ADVERTISEMENT

തൃശൂർ ∙ ശാസ്ത്രീയ പച്ചക്കറി കൃഷിക്ക് ഇനി ഏക. 10 പച്ചക്കറി തൈകൾ അടങ്ങുന്ന തടത്തിനോ 10 ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യുവാനോ വേണ്ട കൂട്ടാണ് ഏകയിലുള്ളത്. കേരള കാർഷിക സർവകലാശാലയാണ് ഈ പ്രകൃതി സൗഹൃദ പച്ചക്കറി കൃഷിക്കൂട്ട് പുറത്തിറക്കിയത്. പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രവും മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രവും ചേർന്നാണ് ഏക വികസിപ്പിച്ചത്. കുറഞ്ഞ സ്ഥലപരിമിതിയിലും മട്ടുപ്പാവിലും കൃഷിക്ക് ഫലപ്രദമാണ് ഇത്. 

 

ഏകയിലെ ഘടകങ്ങൾ:–

 

1. വളക്കട്ട (10 എണ്ണം). മണ്ണിരം കംപോസ്റ്റ്, ചകിരിച്ചോർ, ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, പ്രാഥമിക–ദ്വീതീയ സൂക്ഷ്മമൂലകങ്ങൾ ചേർത്ത് സമ്പുഷ്ടമാക്കിയത്.

2. കുമ്മായം– 200 ഗ്രാം

3. ട്രൈക്കോഡെർമ, സ്യൂഡോമോണസ് ജൈവ കമുൾനാശിനികൾ (100 ഗ്രാം വീതം)

4. വേപ്പണ്ണ, വെളുത്തുള്ളി, കാന്താരി മുളക് മിശ്രിതം ജൈവ കീടനാശിനി (50 ഗ്രാം)

5. മത്തി, ശർക്കര മിശ്രിതം (10 ഗ്രാം)

6. സമ്പൂർണ സൂക്ഷ്മമൂലക മിശ്രിതം (5 ഗ്രാം)

7. യൂറിയ (60 ഗ്രാം), സിങ്കിൾ സൂപ്പർ ഫോസ്ഫേറ്റും മ്യൂറേറ്റ് ഓഫ് പൊട്ടാഷും (30 ഗ്രാം വീതം)

 

വെണ്ട, വഴുതിന, മുളക്, തക്കാളി, ചീര, കുറ്റിപ്പയർ, കാബേജ്, കോളിഫ്ലവർ എന്നീ വിളകൾക്ക് ഏക ഫലപ്രദമാണ്. 

 

ഗ്രോബാഗ് തയാറാക്കുന്ന വിധം:

മേൽമണ്ണ്, ചാണകം, മണൽ. ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ തയാറാക്കിയ മിശ്രിതം 200 ഗ്രാം കുമ്മായം ചേർത്ത് ഇളക്കുക. 10 കിലോഗ്രാം കൊള്ളുന്ന പോളിബാഗിൽ മുക്കാൽ ഭാഗം മിശ്രിതം നിറച്ച ശേഷം വളക്കട്ട ഏക ബാഗിന്റെ മധ്യഭാഗത്ത് വയ്ക്കുക. പിന്നീട്  ബാഗിൽ മിശ്രിതം നിറയ്ക്കുക.

 

കൃഷി രീതി:–

 

ബാഗ് ഒന്നിടവിട്ട ദിവസം നനച്ച് ഒരാഴ്ച വയ്ക്കുക. ഒരാഴ്ച കഴിഞ്ഞ്, മുളച്ച കളകൾ പറിച്ച ശേഷം വിത്തിടുക. അല്ലെങ്കിൽ തൈ നടുക. ഒരു ബാഗിൽ ഒരു തൈ. വിത്താണെങ്കിൽ രണ്ടോ മൂന്നോ. വിത്തു മുളച്ചു കഴിഞ്ഞാൻ കരുത്തുള്ള ഒന്നു മാത്രം നിലനിർത്തി മറ്റുള്ളവ പറിച്ചുകളയുക. 

 

പരിചരണ മുറ:–

 

അടിവളം 3 പാക്കറ്റുകൾ കൂട്ടിക്കലർത്തി പത്തിലൊന്ന് ഒരു ബാഗിന് എന്ന തോതിൽ ചേർത്തുകൊടുക്കുക. ഒരാഴ്ചയ്ക്കു ശേഷം 10 ഗ്രാം ട്രൈക്കോഡെർമ ഒരു ബാഗിന് എന്ന തോതിൽ ചേർക്കുക. 2,5,7,10,12 ആഴ്ചകളിൽ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. 3,6,11 ആഴ്ചകളിൽ വേപ്പണ്ണ, വെളുത്തുള്ളി, കാന്താരി മുളക് മിശ്രിതം 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

നാലാം ആഴ്ച അടിവളം ചേർത്ത് ഒരു മാസത്തിനു ശേഷം ആദ്യ മേൽവളത്തിന്റെ പത്തിലൊന്ന് ഒരു ബഗിന് എന്ന തോതിൽ ഇട്ടുകൊടുക്കുക. മത്തി, ശർക്കര മിശ്രിതം 5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ആറാം ആഴ്ച ഇലച്ചെടികൾക്കൊഴികെ സമ്പൂർണ 5 ഗ്രാം പാക്കറ്റ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി 10 ചെടികൾക്കായി തളിക്കുക. എട്ടാം ആഴ്ച രണ്ടാം മേൽവളത്തിന്റെ പത്തിലൊന്ന് ഒരു ബാഗിന് എന്ന തോതിൽ ചേർക്കുക. മത്തി, ശർക്കര മിശ്രിതം 5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. പാക്കറ്റിന്റെ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള QR കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വിഡിയോ കണ്ട് ഉപയോഗക്രമം മനസിലാക്കാം.

 

കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിലെ ഹരിതജാലകം കൗണ്ടറിൽ 200 രൂപ നിരക്കിൽ ലഭിക്കും. ഫോൺ: 0487 2371340. email : contactatic@kau.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com