ADVERTISEMENT

പ്രതിസന്ധിയിൽ വലയുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട് പ്രോസസിങ് കമ്പനിയുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് സ്വകാര്യ വിതരണക്കമ്പനികളെ ഏൽപിക്കാൻ നീക്കം. ജീവനക്കാർക്കു ശമ്പളം പോലും നൽകാനാവാതെ കടക്കെണിയിലായിരിക്കുന്ന കമ്പനിയെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണു പുതിയ ശ്രമം. സർക്കാരിൽനിന്നുള്ള സഹായ വാഗ്ദാനങ്ങൾ ലഭിക്കാതായതോടെയാണ് മാനേജ്മെന്റിന്റെ പുതിയ നീക്കം. സ്വകാര്യ വിതരണക്കമ്പനികളെ ഉൽപന്നങ്ങളുടെ വിതരണം ഏൽപിക്കുന്നതിലൂടെ വലിയ തുക സമാഹരിക്കാനും ഉൽപന്നങ്ങളുടെ വിപണനം വ്യാപകമാക്കാനും കഴിയുമെന്ന നിഗമനത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. 

 

ആഭ്യന്തര വിപണിയെ ഉത്തരകേരളം, ദക്ഷിണകേരളം, മധ്യകേരളം എന്നിങ്ങനെ മൂന്നായി തിരിച്ച് വിതരണച്ചുമതല കൈമാറാൻ ടെൻഡറുകൾ ക്ഷണിച്ചുകഴിഞ്ഞു. എന്നാൽ തണുത്ത പ്രതികരണമാണ് വിതരണ കമ്പനികളിൽനിന്നു ലഭിച്ചിരിക്കുന്നത്. അന്വേഷണങ്ങൾ ഒട്ടേറെ എത്തുന്നുണ്ടെങ്കിലും ടെൻഡറുകൾ എത്തിയിരിക്കുന്നത് വളരെക്കുറവാണ്. വരുംദിവസങ്ങളിൽ കൂടുതൽ സ്വകാര്യ കമ്പനികൾ രംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ. ജൈവ് എന്ന പേരിൽ ഇതിനോടകം ഗൾഫ് രാജ്യങ്ങളിലടക്കം വിപണിയിൽ മികച്ച അഭിപ്രായം നേടിയ ഫ്രൂട്ജ്യൂസുകളും ജിഞ്ചർ കാൻഡിയുമടക്കുമുള്ള ഉൽപന്നങ്ങൾ വിതരണം ചെയ്യാനാണ് ‍ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

പൈനാപ്പിൾ, മാമ്പഴം, മുന്തിരി, ആപ്പിൾ, ഓറഞ്ച് തുടങ്ങിയ പഴങ്ങളുടെ ജ്യൂസ് കമ്പനി ജൈവ് എന്ന പേരിൽ കമ്പനി പുറത്തിറക്കുന്നുണ്ട്. ഇഞ്ചിയിൽ നിന്നുള്ള ജിഞ്ചർ കാൻഡി ലോകരാജ്യങ്ങളിലാകെ പ്രിയങ്കരമായതാണ്. നിലവിൽ കമ്പനിയുടെ പ്രവർത്തനം പേരിനു മാത്രമാണ് നടക്കുന്നത്. മാനേജ്മെന്റിലെ അഭിപ്രായ വ്യത്യസത്തെത്തുടർന്ന് കമ്പനിയുടെ ചെയർമാൻ ബാബുപോൾ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. പുതിയ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതോടെ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനാണ് നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com