 

 

കോളജ് അധ്യാപകനായിരുന്ന വിജയേന്ദ്ര ഭാസ് വിരമിച്ച ശേഷമാണു കൃഷിയിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭിന്നശേഷിക്കാരനായ മകനു ഫിസിയോതെറപ്പി ചെയ്തപ്പോൾ വേദനയുണ്ടായി. അതിനു പകരം കണ്ടെത്തിയതാണു ഹോർട്ടികൾചർ തെറപ്പി. വിജയിച്ചതോടെയാണു മറ്റുള്ളവർക്കും ഇതു പ്രയോജനപ്രദമാക്കിക്കൂടെ എന്ന ചിന്തയുണ്ടായത്. ഹോർട്ടികൾചർ തെറപ്പിയോടൊപ്പം നന്നായി കൃഷിചെയ്താൽ നല്ലൊരു വരുമാനമാർഗമാണെന്നും അദ്ദേഹം പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com