ADVERTISEMENT

പന്തളം ∙ തുമ്പമൺ മാവരപ്പുഞ്ചയിൽ തരിശുപാടം ഏറ്റെടുത്തു കൃഷിയിറക്കിയവർക്കു കൊയ്യാൻ കണ്ണീർ മണികൾ മാത്രം. വേനൽ മഴയിൽ വെള്ളം കയറി കൃഷി അപ്പാടെ നശിച്ചു. പുഞ്ചയിലെ 43 ഏക്കർ തരിശുപാടത്താണ് കുട്ടനാട്ടിൽ നിന്നെത്തിയ ജയകുമാർ, അയ്യപ്പൻ നായർ, അജികുമാർ, കനകമ്മ, മീനു, അനൂഷ, ഉഷാകുമാരി, വിനോദ്, ശ്രീലേഖ എന്നിവരടങ്ങുന്ന കർഷക സംഘം കൃഷിയിറക്കിയത്. തുടക്കത്തിൽ അനുകൂലമായ കാലാവസ്ഥയായിരുന്നെങ്കിലും കൊയ്തു സമയമായപ്പോഴേക്കും വേനൽമഴ ചതിച്ചു.

 

മുഴുവൻ പാടത്തെയും കൃഷി വെള്ളത്തിലായി. കുറച്ചു കൊയ്തു കരകയറിയെങ്കിലും ബാക്കിയെല്ലാം വെള്ളത്തിലായി.ഏക്കറിനു 30,000 രൂപ ചെലവായതായി കർഷകർ പറഞ്ഞു. പാടത്ത് ഒരാൾ പൊക്കത്തിൽ നിന്ന പുല്ല് നീക്കം ചെയ്യുന്നതായിരുന്നു ഏറെ ശ്രമകരം.ട്രാക്ടർ ഉപയോഗിച്ചു കള നീക്കം ചെയ്തു പാടം ഒരുക്കി കൃഷിയിറക്കി കൊയ്യാൻ പാകമായപ്പോഴാണ് വേനൽമഴ ചതിച്ചത്.കുട്ടനാട്ടിൽ നിന്നു കൃഷിക്കെത്തിയ സംഘം വീടു വാടയ്ക്കെടുത്തു താമസിച്ചാണ് കൃഷി തുടങ്ങിയത്.

 

മാസം 8,000 രൂപയായിരുന്നു വാടക. പിന്നെ ഭക്ഷണത്തിന്റെ ചെലവ് വേറെയും. എല്ലാം വൃഥാവിലായി.വായ്പയെടുത്താണ് കർഷകരിൽ പലരും കൃഷിക്കു തുനിഞ്ഞത്. അത് എങ്ങനെ തിരിച്ചടയ്ക്കും എന്ന ആശങ്കയിലാണ് അവർ. നെല്ലു പാകമായി ഏപ്രിൽ 17ന് കൊയ്യാനിരിക്കെയാണ് അവിചാരിതമായി വേനൽ മഴ തിമർത്താടിയത്.

 

പാടത്തെ വെള്ളം ഒഴുക്കിക്കളയാൻ കഴിയാത്ത സാഹചര്യത്തിൽ കൊയ്ത്ത് യന്ത്രം ഇറക്കുന്നിനോ നിലയില്ലാക്കയത്തിൽ ഇറങ്ങി കൊയ്യുന്നതിനോ നിർവാഹമില്ലാത്ത അവസ്ഥ. കർഷകരുടെ പരാതിയെ തുടർന്നു പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫിസർ എന്നിവർ പാടശേഖരം സന്ദർശിച്ചു. തരിശു നിലത്തു പൊന്നു വിളയിക്കാൻ എത്തി എല്ലുമുറിയെ പണിയെടുത്തിട്ടും ഒരു മണി നെല്ലോ ഒരു പിടി വൈക്കോലോ പോലും ലഭിക്കാതെ വെറും കൈയോടെ കുട്ടനാടിനു മടങ്ങേണ്ട ഗതികേടിലാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com