ADVERTISEMENT

എരുത്തേമ്പതി∙ തോപ്പിലെ തെങ്ങുകൾക്കിടയിലുള്ള സ്ഥലം മിക്കവാറും വെറുതെ കിടക്കുന്നതാണു മിക്കയിടത്തും കാണാറുള്ളത്. എന്നാൽ, ഇത്തരം സ്ഥലങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന ചോദ്യത്തിന് ഉത്തരം ഇവിടെയുണ്ട്.

 

തെങ്ങുകൾക്കിടയിൽ സിമന്റ് കാലുകൾ നാട്ടി, അതിലേക്ക് വെറ്റില വള്ളികൾ പടർത്തി വിട്ടു വരുമാനമുണ്ടാക്കുകയാണു പഞ്ചായത്തിലെ ആർവിപി പുതൂരിനു സമീപത്തുള്ള പത്താംനമ്പർ കളത്തിലെ എം.സുബ്രഹ്മണ്യനും ഭാര്യ രാമുവും. 75 സെന്റ് തെങ്ങിൻ തോപ്പിലാണിവരുടെ വെറ്റില കൃഷി.  \

 

ശർക്കരക്കൊടി എന്ന ഇനത്തിൽപ്പെട്ട നാടൻ വെറ്റിലയാണിത്. 2 തെങ്ങുകൾക്കിടയിൽ സിമന്റ് കാലുകൾ നാട്ടി അതിനു കുറുകെ മരത്തിന്റെ നീളത്തിലുള്ള കമ്പ് വച്ചുകെട്ടി, അതിലേക്കാണു വെറ്റില വള്ളികൾ പടർത്തി വിട്ടിരിക്കുന്നത്. മാസത്തിൽ ഒരു തവണയാണു വിളവെടുപ്പ്. 2 വള്ളിയിൽ നിന്നു 3 കിലോ വരെ വെറ്റില ലഭിക്കുന്നുണ്ടെന്ന് സുബ്രഹ്മണ്യൻ പറയുന്നു. ഒരു കിലോയ്ക്ക് 60 രൂപയാണു വിപണിയിലെ വില. പൊള്ളാച്ചി വിപണിയിലും സമീപത്തെ ചെറുകിട കച്ചവടക്കാർക്കുമാണു വെറ്റില നൽകുന്നത്. 

 

പൂർണമായും ജൈവ  രീതിയിലാണു കൃഷി. വിളവെടുപ്പ് സമയത്ത് വെറ്റില നുള്ളുന്നതൊഴിച്ചാൽ കൂടുതൽ പരിപാലനം ആവശ്യമില്ല. എരുത്തേമ്പതി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് അബ്ദുൽ ഖാദറിന്റെ ശാസ്ത്രീയമായ നിർദേശങ്ങളും പ്രോത്സാഹനവും വെറ്റില കൃഷിക്ക് ഏറെ സഹായകമായതായി സുബ്രഹ്മണ്യൻ പറയുന്നു. തോപ്പിലെ തെങ്ങുകൾക്കിടയിൽ പരീക്ഷിച്ച വെറ്റില കൃഷിയിലെ വിജയം സമീപത്തെ കർഷകർക്കും പ്രചോദനമായിട്ടുണ്ട്. 

 

വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശത്തേക്കു വെറ്റിലക്കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണു കർഷകരും കൃഷി ഉദ്യോഗസ്ഥരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com