ADVERTISEMENT

കാലവർഷത്തിൽ കുരുമുളക് വള്ളിയിലെ ഇലകൾ വാടിയാൽ കർഷകന്റെ മുഖവും വാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നിലവാരമുള്ള തൈകളുടെ അഭാവവും വിലയിലെ ചാഞ്ചാട്ടവും നല്ല തൈകളുടെ ലഭ്യതക്കുറവുമെല്ലാം കുരുമുളക് കർഷകരുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. 3 വർഷത്തിനിടെ വില മൂന്നിലൊന്നായി കൂപ്പുകുത്തി. 

 

എന്നാൽ, അങ്ങനെ തോറ്റു തല കുനിക്കാൻ തയാറാകാത്ത കർഷകരുണ്ടായിരുന്നു. ചെറുതാഴത്ത് അവർ ഒത്തു ചേർന്നു. കുരുമുളകിന്റെ ഗുണനിലവാരമളക്കുന്നത് ‘ലീറ്റർ വെയ്റ്റ്’ എന്ന അളവിലാണ്. കുറഞ്ഞത് 580 ഗ്രാം ലീറ്റർ വെയ്റ്റ് ലഭിക്കുന്ന രീതിയിൽ എല്ലാ കർഷകർക്കും ഉന്നത നിലവാരമുള്ള തൈകൾ ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി.

 

പിന്നീട് ഒരേ രീതിയിലുള്ള പരിചരണം വേണം. ഉൽപാദനത്തിൽ ഒരേ നിലവാരത്തിലുള്ള കുരുമുളകും ലഭിക്കണം. പ്രതിസന്ധികളെ തരണം ചെയ്ത് നൂറുമേനി വിളയിക്കുക എന്ന ലക്ഷ്യത്തോടെ പിലാത്തറ ചെറുതാഴത്ത് 2013ൽ കുരുമുളക് കർഷകർ കൂട്ടായ്മയ്ക്കു രൂപം നൽകി. പിന്നീട് ചെറുതാഴം കണ്ടത് ഒത്തൊരുമയുടെ കാർഷിക വിജയഗാഥയാണ്.

നഴ്സറിയിൽ വളർച്ചയുടെ ആദ്യഘട്ടത്തിലെത്തിയ തൈകൾ.

 

പുതുനാമ്പിട്ട് കൂട്ടായ്മ 

ചെറുതാഴം കർഷകസമിതി നടത്തുന്ന കുരുമുളക് നഴ്സറി

 

ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കി കർഷകന്റെ അധ്വാനത്തിനു ന്യായമായ വില ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണു സമിതി തുടങ്ങിയത്. പ്രാഥമികമായി വിവിധ ഭാഗങ്ങളിലെ മണ്ണു പരിശോധന നടത്തി ഓരോ സ്ഥലത്തിനും വേണ്ട പരിചരണം നൽകി പരുവപ്പെടുത്തിയാണ് കൃഷി ചെയ്തത്. കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ മാർഗ നിർദേശവും തേടി.

 

ശാസ്ത്രിയമായ രീതികൾ അവലംബിച്ചു തുടങ്ങിയ കൃഷി പതുക്കെ പച്ചപിടിച്ചു. 2014 മുതൽ ചെറുതാഴത്തു കുരുമുളകു തൈകളുടെ വിൽപന സമിതി നേരിട്ടു നടത്തി തുടങ്ങി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നായി 1646 കർഷകരാണ് ഇന്നു ചെറുതാഴം കുരുമുളക് ഉൽപാദക കമ്പനി ലിമിറ്റഡിൽ അംഗങ്ങളായുള്ളത്. 350 ഏക്കറിലധികം സ്ഥലത്താണു കൃഷി. 25 സെന്റ് മുതൽ മുകളിലേക്കു കൃഷിയുള്ള കർഷകരാണ് ആദ്യം സമിതിയിൽ അംഗങ്ങളായത്. 

 

തളിരിടും നഴ്സറി 

ചെറുതാഴം കർഷകസമിതി ഡയറക്ടർ ബോർഡ് യോഗം

 

ചെറുതാഴത്തിനടുത്ത് ഒറന്നിടത്തുചാലിലെ നഴ്സറി, വിപുലീകരണത്തിന്റെ പാതയിലാണ്. കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്നു പരിശീലനം ലഭിച്ച ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. 2014ൽ 12,000 തൈകളാണ് ഇവിടെ ഉൽ്പാദിപ്പിച്ചത്. അത് 2016ൽ 39,000 ആയി ഉയർന്നു. 

 

പ്രളയത്തിനു ശേഷം നഴ്സറിയുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. നിലവിൽ ഒരു ലക്ഷം തൈകൾ വരെ നൽകാനുള്ള ശേഷി കമ്പനിക്കുണ്ട്. ആവശ്യക്കാർ തേടി വരുന്ന സാഹചര്യമാണു നിലവിലുള്ളത്. 

 

ഉളിക്കൽ സ്വദേശി ടോമി എം.തോമസ് തന്റെ കുരുമുളക് തോട്ടത്തിൽ

 

വളർച്ചയുടെ പാതയിൽ

 

കർഷകരാണ് ഇവിടെ ഉടമകൾ. 10,000 രൂപ വീതം നിക്ഷേപിച്ച 98 ഷെയർ ഹോൾഡേഴ്സ് ഇതിലുണ്ട്. 100 രൂപയാണ് ഒരു ഷെയറിന്റെ വില. ഇതിൽ1000 പേരുടെ പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണു ഇപ്പോൾ നടക്കുന്നത്. കുരുമുളക് മെതിച്ചു കഴിഞ്ഞുള്ള പൊള്ളും പൊടിയും ഒഴിവാക്കിയാണു വിപണനം. കുരുമുളകു പൊടിയും കമ്പനിയുടെ പേരിൽ വിപണിയിലെത്തിക്കുന്നുണ്ട്.

 

വിപണി വിലയേക്കാൾ ഉയർന്ന വില നൽകിയാണു കമ്പനി കർഷകരിൽ നിന്നു കുരുമുളക് വാങ്ങുന്നത്. കൂടുതൽ കുരുമുളക് സംഭരിക്കാനായി ഗോഡൗൺ പോലെ സൗകര്യങ്ങൾ ഒരുക്കണം. കുരുമുളകിന്റെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി ആവശ്യക്കാർ നേരിട്ടെത്തുന്ന തരത്തിലേക്കു വളരാനുള്ള പദ്ധതികളുമായാണ് കമ്പനിയുടെ ഭാവി പ്രവർത്തനങ്ങൾ. 

 

ഇതു വരെയുളള പ്രവർത്തന മികവു കണക്കിലെടുത്തു സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ തുടർപ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്. കെവികെയും നബാർഡും നിർദേശിക്കുന്ന പ്രൊജക്ടുകൾ നടപ്പാക്കണം. 

 

കാക്കിയുടെ മേൽനോട്ടം

 

ചെറുതാഴം കുരുമുളക് സമിതി കമ്പനി ആയി റജിസ്ട്രർ ചെയ്തപ്പോൾ ചെയർമാനും എംഡിയുമായെത്തിയത് പൊലീസിൽ നിന്നു വിരമിച്ച രണ്ടു പേരാണ്. എൻ.ചന്ദ്രനാണ് ചെയർമാൻ, കെ.ദാമോദരൻ എംഡിയും. കാക്കിയുടെ കാർക്കശ്യമല്ല, പരാതികളില്ലാതെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നതിലെ മികവാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. 10 പേരടങ്ങുന്ന ഡയറക്ടർ ബോർഡാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത്.

 

രാജ്യാന്തര ശിൽപശാല

 

നൂതന കൃഷിപാഠങ്ങൾ ചർച്ചചെയ്യാനും കർഷകർക്കു ഗുണകരമാകുന്ന പദ്ധതികൾ വിഭാവനം ചെയ്യാനും സമിതി രാജ്യാന്തര ശിൽപശാല സംഘടിപ്പിക്കുന്നുണ്ട്. വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണു ശിൽപശാല. പിലാത്തറയിൽ ഈ വർഷം സെപ്റ്റംബറിലോ ഒക്ടോബറിലോ ആയി ശിൽപശാല നടത്താനാണു തീരുമാനം. വി.വി.രാജേഷ് എംഎൽഎ അധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 

 

കുരുമുളകിന് വഴിമാറിയ റബർ

 

ഉളിക്കൽ ∙ ഇത്രനാൾ സ്ഥിരവരുമാനം നൽകിക്കൊണ്ടിരുന്ന റബർ റീപ്ലാന്റ് ചെയ്യണോ അതോ ഒരു റിസ്ക് എടുക്കണോ? 4 വർഷം മുൻപ് ഉളിക്കൽ സ്വദേശി ടോമി എം.തോമസ് എടുത്ത തീരുമാനം രണ്ടാമത്തേതായിരുന്നു. 3 ഏക്കർ സ്ഥലത്ത് പൂർണമായും കുരുമുളക് കൃഷി ചെയ്യുക എന്നതായിരുന്നു അത്. 

 

കൊടിയുടെ കാലായി ശീമക്കൊന്നയും പ്ലാവും നട്ടു. ആദ്യ വർഷം 3 ഏക്കറിൽ നിന്നു ലഭിച്ചത് 46 കിലോ കുരുമുളക്. രണ്ടാം വർഷം അത് 5 ക്വിന്റൽ, 3–ാം വർഷം അത് 8 ക്വിന്റൽ. പരിപാലന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. അതുകൊണ്ടു മണ്ണു ചതിച്ചില്ല. പന്നിയൂരിന്റെ ഇനങ്ങളാണ് മൂന്നേക്കറിലും കൃഷി ചെയ്യുന്നത്. പ്ലാവ് വളർന്ന് ശിഖരങ്ങൾ തുടർച്ചയായി മുറിച്ചു നീക്കേണ്ട സാഹചര്യമുണ്ടായി. അപ്പോഴാണ് ആട് ഫാം എന്ന ആശയം മനസിൽ വരുന്നത്. പറമ്പിന്റെ അതിരിനോടു ചേർന്ന് ആട് ഫാം തയാറാക്കി. കാഷ്ഠം വളമാക്കി ഉപയോഗിച്ചു.

 

10 അടി അകലത്തിലാണ് കുരുമുളക് നട്ടിരിക്കുന്നത്. 3 ഏക്കറിലായി ആകെ 1500 ചെടികളിൽ നിന്നാണു ടോമി മികച്ച ആദായം നേടിയത്. ഒരു വിള മാത്രമായി കൃഷി ചെയ്യുന്നതു വെല്ലുവിളി ആയിരുന്നു. എന്നാൽ ആ തീരുമാനം തെറ്റിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com