ADVERTISEMENT

പുൽപള്ളി ∙ വേനൽച്ചൂടിൽ നാട് കരിഞ്ഞുണങ്ങുമ്പോൾ വിതരണത്തിനെത്തിയ വളങ്ങളും കുമിൾനാശിനികളും വാങ്ങാനാളില്ലാതെ സമിതികളിൽ കെട്ടിക്കിടക്കുന്നു. ലക്ഷക്കണക്കിനു രൂപയുടെ വളവും ജൈവവളവുമാണ് ഓരോ വാർഡിലെയും സമിതികളിൽ നശിക്കുന്നത്. ദ്രുതവാട്ട നിർമാർജനത്തിന് 2017ൽ കർഷകർ നൽകിയ അപേക്ഷ പ്രകാരം അനുവദിച്ച വസ്തുക്കളാണ് കൊടുംവേനലിൽ വിതരണത്തിനെത്തിയത്. 

 

വർഷങ്ങളായി കുരുമുളക് പാക്കേജ് എന്ന പേരിൽ അനുവദിക്കുന്ന ഇത്തരം സാധനങ്ങൾ വേണ്ടെന്നും സഹായം പണമായി നൽകണമെന്നും നേരത്തെ ആവശ്യമുണ്ടായിരുന്നു. സ്യൂഡോമോണസ്, ട്രൈക്കോഡർമ, സിഒസി, ഡോളോമെറ്റ്, തുരിശ് എന്നിവയാണ് ദ്രുതവാട്ട പാക്കേജിൽ കർഷകർക്കു നൽകുന്നത്. മുൻ വർഷങ്ങളിൽ നൽകിയ ഇത്തരം സാധനങ്ങൾ ഉപയോഗിക്കാതെ ഇപ്പോഴും വീടുകളിലുണ്ടെന്നു കർഷകർ പറയുന്നു. 

 

വർഷാവർഷം കോടികൾ ചിലവിടുന്ന ഈ പദ്ധതി വളം നിർമാതാക്കൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മാത്രമാണ് ഗുണം ചെയ്യുന്നതെന്ന് കർഷക സംഘടനകൾ ആരോപിച്ചു. വർഷങ്ങൾക്കു മുൻപ് ഇത്തരം സാധനങ്ങൾ തീയിട്ടും പുഴയിലൊഴുക്കിയും കർഷകർ പ്രതിഷേധമറിയിച്ചിരുന്നു. കർഷകർക്കുള്ള സഹായമെല്ലാം പണമായി നൽകുമെന്നു കൃഷിമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പലവട്ടം ഉറപ്പ് നൽകിയിരുന്നതുമാണ്.

 

കുടിക്കാൻ പോലും വെള്ളമില്ലാത്തവർക്ക് കുമിൾനാശിനി കലക്കാനോ, ചെടികളുടെ ചുവട്ടിലൊഴിക്കാനോ കഴിയാത്ത സ്ഥിതിയാണ്. ഫലത്തിൽ വിതരണം ചെയ്ത സാധനങ്ങളെല്ലാം വെറുതെയാകും. കുരുമുളക് കൃഷിക്കാരെ സഹായിക്കാനായി തട്ടിക്കൂട്ടുന്ന ഇത്തരം പദ്ധതികൾ നിർത്തിവയ്ക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നു.  മഴക്കെടുതിയും വരൾച്ചയും കുരുമുളകുനാശത്തിന് ഇടയാക്കുകയാണു വയനാട്ടിൽ. കുരുമുളക് ഇറക്കുമതി വിപണിയെയും തകർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com