ADVERTISEMENT

മറയൂർ ∙ കാട്ടാനകൾ കൃഷി തകർത്തെറിയുമ്പോൾ നട്ടുണ്ടാക്കിയതെല്ലാം കൺമുന്നിൽ ഇല്ലാതാകുന്ന കാഴ്ച കണ്ട് നിസ്സഹായരായി വീടിനുള്ളിൽ ഭീതിയോടെ കർഷകർ. കാന്തല്ലൂർ പെരുമലയിൽ കഴിഞ്ഞ ദിവസമെത്തിയ കാട്ടാനകളാണ് 5 സംഘങ്ങളായി തിരിഞ്ഞ് കർഷക ഗ്രാമത്തിന്റെ ഉപജീവനമാർഗം തകർത്തത്. 

കഴിഞ്ഞദിവസം രാത്രി 12 മണിയോടെ ഗ്രാമത്തിന് സമീപത്തെ കൃഷിയിടത്തിലേക്ക് കടന്ന് കൂടിയ ആനക്കൂട്ടം വാഴ, ബീൻസ്, കാബേജ്, വെളുത്തുള്ളി തുടങ്ങിയ വിളകൾ വ്യാപകമായി തിന്നും ചവിട്ടിയും നശിപ്പിച്ചു. രാവിലെ 6 മണി കഴിഞ്ഞും  ഗ്രാമത്തിന്റെ ചുറ്റും അഞ്ചിടങ്ങളിലായി കടന്നുകൂടിയ ആനകളെ ഭയന്ന് പുറത്തിറങ്ങാനോ ഇവയെ തുരത്താനോ സാധിച്ചില്ലെന്നു ഗ്രാമീണർ പറയുന്നു.

നടരാജ്, മുത്തുസ്വാമി, സേതുരാമൻ, ശാന്തിയമ്മ, മുത്തു, മുരുകൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കൂടുതൽ നാശനഷ്ടം വരുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി  കീഴാന്തൂർ സ്വദേശിയും പഞ്ചായത്ത് അംഗവുമായ മഹാലക്ഷ്മിയുടെ വീട്ടുമുറ്റത്ത് എത്തിയ ഒറ്റയാൻ പനയും വൈദ്യുതി പോസ്റ്റും തകർത്തു. 

വേനലിന്റെ ആരംഭം മുതൽ വനംവിട്ട് ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കൂട്ടം വെട്ടുകാട്, കീഴാന്തൂർ, കാന്തല്ലൂർ, ആടിവയൽ, കുളച്ചുവയൽ, പെരുമല തുടങ്ങിയ ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടം വരുത്തി. കഴിഞ്ഞയാഴ്ച ആടിവയലിൽ എത്തിയ 26 കാട്ടാനകൾ ഏക്കറുകണക്കിന് കൃഷിവിളകളാണ് ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്. പകൽ സമയത്തും കൃഷിപ്പാടത്തിന് സമീപത്തെ ഗ്രാന്റീസ് തോട്ടത്തിനുള്ളിൽ നിലയുറപ്പിക്കുന്ന കാട്ടാനകൾ ജനങ്ങളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്.

5 മാസം മുൻപ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷിനാശം വരുത്തിയതിനെ തുടർന്ന് രാത്രികാലങ്ങളിൽ മറയൂർ കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്ത് കീഴാന്തൂർ ഗ്രാമത്തിലുള്ളവർ തീ കൂട്ടി കാവലിരുന്നാണ് ആനകളെ ഓടിച്ചിരുന്നത്. ഇപ്പോൾ വീണ്ടും കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ, വനം വകുപ്പ് വാച്ചർമാരെ നിയോഗിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com