ADVERTISEMENT

ഏനാത്ത് ∙ പ്രളയവും വരൾച്ചയും നേരിട്ട വെറ്റില കർഷകർക്ക് വീണ്ടും പ്രതിസന്ധി. വെറ്റിലയ്ക്ക് ന്യായമായ  വില ലഭിക്കാത്തതും രോഗബാധയുമാണ് കർഷകരെ പ്രയാസത്തിലാക്കുന്നത്. പ്രളയശേഷം കൃഷി വളരെ കുറവായിരുന്നു. തുടർന്ന് വരൾച്ചയെ അതിജീവിച്ചാണ് കൃഷി പാകപ്പെടുത്തിയത്. എന്നാൽ ഒരു കെട്ടു വെറ്റിലയ്ക്ക് ഇപ്പോൾ 30 രുപ മാത്രമാണ് ലഭിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണമാണ് ഇതിനു കാരണമെന്നും കർഷകർ പറയുന്നു. പ്രളയ ശേഷം വില 200 രൂപ വരെ എത്തിയിരുന്നു. 

 

ചെലവേറുന്നു

 

ഈറയാണ് കാറ്റിലും മഴയിലും വെറ്റില കൃഷിയെ താങ്ങി നിർത്തുന്നത്. എന്നാൽ ഒരു കെട്ട് ഈറ കൃഷിയിടത്തിൽ എത്തണമെങ്കിൽ 450 രൂപ മുടക്കണം. പരമാവധി 20 എണ്ണമാണ് ഒരു കെട്ടിലുള്ളത്. 270 രൂപയാണ് ഒരു കെട്ടിന്റെ വില. പൂങ്കാവ്, തട്ട, ആലപ്പുഴ ജില്ലയിലെ താമരക്കുളം, കൊല്ലം ശാസ്താംകോട്ട എന്നിവിടങ്ങളിലെ ബാംബൂ കോർപറേഷന്റ വിപണികളിൽ നിന്നാണ് കർഷകർ ഈറ വാങ്ങുന്നത്. പലപ്പോഴും ആവശ്യത്തിന് തികയുകയുമില്ല.

 

ഇതിനൊപ്പം വളത്തിന്റെ വില വർധനയും. പ്രളയ ശേഷം മണ്ണടി താഴത്ത് ഏലായിൽ 32 സെന്റിലെ വെറ്റില കൃഷിക്ക് ഒരു ലക്ഷം രുപയോളം മുടക്കിയെന്നും എന്നാൽ ന്യായമായ വില ലഭിക്കാത്തത് സങ്കടമുണ്ടാക്കുന്നതായും പാട്ടക്കർഷകനായ സാമ്പൻ പറയുന്നു. 

 

ഇക്കുറി വേനൽമഴയ്ക്കൊപ്പം എത്തിയ കാറ്റിലും വെറ്റിലക്കൊടി നിലം പതിച്ച് നഷ്ടം നേരിട്ട കർഷകർ ഉണ്ട്. വേനലിൽ ഇലവാട്ടം, മഞ്ഞളിപ്പ്, തുടങ്ങിയ രോഗബാധയും ഉണ്ടായി.

 

ഇടനിലക്കാർക്കു നേട്ടം

 

ജില്ലയിൽ മിക്കയിടത്തും വെറ്റിലയ്ക്ക് പ്രത്യേക ചന്തകളുണ്ട്. എന്നാൽ അതിരാവിലെ ഇടനിലക്കാർ എത്തും. ചന്തയിൽ മറിച്ചു വിൽപനക്കാർ 10 പേരെങ്കിലും കാണും. ധാരണ പ്രകാരം ഇവരിൽ ആരെങ്കിലും ഒരാൾ മാത്രം എത്തി  കുറഞ്ഞ വില നൽകി കർഷകരിൽനിന്ന് വെറ്റില വാങ്ങുകയാണെന്നാണ് ആക്ഷേപം.കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്നു വാങ്ങുന്ന വെറ്റില ഇത്തരക്കാർ കടകളിൽ ഇരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. 

 

ചിലപ്പോൾ മറിച്ചു വിൽപന 150 രുപയിൽ എത്തും. ഇതിനൊപ്പം ഇതര സംസ്ഥാനങ്ങളിലെ വിപണികളിൽ എത്തിച്ച് വലിയ ലാഭം കൊയ്യാറുമുണ്ട്. ചുരുക്കത്തിൽ വെറ്റിലയ്ക്ക് വില നിശ്ചയിക്കുന്നത് ഇടനിലക്കാരാണ്. വെറ്റില വിൽപനയ്ക്ക് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ബദൽ സംവിധാനം കർഷകർ ആഗ്രഹിക്കുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com