ADVERTISEMENT

നെടുങ്കണ്ടം ∙ പ്രളയത്തിനു പിന്നാലെയെത്തിയ വരൾച്ച ഏലം കൃഷിയെ തകർത്തു. പ്രളയത്തിലും വരൾച്ചയിലുമായി ജില്ലയിൽ തകർന്നത് 6000 ഹെക്ടറോളം ഏലം കൃഷി.  പ്രളയക്കെടുതിയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിലും തീവ്ര മഴയെ തുടർന്നുണ്ടായ അഴുകൽ രോഗത്തെയും തുടർന്ന് 4500 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചിരുന്നു. ഇതിനു പിന്നാലെയെത്തിയ വരൾച്ചയിൽ  1500 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഏലക്ക ഉൽപാദനത്തിൽ വൻ കുറവുണ്ടായതോടെ റെക്കോർഡ് വിലയെത്തിയിട്ടും കർഷകർക്കു പ്രയോജനമില്ല. 

 

അരയേക്കർ മുതൽ 5 ഏക്കർ വരെ കൃഷി സ്ഥലങ്ങൾ പൂർണമായും നശിച്ചു. ഇതിനു പിന്നാലെ വായ്പ എടുത്തും കടം വാങ്ങിയും പുനർ കൃഷി നടത്തിയ ഏലം കർഷകർ ആത്മഹത്യയുടെ വക്കിലായി. വലിയ വില കൊടുത്തു വാങ്ങിയ തണൽ വലകൾ വലിച്ചു കെട്ടി വെയിലിനെ പ്രതിരോധിക്കാനുള്ള ശ്രമവും, പരാജയപ്പെട്ടു. ജല സ്രോതസുകൾ വറ്റിയതിനാൽ ചെറുകിട ഏലത്തോട്ടങ്ങളിൽ നന സൗകര്യവും ഇല്ല. വെള്ളം വിലകൊടുത്തു വാങ്ങിയാണ് പല കർഷകരും ചെടി നനയ്ക്കുന്നത്.  

 

ചൂടിനെ അതിജീവിക്കുന്ന ഏലച്ചെടികളിൽ കീടങ്ങൾ കൂട്ടത്തോടെ ചേക്കേറുന്നതും കുമിൾ ബാധയും പതിവാണ്. ഉണക്കു ബാധിച്ച ചെടികൾ പിഴുത് മാറ്റി ജൂൺ മാസത്തോടെ പുതിയ കൃഷിയിറക്കുക മാത്രമാണ് പോംവഴി. ചെടി  നട്ട് ഒന്നര വർഷം കഴിഞ്ഞാലേ ഉൽപാദനം തുടങ്ങൂ. നെടുങ്കണ്ടം, ഉടുമ്പൻചോല, മാവടി, കമ്പംമെട്ട്, കരുണാപുരം, ഇരട്ടയാർ മേഖലയിലാണു വ്യാപക കൃഷിനാശം. കുരുമുളക്, കാപ്പി, വാഴ കൃഷികളും വേനലിൽ നശിക്കുകയാണ്. 

 

വിളനാശം: സഹായം വേണം

 

ഹൈറേഞ്ചിൽ 32–36 ഡിഗ്രി സെൽഷ്യസ് വരെ വേനൽച്ചൂട് ഉയർന്നതോടെയാണു ഏലം കൃഷി കരിഞ്ഞുണങ്ങിയത്. വിളകളുടെ ചുവട്ടിൽ പുതയൊരുക്കി വേനലിനെ അതിജീവിക്കാൻ  ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രളയവും, വരൾച്ചയും തകർത്ത കർഷകർക്കു അടിയന്തിര സഹായം വിതരണം ചെയ്യണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com