ADVERTISEMENT

നെടുങ്കണ്ടം ∙ ഏലം കർഷകർക്ക് സിആർ (കാർഡമം റജിസ്ട്രേഷൻ) മുടങ്ങിയിട്ട് മൂന്നര വർഷം. ജില്ലയിലെ 20,000 ഏലം കർഷകർ ദുരിതത്തിൽ. സിആർ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കാർഷിക വികസന–കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ പുതിയ ഉത്തരവിറക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കൃഷിവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും തർക്കം കാരണം പുതുക്കിയ മാനദണ്ഡങ്ങൾ ഇതുവരെ ഉത്തരവായിറങ്ങിയില്ല. 

 

 

ഏലം കൃഷി ചെയ്യുന്ന ഭൂമിയുടെ അവകാശം റവന്യു വകുപ്പിനും മരങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്. ഏലമുൾപ്പെടെ 52 ഇനം വിളകൾ സ്പൈസസ് ബോർഡിന്റെ കീഴിലായതിനാൽ കൃഷിവകുപ്പിന് സിആറിന്റെ മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അവകാശമില്ലെന്നാണ് റവന്യു വകുപ്പിന്റെ വാദം.

 

കാലാവധി ദീർഘിപ്പിച്ച സിആർ സംബന്ധിച്ച് സർക്കാരിൽ നിന്നു കൂടുതൽ വ്യക്തതയുള്ള ഉത്തരവിറങ്ങിയാൽ മാത്രമേ സിആർ പുതുക്കി നൽകാൻ സാധിക്കൂ എന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ നിലപാട്. പുതുക്കിയ ഫീസ്, മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചും റവന്യു വകുപ്പിന് സർക്കാരിന്റെ വ്യക്തമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ല. വിളവെടുപ്പ് സീസൺ പൂർത്തിയായിട്ടും സിആർ രേഖകൾ കർഷകർക്ക് ലഭിക്കാത്തതിനാൽ ഏലയ്ക്കയുടെ വിപണനവും കൈമാറ്റവും പ്രതിസന്ധിയിലാക്കി.

 

കാർഡമം റജിസ്ട്രേഷൻ ഫയൽ നിയമ വകുപ്പിനു കൈമാറി

 

 

ഏലം കർഷകർക്ക് ഏലയ്ക്ക വിൽപന നടത്തുന്നതിനു റവന്യു വിഭാഗം നൽകുന്ന രേഖയാണു സിആർ (കാർഡമം റജിസ്ട്രേഷൻ). റവന്യു വിഭാഗം പരിശോധന നടത്തിയ ശേഷമാണ് അപേക്ഷകന്റെ ഭൂമിയിൽ ഏലം കൃഷി ഉണ്ടെന്നു കാണിച്ച് കാർഡമം റജിസ്ട്രേഷൻ നൽകുന്നത്. സ്ഥിരം റജിസ്‌ട്രേഷൻ അംഗീകാരം ലഭിക്കാനായി നിയമ വകുപ്പിനു കൃഷിവകുപ്പു ഫയൽ കൈമാറിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്ന വിവരം. എന്നാൽ അന്തിമ തീരുമാനം പുറത്തു വന്നിട്ടില്ല. 

 

സിആർ രേഖയില്ലെങ്കിൽ വാണിജ്യ നികുതി വിഭാഗം ഏലയ്ക്ക പിടിച്ചെടുക്കും. സിആറിന്റെ കാലാവധി ഒരു വർഷമെന്നത് 8 വർഷമാക്കി കഴിഞ്ഞ യുഡിഎഫ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. സ്ഥിരം റജിസ്ട്രേഷൻ സംവിധാനം വേണമെന്നു കർഷകർ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. സ്ഥിരമായ റജിസ്ട്രേഷൻ വരുന്നതോടെ കർഷകർക്ക് ഒരു തവണ മാത്രം അപേക്ഷ നൽകി സിആർ എടുത്ത് സൂക്ഷിക്കാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com