ADVERTISEMENT

ആലപ്പുഴ ∙ നെൽവിത്തിന്റെ വിലയിൽ വരുന്ന വർധന ചെറുതാണെങ്കിലും കർഷകരുടെ ആശങ്ക വലുതാണ്. വിത്തിന്റെ വില കൂട്ടിയതല്ല അവരുടെ പ്രശ്നം. അതിന്റെ പേരിൽ അനുബന്ധ സാധനങ്ങൾക്കും വില കൂടുമോ എന്നാണ് അവരുടെ സംശയം. വളത്തിനു വില കൂടിയേക്കാം, കൂലി കൂടിയേക്കാം എന്നൊക്കെയുള്ള ആശങ്ക അസ്ഥാനത്തല്ല. ചില സ്ഥലങ്ങളിൽ ഇപ്പോൾത്തന്നെ കൂലി കൂട്ടിയിട്ടുണ്ടെന്നു കർഷകർ.

 

സംസ്ഥാന നെൽവിത്തു വികസന അതോറിറ്റിയാണു കിലോഗ്രാമിനു 2 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇനി ഒരു കിലോഗ്രാം വിത്തിനു 42 രൂപ നൽകണം. കൃഷി ഭവൻ വഴിയാണു വിത്തു നൽകുക. പുതിയ വില അതോറിറ്റി ഈടാക്കിത്തുടങ്ങി. ഏക്കറിന് 40 കിലോ വീതം വിത്ത് വിതയ്ക്കണം എന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ചിലയിടങ്ങളിൽ 32 കിലോ ആയാലും മതിയെന്നാണ്. എന്നാൽ കർഷകർ ഒരേക്കറിൽ 50 – 60 കിലോഗ്രാം വിത്തു വരെയാണു വിതയ്ക്കുന്നത്.

 

സർക്കാർ സബ്സിഡി 40 കിലോഗ്രാമിനു മാത്രമേയുള്ളൂ. കൂടുതലായി വേണ്ട വിത്ത് മുഴുവൻ വിലയും നൽകി കർഷകർ വാങ്ങുന്നു. ദേശീയ കൃഷി വികസന പദ്ധതി, സുസ്ഥിര നെൽകൃഷി വികസന പദ്ധതി, പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി എന്നിവ വഴിയാണു സബ്സിഡി നൽകുന്നത്. പ്രളയത്തിനു ശേഷമുള്ള കൃഷിക്കു സർക്കാർ 50 കിലോഗ്രാം വിത്തു സൗജന്യമായി നൽകിയിരുന്നു.

 

വില അൽപം കൂടിയാലും ഗുണമേൻമയുള്ള വിത്തു ലഭിക്കണമെന്നാണു കർഷകരുടെ ആവശ്യം. ചില വിത്തിനങ്ങളിലൂടെയാണു കുട്ടനാട്ടിൽ സാധാരണയല്ലാത്ത കളകൾ എത്തിയതെന്നും കർഷകർ സംശയിക്കുന്നു. സബ്സിഡി പണമായി നൽകി സർക്കാർ ഏജൻസികളിൽ നിന്നോ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ വിത്തു വാങ്ങാൻ അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഇപ്പോൾ സർക്കാർ ഏജൻസികളിൽനിന്നേ വിത്തു വാങ്ങാൻ അനുവാദമുള്ളൂ.

 

ഇത്തവണ പുഞ്ചക്കൃഷിയിൽ നല്ല വിളവു ലഭിച്ചതിനാൽ കൂടുതൽ കർഷകർ രണ്ടാം കൃഷിക്ക് ഒരുങ്ങുന്നുണ്ട്. ജില്ലയിൽ 30,500 ഹെക്ടറിലാണു പുഞ്ചക്കൃഷി ചെയ്തത്. കുട്ടനാട്ടിൽ മാത്രം 20,000 ഹെക്ടറിൽ. കഴിഞ്ഞ രണ്ടാം കൃഷി 10,500 ഹെക്ടറിൽ മാത്രമായിരുന്നു. അതു വെള്ളപ്പൊക്കത്തിൽ പൂർണമായും നശിച്ചു. ഇക്കുറി 12,000 – 15,000 ഹെക്ടറിൽ കൃഷിയിറക്കുമെന്നാണു കൃഷി വകുപ്പിന്റെ കണക്കുകൂട്ടൽ. രണ്ടാംകൃഷിക്കു തയാറെടുക്കുമ്പോഴും പ്രകൃതിക്ഷോഭമുണ്ടായാൽ എങ്ങനെ തരണം ചെയ്യുമെന്ന ആശങ്ക കർഷകർക്കും കൃഷി വകുപ്പ് അധികൃതർക്കുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com