ADVERTISEMENT

കാലിത്തീറ്റയായും കോഴിത്തീറ്റയായും വ്യാപകമായി ഉപയോഗിക്കുന്ന ചോളം കൃഷി കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമാകുന്നു. 4 മാസം കൊണ്ട് വിളവെടുക്കാനാകും എന്നതും വില സ്ഥിരത ഉള്ളതും കൂടുതൽ കർഷകരെ ചോളം കൃഷിയിലേക്ക് ആകർഷിക്കുന്നുണ്ട്. 

തരിശ് കിടക്കുന്ന സ്ഥലങ്ങളിൽ ചോളം കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്ന തദ്ദേശീയർക്കൊപ്പം വയനാട്ടിൽ നിന്ന് ഇഞ്ചി, വാഴ കൃഷിക്കായി എത്തുന്ന കർഷകരും ഇപ്പോൾ ചോളം കൃഷി ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ കാലിത്തീറ്റ, കോഴിത്തീറ്റ ഫാക്ടറികളിലേക്കാണ് വിളവെടുത്ത ചോളം കൊണ്ടുപോകുന്നത്. 

ചെറുകിട കർഷകർ കാളകളെ കൊണ്ട് ഉഴുത് ഒരുക്കിയ സ്ഥലത്തും വൻകിടക്കാർ ട്രാക്ടർ കൊണ്ട് പൂട്ടിയുമാണ് ചോളം നടാൻ നിലം ഒരുക്കുന്നത്. അത്യുൽപാദന ശേഷിയുള്ള വിത്താണ് നടാൻ ഉപയോഗിക്കുക. മറ്റ് കൃഷികളെ അപേക്ഷിച്ച് ജലസേചന സൗകര്യം കുറവായ സ്ഥലങ്ങളിലും ചോളം കൃഷി ചെയ്യാൻ കഴിയും. വിത്ത് മുളച്ച് വരുന്നതിനൊപ്പം ഇടയിലെ സ്ഥലം പൂട്ടി വളത്തിനൊപ്പം മണ്ണും ചേർക്കും. 

ഒരേേക്കറിൽ നിന്ന് നല്ല വിളവാണെങ്കിൽ 25 ക്വിന്റൽ വരെ ചോളം ലഭിക്കും. 700 രൂപ മുതൽ 1100 രൂപവരെയാണ് കർഷകർക്ക് ലഭിക്കുക. സ്ത്രീകളും കുട്ടികളും അടക്കമാണ് പാകമായ ചോളം വെട്ടി എടുക്കാൻ കൃഷി ഇടത്തിൽ എത്തുക. ട്രാക്ടറിൽ ഘടിപ്പിക്കുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് ചോളം പൊളിച്ച് വിൽപനയ്ക്ക്  ഒരുക്കുന്നത്. ഒരു ക്വിന്റൽ ചോളം ഒരുക്കുന്നതിന് 50 രൂപയാണ് യന്ത്രത്തിന് വാടക. ഒരുക്കി എടുക്കുന്ന ചോളം സംഭരിക്കുന്നതിന് ഒട്ടേറെ കേന്ദ്രങ്ങൾ കർണാടക ഗ്രാമങ്ങളിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com